കൊടൈക്കനാലിലേക്കാണോ? എങ്കിൽ പൂമ്പാറൈ, കൂകൽ, പൂണ്ടി വഴി വിട്ടോ, ഇൻസ്‌റ്റയിലെ വൈറൽ സ്പോട്ടുകൾ
മലയാളികൾക്ക് ഏറെ ഇഷ്‌ടമുള്ള ഹിൽ സ്‌റ്റേഷനുകളിൽ ഒന്നാണ് കൊടൈക്കനാൽ. ഒരു കാലത്ത് മലയാളികൾ വലിയൊരു പങ്കും ഇവിടെയും ഊട്ടിയിലുമായിരുന്നു അവധിക്കാലവും മധുവിധുവും ഒക്കെ ആഘോഷിച്ചിരുന്നത്. ഇന്നത്തെ മാറിയ സാഹചര്യത്തിൽ യാത്രകൾക്ക് അവസരം കൂടുകയും അതിനുള്ള സൗകര്യങ്ങൾ വർധിക്കുകയും ചെയ്തെങ്കിലും കൊടൈക്കനാലിനെ മലയാളി ഇന്നും കൈയൊഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം.
എന്നാൽ പൊതുവെ നമ്മുടെ നാട്ടുകാർ വിരസമായ യാത്രകളിൽ നിന്ന് മാറി വ്യത്യസ്‌തത തേടി പോവുന്നുണ്ട്. അത് കൊടൈക്കനാലിന്റെ കാര്യത്തിലും ശരിയാണ്. അത്തരത്തിൽ മലയാളികൾ ഏറെ ഇഷ്‌ടത്തോടെ കൊടൈക്കനാലിൽ കണ്ട് തീർത്ത, എന്നാൽ അധികമാരും അറിയാത്ത ചില ഇടങ്ങളെ കുറിച്ചാണ് ഇന്ന് പറയാനുള്ളത്. ഇൻസ്‌റ്റഗ്രാമിലും വ്ലോഗിലും ഒക്കെയായി വൈറലായ ഇടങ്ങളിൽ ചിലതാണ് ഇവ.

കൊടൈക്കനാൽ: ഒരു ആമുഖം
തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാന ഹിൽ സ്‌റ്റേഷനുകളിൽ ഒന്നായ കൊടൈക്കനാലിലേക്ക് വർഷം തോറും നിരവധി സഞ്ചാരികളാണ് എത്തിച്ചേരുന്നത്. ഒട്ടേറെ വ്യത്യസ്‌തമായ കാഴ്‌ചകൾക്ക് ഒപ്പം അവിടുത്തെ കാലാവസ്ഥയും എല്ലാവരെയും ആകർഷിക്കുന്ന കാര്യമാണ്. തടാകവും മലനിരകളും ഒക്കെയായി ഒരു പരമ്പരാഗത ഹിൽ സ്‌റ്റേഷനു വേണ്ട എല്ലാം ഒത്തിണങ്ങിയ അപൂർവം ഇടങ്ങളിൽ ഒന്ന് കൂടിയാണ് കൊടൈക്കനാൽ.
ഈ കൊടൈക്കനാലിൽ നാം വർഷങ്ങളായി കണ്ടു തീർത്ത ഒട്ടേറെ ഇടങ്ങളുണ്ട്. അതിൽ ചിലതാണ് തടാകത്തിലെ വ്യൂ പോയിന്റും ഗുണ കേവും ഒക്കെ. ഇത് കൂടാതെ ഡോൾഫിൻ നോസ് ഉൾപ്പെടയുള്ള ചില കാഴ്‌ചകളും നമ്മെ ആകർഷിക്കുന്നതാണ്. എന്നാൽ ഇതിൽ നിന്നൊക്കെ മാറി അടുത്തകാലത്തായി പ്രശസ്‌തമായ ചില ഇടങ്ങൾ നമുക്ക് നോക്കാം. അവയിൽ പ്രധാനപ്പെട്ടവയാണ് പൂമ്പാറൈ, കൂകൽ, പൂണ്ടി എന്നിവ.
പൂമ്പാറൈ
കൊടൈക്കനാലിൽ നിന്നും ഏകദേശം 18 കിലോമീറ്റർ അകലെയായാണ് പൂമ്പാറൈ എന്ന പ്രകൃതി മനോഹരമായ ഗ്രാം സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് ബസ് സർവീസുകൾ ഉൾപ്പെടെ ഉള്ളതിനാൽ യാത്ര ബുദ്ധിമുട്ടാവില്ല. കൃഷിയിടങ്ങളും ചെറിയ വീടുകളും ഒക്കെയായി ലക്ഷണമൊത്ത ഒരു മലയോര ഗ്രാമമാണ് പൂമ്പാറൈ. ഇവിടെ ധാരാളം കാഴ്‌ചകൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ക്ഷേത്രവും അതിനോട് ചേർന്ന അന്തരീക്ഷവും ഒക്കെ പഴനിയുടെ ഓർമ്മകൾ സമ്മാനിക്കും.
കൂകൽ
അതേപോലെ തന്നെ കൊടൈക്കനാലിലെ അതിമനോഹരമായ കാഴ്‌ച നൽകുന്ന മറ്റൊരു ഇടമാണ് കൂകൽ. കൊടൈക്കനാലിൽ നിന്ന് മുപ്പത് കിലോമീറ്ററിൽ അധികം ദൂരമുണ്ട് ഇവിടേക്ക്. പൂമ്പറൈ പോലെ തന്നെയുള്ള ഗ്രാമമാണ് ഇവിടവും. കണ്ടാൽ വിദേശ രാജ്യമാണ് എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഇവിടം ഫോട്ടോഗ്രാഫിക്ക് ഏറെ അനുയോജ്യമാണ്. ഇവിടുത്തെ വളരെ പ്രസിദ്ധമായ ഒരു വ്യൂ പോയിന്റ് ഇൻസ്‌റ്റഗ്രാം റീലുകളിലൂടെ വൈറലായിരുന്നു. കോടമഞ്ഞും തണുപ്പും ഒക്കെയുള്ളതാണ് ഇവിടുത്തെ കാലാവസ്ഥ.
പൂണ്ടി
കൂകൽ യാത്രക്കിടയിൽ നമുക്ക് കാണാൻ കഴിയുന്ന മറ്റൊരിടമാണ് പൂണ്ടി. അതിനോട് ചേർന്നുള്ള മന്നവന്നൂർ ഗ്രാമവും നിങ്ങൾക്ക് കാണാൻ കഴിയും. കൊടൈക്കനാലിൽ നിന്ന് നാൽപത് കിലോമീറ്റർ ദൂരമുണ്ട് പൂണ്ടിയിലേക്ക്. പൈൻ മരങ്ങൾക്ക് ഇടയിലൂടെയുള്ള യാത്ര ഒരിക്കലും വിരസമാവില്ല എന്നുറപ്പാണ്. തമിഴിൽ വെളുത്തുള്ളിക്ക് പൂണ്ട് എന്നാണ് പറയുക, അത് കൃഷി ചെയ്യുന്ന ഇടമാണ് പൂണ്ടി. ഇവിടെ റെന്റ് സ്‌റ്റേ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാണ്.












Click it and Unblock the Notifications