മൂന്നാറിൽ നിന്ന് അധികദൂരമില്ല; കൊളുക്കുമല നിങ്ങളെ ഞെട്ടിക്കും, ഉയരം കൂടുന്തോറും കാഴ്‌ചയുടെ ഭംഗിയും കൂടും
കേരളത്തിലെ ഒട്ടുമിക്ക ടൂറിസം കേന്ദ്രങ്ങളും സന്ദർശിച്ചു കഴിഞ്ഞൊരാൾ എന്തായാലും മൂന്നാറിൽ പോയിട്ടുണ്ടാവും എന്നുറപ്പാണ്. കാരണം നമ്മുടെയൊക്കെ മനസിൽ യാത്ര എന്ന് പറയുമ്പോൾ ആദ്യം ഓടിയെത്തുന്ന സ്ഥലം തന്നെ മൂന്നാർ ആയിരിക്കും. എന്നാൽ മൂന്നാറിനോട് ചേർന്നുള്ള ചില ഇടങ്ങൾ ഇപ്പോഴും പലരും കാണാൻ വിട്ടുപോവുന്നുണ്ട്. പറഞ്ഞുവരുമ്പോൾ നമ്മുടെ സംസ്ഥാനത്ത് അല്ലെങ്കിലും ഈ ഹിൽ സ്‌റ്റേഷൻ ആരുടേയും മനസ് കീഴടക്കും.
മൂന്നാറിൽ നിന്ന് അധികം ദൂരെയല്ലാത്ത കൊളുക്കുമലയെ കുറിച്ചാണ് ഈ പറഞ്ഞത്. നിങ്ങളിൽ പലരും ഈ സ്ഥലത്തെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ടാവും. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനോ സുഹൃത്തുക്കൾക്ക് ഒപ്പം നല്ല സമയം ചിലവഴിക്കാനും ഒക്കെ ഇത്രയേറെ മികച്ചൊരു ഓപ്‌ഷൻ വേറെയില്ലെന്ന് തന്നെ പറയാം.

മൂന്നാർ പോവുന്നവർ എന്തായാലും കൊളുക്കുമല കൂടി കയറാൻ ശ്രദ്ധിച്ചാൽ മാത്രം മതി. ഇനി അതല്ലാതെ കൊളുക്കുമല മാത്രം കാണാൻ പോവുന്നെങ്കിൽ അതുമാവാം. കാരണം മൂന്നാറിന്റെ നിഴലിൽ ഒതുങ്ങി പോയെങ്കിലും സാമാന്യം ആരെയും ആകർഷിക്കാൻ കഴിയുന്ന പ്രകൃതി ഭംഗിയും ആകർഷണീയതയും ഒക്കെ ഈ സ്ഥലത്തിനുമുണ്ട്.
കൊളുക്കുമല എന്ന സ്വർഗം
കേരളത്തിലെ സുപ്രധാന ടൂറിസം കേന്ദ്രമായ മൂന്നാറിനടുത്തായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടങ്ങൾ ഉൾക്കൊള്ളുന്നതാണ് തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കൊളുക്കുമല എന്ന ഗ്രാമം. മഞ്ഞുമൂടിയ താഴ്വരയും വിദൂര ദൃശ്യങ്ങളിൽ എന്ന പോലെ കാണാൻ കഴിയുന്ന തലയുയർത്തി നിൽക്കുന്ന മലനിരകളും ഒക്കെയായി മനോഹരമാണ് ഇവിടം.
സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 7130 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊളുക്കുമലയിലേക്ക് നൂറുകണക്കിന് സഞ്ചാരികളാണ് എത്താറുള്ളത്. മൂന്നാറിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ മാത്രം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തുന്ന ഭൂരിഭാഗം പേരും സൂര്യോദയമോ അസ്‌തമയമോ ഒക്കെ ആസ്വദിച്ചാണ് മടങ്ങാറുള്ളത്.
ഏക്കറുകളോളം പരന്നുകിടക്കുന്ന തേയില തോട്ടങ്ങളുടെ കാഴ്‌ച തന്നെ ആരെയും അമ്പരപ്പിക്കുന്നതാണ്. അതിന് നടുവിലൂടെയാണ് ഇവിടുത്തെ പാതകൾ ഉള്ളത്. മൂന്നാർ ടോപ് സ്‌റ്റേഷനിൽ നിന്നും ഇവിടേക്ക് ജീപ്പ് സർവീസ് ഉൾപ്പെടെയുണ്ട്. ഇവിടെ എത്തിയാൽ പിന്നെ സഞ്ചാരികൾക്ക് ഒരുപാട് സാഹസിക വിനോദങ്ങൾ ആസ്വാദിക്കാനുള്ള സൗകര്യവുമുണ്ട്.
ഹൈക്കിംഗ്, ക്യാമ്പിംഗ് എന്നിവയ്ക്കുള്ള സാധ്യതകൾ കൊളുക്കുമലയിൽ ധാരാളമാണ്. ധാരാളം ഹോം സ്‌റ്റേകൾ, റിസോർട്ടുകൾ എന്നിവയുമുണ്ട് ഈ ഭാഗത്തായി. സഞ്ചാരികൾക്ക് ആവശ്യമായ ക്യാമ്പ് ഫയർ പോലെയുള്ള സൗകര്യങ്ങൾ അവർ ഒരുക്കിത്തരും. കൂടാതെ തിപ്പാടമല ഉൾപ്പെടെയുള്ള വേറെയും വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇവിടെ നിന്നും അടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്. അവിടേക്കും നിങ്ങൾക്ക് പോകാവുന്നതാണ്.












Click it and Unblock the Notifications