ലക്ഷദ്വീപ് യാത്ര നിങ്ങൾ ഉദ്ദേശിക്കുന്ന പോലെയല്ല; പൊളി വൈബ് തന്നെയാണത്, സ്‌കൂബ ഡൈവിംഗ് പരീക്ഷിക്കാം
ഇന്ത്യക്കാർ എന്നും ഹണിമൂൺ ഉൾപ്പെടെ ആഘോഷിക്കാൻ പോവുന്ന ഒരിടമാണ് മാലിദ്വീപ്. എഷ്യൻ രാജ്യങ്ങളിലും തായ്‌ലാൻഡും മാലിദ്വീപും ബാലിയും ഒക്കെ ഇന്ത്യക്കാരുടെ ഇഷ്‌ട ഇടമാണ്. അവധിക്കാലം ആഘോഷിക്കാൻ ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കുന്നത് ഈ രാജ്യങ്ങളെയാണ്. അവയുടെ മനോഹരമായ ഭൂപ്രകൃതിയും അവിടുത്തെ രീതികളും ഒക്കെ നമ്മുടെ നാട്ടുകാരെ വല്ലാതെ ആകർഷിക്കുന്ന ഘടകമാണ്.
എന്നാൽ സമീപ കാലത്ത് മാലിദ്വീപുമായി ഉണ്ടായ ചില നയതന്ത്ര, രാഷ്ട്രീയ പ്രശ്‌നങ്ങൾ അവിടേക്കുള്ള ഭാരതീയരുടെ യാത്രകളെ വളരെയധികം പിന്നോട്ടടിച്ചു എന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്ന് കരുതി ഇന്ത്യക്കാർ യാത്ര പൂർണമായും ഒഴിവാക്കുക അല്ല ചെയ്‌തത്. അതിനോട് കിടപിടിക്കുന്ന സ്പോട്ടുകൾ കണ്ടെത്താനായിരുന്നു അവരുടെ ശ്രമം.

അങ്ങനെ അവർ അധികം ആരും എത്താത്ത ഇന്ത്യയുടെ തന്നെ ഭാഗമായ, കേരളത്തോട് അധികം ദൂരെയല്ലാതെ കിടക്കുന്ന ഒരിടം തിരഞ്ഞെടുത്തു, അതാണ് ലക്ഷദ്വീപ്. പേര് കേട്ടാൽ ലക്ഷക്കണക്കിന് ദ്വീപുകൾ ഒത്തുചേർന്ന ഇടമാണ് ഇതെന്ന് തോന്നുമെങ്കിലും കേവലം 35 ദ്വീപുകളുടെ സമൂഹം മാത്രമാണിത്. അതിൽ തന്നെ ഭൂരിഭാഗവും മനുഷ്യവാസം ഇല്ലാത്ത ലക്ഷദ്വീപ് പക്ഷേ ഭംഗി കൊണ്ടും ഭൂപ്രകൃതി കൊണ്ടും മാലിദ്വീപിനോട് കിടപിടിക്കും.
ലക്ഷദ്വീപ് എന്ന മനോഹരമായ ഭൂമി
പവിഴപ്പുറ്റുകളുടെ കാഴ്‌ചാനുഭവം നൽകുന്ന മനോഹരമായ ഇടമാണ് ലക്ഷദ്വീപ്. വെള്ളമണൽ പുതഞ്ഞു കിടക്കുന്ന ഇവിടുത്തെ തീരങ്ങൾ പക്ഷേ നിങ്ങൾ സ്വപ്‌നത്തിൽ കാണുന്ന ഇടങ്ങളെക്കാൾ മനോഹരമാണ്. ആകാശ നീല നിറത്തിൽ തിളങ്ങി നിൽക്കുന്ന കടലിന്റെ ദൃശ്യം കൂടി ചേരുമ്പോൾ ലക്ഷദ്വീപ് ഏതൊരാളും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇടമായി മാറുന്നു എന്നതാണ് സത്യം.
നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കേണ്ട ചില വിനോദ പരിപാടികളുടെ ഇടം കൂടിയാണ് ലക്ഷദ്വീപ്. സർഫിംഗ്, നീന്തൽ, കനോയിംഗ്, സ്നോർക്കലിംഗ്, സ്‌കൂബ ഡൈവിംഗ്, വാട്ടർ സ്‌കീയിംഗ്, കയാക്കിംഗ് തുടങ്ങിയവ ഇവിടുത്തെ പ്രധാന ആകർഷങ്ങളാണ്. പലപ്പോഴും കൂടുതൽ പേരും ഇവ അനുഭവിച്ചറിയാനാണ് ലക്ഷദ്വീപിലേക്ക് കപ്പൽ കയറുന്നതെന്ന് തന്നെ പറയാം. സ്‌കൂബ ഡൈവിംഗ് ഒക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കേണ്ടത് തന്നെയാണ്.
കൂടാതെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹണിമൂൺ സ്പോട്ട് ആയി മാറാനുള്ള എല്ലാ സൗകര്യങ്ങളും സാധ്യതകളും ഇവിടത്തിനുണ്ട്, എന്നാൽ ഒരു കേന്ദ്രഭരണ പ്രദേശം എന്ന നിലയിൽ ഇവിടെ വച്ചു പുലർത്തുന്ന നിയന്ത്രണങ്ങൾ മാത്രമാണ് ഏക തിരിച്ചടി. എന്തെന്നാൽ പ്രധാനമായും എളുപ്പത്തിൽ ലക്ഷദ്വീപിലേക്ക് പോവുക എന്നത് സാധ്യമല്ല, അതാണ് വെല്ലുവിളി.
ലക്ഷദ്വീപ് യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിനുള്ള എന്‍ട്രി പെര്‍മിറ്റ്, പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ആവശ്യമാണ്. സ്‌റ്റേഷനിലെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടയുള്ള രേഖകൾ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷൻ ഓഫീസിലാണ് നൽകേണ്ടത്. ശേഷം ദ്വീപ് നിവാസി സ്പോൺസർ ചെയ്യുകയും വേണം. അവിടെ എത്തിയാൽ ബന്ധപ്പെട്ട രേഖകൾ സ്‌റ്റേഷൻ ഹൗസ് ഓഫീസർക്ക് സമർപ്പിക്കണം.












Click it and Unblock the Notifications