ഓളപ്പരപ്പിലൂടെ ഒരു അടിപൊളി യാത്ര, മൺറോ തുരുത്ത് കണ്ട് വന്നാലോ? ദീപാവലി ആഘോഷിക്കാൻ പറ്റിയ ഇടം
ഓണവും പൂജ അവധിയും ഒക്കെ കഴിഞ്ഞതിന്റെ ക്ഷീണത്തിൽ ഇരിക്കുന്നവർക്ക് അടുത്ത യാത്ര പോവാനുള്ള അവസരമാണ് തെളിഞ്ഞു വരുന്നത്. ഇനി ദീപാവലിക്ക് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഒക്ടോബർ 31ന് ദീപാവലി വിരുന്നെത്തുമ്പോൾ ഈ സമയം കുറച്ച് പേരെങ്കിലും കുടുംബത്തോടൊപ്പമോ ഒറ്റയ്‌ക്കോ യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടാവും. അധികം നീണ്ട അവധി അല്ലാത്തതിനാൽ ചെറിയ യാത്രകൾ തന്നെയാണ് ഉചിതം.
അതിന് പറ്റിയൊരു ഉഗ്രൻ സ്പോട്ടിനെ കുറിച്ചാണ് ഇനി പറയാനുള്ളത്. ഹിൽ സ്‌റ്റേഷനുകളും വെള്ളച്ചാട്ടങ്ങളും ഒക്കെ മാറ്റി മറ്റൊരു വൈബ് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ലൊക്കേഷനാണ് മൺറോ തുരുത്ത്. കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ടൂറിസം കേന്ദ്രം പലരുടെയും ബക്കറ്റ് ലിസ്‌റ്റിൽ ഉൾപ്പെടുന്ന ഒരു സ്ഥലം കൂടിയാണ്.

കേരളത്തിലെ കായൽ ടൂറിസം മേഖലയിൽ ഇത്രയധികം ആരാധകരുള്ള മറ്റൊരിടമുണ്ടാവില്ല. കൊല്ലം നഗരത്തിൽ നിന്ന് കേവലം 27 കിലോമീറ്റർ ദൂരം മാറിയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പ്രദേശത്തെ പ്രധാന ജലസ്രോതസായ അഷ്‌ടമുടിക്കായലും കല്ലട നദിയും ചേരുന്ന ഇടത്താണ് മൺറോ തുരുത്ത് എന്ന പ്രകൃതി മനോഹരമായ ഭൂമി നിലകൊള്ളുന്നത്.
തെങ്ങിൻ തോപ്പുകൾ നിറഞ്ഞ, ചെറു തോടുകളാൽ സമ്പന്നമായ ഇവിടം ഒട്ടേറെ ജീവികളുടെ ആവാസവ്യവസ്ഥയാണ് ഉൾക്കൊള്ളുന്നത്. വൈവിധ്യമാർന്ന മത്സ്യ സമ്പത്തിന്റെ കേന്ദ്രം കൂടിയാണ് മൺറോ തുരുത്ത്. തിരുവിതാംകൂറിലെ പഴയ റെസിഡന്റ് ആയിരുന്ന കേണല്‍ മണ്‍റോയുടെ പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്.
ഇവിടുത്തെ പലയിടത്തായി ചിതറിക്കിടന്നിരുന്ന ഭാഗങ്ങളെ കനൽ നിർമ്മിച്ചുകൊണ്ട് ബന്ധിപ്പിച്ച മൺറോയുടെ ഓർമ്മയ്ക്കാണ് അദ്ദേഹത്തിന്റ പേര് തന്നെ നൽകിയത്. നിറയെ ചെമ്മീൻ കെട്ടുകൾക്ക് ഇടയിലൂടെ ഓളപ്പരപ്പിലെ തോണിയിലെ യാത്ര സവിശേഷമായ ഒരു അനുഭൂതി തന്നെ നിങ്ങൾക്ക് പകർന്നു നൽകും.
സൂര്യോദയവും അസ്‌തമയവും ഒക്കെ കാണാനായി നിരവധി പേരാണ് ഇവിടേക്ക് ദിനംപ്രതി വന്നു ചേരുന്നത്. ചെറുതോ വലുതോ ആയ വള്ളങ്ങളിൽ നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയും. മൂവായിരത്തിൽ അധികം കുടുംബങ്ങൾ ഇപ്പോൾ ഈ തുരുത്തിൽ അങ്ങിങ്ങായി വസിക്കുന്നുണ്ടെന്നാണ് കണക്ക്. മത്സ്യബന്ധനം തന്നെയാണ് ഇവിടുത്തുകാരുടെ പ്രധാന ഉപജീവന മാർഗ്ഗം.
ഇവിടെ വിദേശികൾ ധാരാളമായി എത്താറുണ്ട്. തദ്ദേശീയരായ ആളുകളുടെ ജീവിതവും നേരിട്ട് കണ്ടറിയുകയാണ് അവരുടെ ലക്ഷ്യം. ഒപ്പം പ്രാദേശികമായ രുചി വൈവിധ്യങ്ങൾ നേരിട്ടറിയാനും സാധിക്കും. ഇതൊക്കെയും നമുക്കും പരീക്ഷിക്കാവുന്നതാണ്. ഇവിടുത്തെ ഡച്ച് പള്ളി, കേണല്‍ മണ്‍റോയുടെ ബംഗ്ലാവ് എന്നിങ്ങനെയുള്ള കാഴ്‌ചകളും ആസ്വദിക്കാൻ വിട്ടുപോവരുത്.
ഇവിടെ എത്തിയാൽ നിങ്ങൾക്ക് താമസത്തിന് ഹോട്ടലുകൾ ഒന്നും ലഭ്യമാവാൻ ഇടയില്ല. എന്നാൽ ഹോം സ്‌റ്റേകൾ ചിലതൊക്കെയുണ്ട്. മൺറോ തുരുത്തിൽ എത്തുന്നവർ പലരും കാണാതെ പോവുന്ന മറ്റൊരു കാഴ്‌ചയുണ്ട്, അവിടെ നിന്നും അടുത്തുള്ള വേടൻചാടി മല. ഈ മലയിൽ നിന്ന് നോക്കിയാൽ നിങ്ങൾക്ക് പെരുമൺ, അഷ്‌ടമുടി, സാമ്പ്രാണിക്കോടി എന്നിങ്ങനെ വിദൂര കാഴ്‌ചകൾ ആസ്വദിക്കാം.












Click it and Unblock the Notifications