വയനാട് മുഴുവൻ കണ്ട് തീർത്തോ? എങ്കിൽ നീലിമല കയറിയാലോ, മഞ്ഞുമൂടിയ മലനിരകളുടെ അപൂർവ കാഴ്‌ച കാണാം
വയനാട്ടിലെ ഹോട്ട് ടൂറിസം ഡെസ്‌റ്റിനേഷനുകൾ ഏതൊക്കെയാണെന്ന് നമുക്കെല്ലാം സുപരിചിതമായിരിക്കും. മുത്തങ്ങ മുതൽ കുറുവ ദ്വീപ് വരെ നീണ്ടുനിൽക്കുന്ന അനേകം ടൂറിസം കേന്ദ്രങ്ങൾക്ക് ഇടയിൽ അധികമാരും അറിയാത്ത, ശ്രദ്ധിക്കാത്ത ചില ഇടങ്ങളും വയനാട്ടിലുണ്ട്. അത്തരത്തിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടങ്ങളിൽ ഒന്നാണ് നീലിമല.
പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും മനോഹരമാണ് നീലിമല വ്യൂപോയിന്റിലെ കാഴ്‌ചകൾ. നീലിമല വ്യൂപോയിന്റ് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിൽ ഒന്നാണ്. ഇവിടെ നിന്ന് നോക്കിയാൽ പ്രശസ്‌തമായ മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ അതീവ ഭംഗിയുള്ള കാഴ്‌ച്ചകൾ നിങ്ങൾക്ക് കാണാൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഇവിടുത്തെ ട്രെക്കിംഗ് അനുഭവവും വ്യത്യസ്‌തമാണ്. വയനാട്ടിൽ നിന്ന് 30 കിലോമീറ്റർ അകലെ വടുവൻചാലിന് സമീപമാണ് നീലിമല വ്യൂപോയിന്റ് സ്ഥിതി ചെയ്യുന്നത്. പ്രവേശന കവാടത്തിൽ നിന്ന്, ഒരു ജീപ്പ് നിങ്ങളെ വനത്തിനുള്ളിലേക്ക് ട്രെക്കിംഗിനായി വ്യൂപോയിന്റിലേക്ക് കൊണ്ടുപോകുന്നു. കാടിനുള്ളിലെ പാത നിങ്ങൾക്ക് പ്രത്യേകമായ ഒരു അനുഭൂതിയാവും പ്രദാനം ചെയ്യുക.
പച്ച പുതച്ച വനങ്ങളിലൂടെയും സുഗന്ധമുള്ള കാപ്പിത്തോട്ടങ്ങളിലൂടെയും നീളുന്ന ഈ പാത നിങ്ങളെ ആനയിക്കുന്നത് നീലിമലയുടെ മുകൾ ഭാഗത്തേക്കാണ്. ഇത് കടന്ന് മുകളിലേക്ക് എത്തുമ്പോൾ പർവതങ്ങളുടെ തല മേഘങ്ങളിൽ തട്ടുന്ന കാഴ്‌ചയാവും സഞ്ചാരികളെ കാത്തിരിക്കുന്നത്. കൂടാതെ അങ്ങ് ദൂരെ മീൻമുട്ടി വെള്ളച്ചാട്ടം പതഞ്ഞൊഴുകുന്നതും നമുക്ക് കാണാം.
സാഹസികത ഇഷ്‌ടപ്പെടുന്നവർ കൂടുതലായി എത്തുന്ന നീലിമല വ്യൂപോയിന്റ് വയനാടിനെ പകർത്താൻ ആഗ്രഹിക്കുന്ന ഫോട്ടോഗ്രാഫി പ്രേമികളുടെ പറുദീസ കൂടിയാണ്. കന്യാവനങ്ങളുടെ ചിത്രം ഒപ്പിയെടുക്കുന്നത് ചെയ്യുന്നത് അവിസ്‌മരണീയമായ അനുഭവമായിരിക്കും. മീൻമുട്ടി വെള്ളച്ചാട്ടം, പച്ചപ്പ് മൂടിയ മഞ്ഞിൽ പുതച്ച മലനിരകൾ, ആഴമേറിയ താഴ്‌വരകൾ എന്നിവയെ ഫ്രയിമിൽ ഒതുക്കാൻ കഴിഞ്ഞാൽ അതാണ് നിങ്ങളുടെ ഭാഗ്യം.
നീലിമല വ്യൂ പോയിന്റ് രാവിലെ 9 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ തുറന്നിരിക്കും. വർഷത്തിൽ ഏത് സമയത്തും നിങ്ങൾക്ക് ഇവിടം സന്ദർശിക്കാനാകുമെങ്കിലും, ഏറ്റവും മികച്ച കാലാവസ്ഥയുള്ള ശൈത്യകാലത്ത് (നവംബർ മുതൽ ഫെബ്രുവരി വരെ) അവിടെ പോകുന്നത് നല്ലതെന്നതാണ് വാസ്‌തവം.
നീലിമല വ്യൂ പോയിന്റിലേക്ക് പ്രവേശന ഫീസ് പൂജ്യമാണ്, എന്നാൽ ജീപ്പ് യാത്രയ്ക്ക് നിങ്ങൾ 500 നൽകണം. ഒരേ സമയം 6-7 പേർക്ക് സഞ്ചരിക്കാം എന്നതാണ് പ്രത്യേകത. ഇവിടേക്ക് വനം വകുപ്പിന്റെ അനുമതിയോടെ മാത്രമേ പ്രവേശിക്കാൻ കഴിയുകയുള്ളൂ.












Click it and Unblock the Notifications