മലരിക്കൽ ആമ്പൽപാടം കാണാൻ സഞ്ചാരികളുടെ ഒഴുക്ക്; സോഷ്യൽ മീഡിയയിൽ ട്രെൻഡായി ചിത്രങ്ങൾ
കോട്ടയം: ജില്ലയിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രങ്ങളിലൊന്നായി മാറി മലരിക്കൽ ഗ്രാമം. ഇവിടുത്തെ ആമ്പൽപ്പാടം കാണാനായി ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് എത്തി കൊണ്ടിരിക്കുന്നത്. കോട്ടയത്തെ സമീപ പ്രദേശങ്ങളിൽ നിന്ന് മാത്രമല്ല വളരെ ദൂരെ നിന്ന് പോലും ഇവിടുത്തെ ഈ പിങ്ക് വസന്തം കാണാനായി ആളുകൾ എത്തുന്നുണ്ട് എന്നതാണ് പ്രത്യേകത. സീസൺ അടുത്താൽ പിന്നെ മലരിക്കലിന് സൂപ്പർസ്‌റ്റാർ പരിവേഷം തന്നെയാണെന്ന് പറയാം.
വലിയ പാടശേഖരങ്ങളിൽ നീണ്ടു കിടക്കുന്ന പിങ്ക് ആമ്പൽ പൂക്കളുടെ കാഴ്‌ച അതിമനോഹരം എന്ന് തന്നെ പറയണം. നിലവിൽ നിരവധി പേരാണ് ഇവിടേക്ക് റീൽസ് ഷൂട്ട് ചെയ്യാനും ഫോട്ടോഷൂട്ടുകൾ നടത്താനും ഒക്കെ എത്തുന്നത്. പ്രീ വെഡിംഗ് ഷൂട്ടുകളുടെയും സേവ് ദി ഡേറ്റ് പരിപാടികളും ഒക്കെയായി ആളുകൾ വന്നു നിറയുകയാണ് മലരിക്കലിൽ.

കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ അറുനൂറ് ഏക്കറോളം വരുന്ന പാടശേഖരത്തിലാണ് ഈ ആമ്പൽ വസന്തം വിരിഞ്ഞു നിൽക്കുന്നത്. ആഗസ്‌റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് പ്രധാനമായും ഈ കാഴ്‌ച നിങ്ങൾക്ക് കാണാൻ കഴിയുക. ഇക്കുറി ഒക്ടോബർ പകുതി വരെ ഇതിനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇവിടുത്തെ ആമ്പൽപ്പാടം ദൂരെ നിന്ന് കാണുക മാത്രമല്ല നിങ്ങൾക്ക് അതിലൂടെ വള്ളത്തിൽ സഞ്ചരിക്കാനുള്ള അവസരവുമുണ്ട്. ചെറിയ തുക കൊടുത്താൽ നിങ്ങൾക്ക് വള്ളങ്ങൾ കിട്ടും. നിലവിൽ ഇവിടെ നൂറിലധികം വള്ളങ്ങൾ ഉണ്ടെന്നാണ് കണക്ക്. മണിക്കൂറിന് 100 രൂപ നൽകി നിങ്ങൾക്ക് വള്ളത്തിൽ ചുറ്റികറങ്ങാം.
കൂടാതെ ട്രെൻഡിംഗ് ആയി മാറിയിരിക്കുന്ന ചിത്രങ്ങളും എടുക്കാൻ മറക്കരുത്. മലരിക്കലിൽ എത്തിയാൽ കൈയിൽ ആമ്പൽ പൂ പിടിച്ചുള്ള സിഗ്നേച്ചർ പോസ് നിർബന്ധമാണ്. ഇത്തവണ മലരിക്കലിൽ ആമ്പൽപാടങ്ങൾ സജീവമായതോടെ ടൂറിസത്തിനും ജീവൻ വച്ചിരിക്കുകയാണ്. ലക്ഷങ്ങളുടെ വരുമാനം ഗ്രാമത്തിന് ഇതിലൂടെ ലഭിക്കുന്നത്.
രാവിലെയും വൈകീട്ടുമാണ് ഈ കാഴ്‌ച കാണാൻ ഏറ്റവും അനുയോജ്യമായ സമയം. രാവിലെയാണെങ്കിൽ ആമ്പൽപ്പാടങ്ങളുടെ പശ്ചാത്തലത്തിൽ സൂര്യൻ ഉദിച്ചുയരുന്നതും വൈകീട്ട് അസ്‌തമയത്തിന്റെ കാഴ്‌ചകളും കാണാൻ കഴിയും. നിലവിൽ ഇവിടെ ഡിടിപിസി ഒരുപാട് പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. ഭാവിയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ ഇവിടെ എത്തിക്കാനാണ് അവരുടെ ശ്രമം.
ഇനി മലരിക്കൽ പാടത്തേക്ക് എത്തുന്നവർക്ക് മറ്റൊരു യാത്ര നടത്താൻ കൂടി സമയം ഉണ്ടെങ്കിൽ അനുയോജ്യമായ ഒരിടമുണ്ട് അടുത്ത് തന്നെ. കോട്ടയത്തെ ഏറ്റവും മികച്ച ടൂറിസം സെന്റർ ആയിട്ടുള്ള കുമരകം തന്നെയാണത്. വേമ്പനാട് കായലിന്റെ ഭംഗിയും സൗന്ദര്യവും അടുത്തറിയാൻ ഈ യാത്ര നിങ്ങളെ സഹായിക്കും.












Click it and Unblock the Notifications