പൂനെയിൽ നിന്നുള്ള വിനോദയാത്ര പൊളിക്കും; നാല് വന്ദേഭാരത് ട്രെയിനുകൾ കൂടി, റൂട്ടും ടിക്കറ്റ് നിരക്കും അറിയാം
പൂനെ: ഇന്ത്യൻ റെയിൽവേയുടെ അടുത്ത കാലത്ത് നടപ്പാക്കിയ ഏറ്റവും മികച്ച പരിഷ്‌കാരങ്ങളിൽ ഒന്നാണ് വന്ദേ ഭാരത് ട്രെയിനുകളുടെ വരവ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇവ യാത്രക്കാരുടെ മനസ്സിൽ ഇടംപിടിച്ചുവെന്നതാണ് ഇവയുടെ യഥാർത്ഥ വിജയം. മഹാരാഷ്ട്രയിലെ വൻ നഗരങ്ങളിൽ ഒന്നായ പൂനെയുടെ ടൂറിസം സ്വപ്‌നങ്ങൾക്ക് ചിറക് മുളപ്പിച്ചു കൊണ്ട് നാലോളം സർവീസുകളാണ് പുതുതായി റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിൽ മൂന്ന് വന്ദേ ഭാരത് ട്രെയിനുകളാണ് സെൻട്രൽ ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ പൂനെയിലേക്ക് സർവീസ് നടത്തുന്നത്. അതിനൊപ്പം നാലെണ്ണം കൂടി ചേരുമ്പോൾ ഇവിടേക്കുള്ള വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം ഏഴായി ഉയരും. നിലവിൽ കൊൽഹാപൂർ, മുംബൈ-സോലാപൂർ, ഹൂബ്ലി എന്നിവിടങ്ങളിലേക്കാണ് വന്ദേ ഭാരത് സർവീസുകൾ നടത്തുന്നത്.

ഇതിനൊപ്പമാണ് നാല് പുതിയ സെമി ഹൈസ്‌പീഡ് ട്രെയിനുകൾ കൂടി ഇവിടെ അവതരിപ്പിക്കുന്നത്. ഷെഗാവ്, ബറോഡ, സെക്കന്തരാബാദ്, ബെൽഗാം എന്നിവിടങ്ങളിലേക്കാണ് ഈ സർവീസുകൾ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രാജ്യത്തെ ടൂറിസം രംഗത്തിന് വലിയ മുതൽകൂട്ടാവും ഈ സർവീസുകൾ എന്ന് ഒറ്റനോട്ടത്തിൽ തന്നെ നമുക്ക് പറയാൻ കഴിയും. പൂനെയിൽ നിന്നും പൂനെയിലേക്ക് തിരിച്ചും ടൂറിസ്‌റ്റുകൾ ഒഴുകാൻ ഈ നീക്കം തുണയാകും.
ടൂറിസത്തിന് എങ്ങനെ ഗുണമാവും?
മഹാരാഷ്ട്രയിലെ മറ്റൊരു സുപ്രധാന ഇടമാണ് ഷെഗാവിലെക്ക് പൂനെയിൽ നിന്നും സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമാണ് ഇത്. അജനൻ മഹാരാജ് ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകർഷണം. അതുകൊണ്ട് തന്നെ ഇവിടേക്കുള്ള സർവീസിലൂടെ ഇപ്പോൾ പോവുന്ന സഞ്ചാരികളുടെ എണ്ണം ഗണ്യമായി ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പട്ടികയിലെ മറ്റൊരു ഇടമായ ബറോഡയും ഒട്ടും പിന്നിലല്ല. ഗുജറാത്തിലെ തന്നെ ഏറ്റവും മികച്ച ഇടങ്ങളിൽ ഒന്നാണിത്. ലോകത്തിലെ ഏറ്റവും വലിയ വസതികളിൽ ഒന്നായ ലക്ഷ്‌മി വിലാസ് പാലസ് ഉൾപ്പെടെ ഒട്ടേറെ കാഴ്‌ചകളുണ്ട് ഇവിടെ. കൂടാതെ ബറോഡയിൽ മ്യൂസിയം, സായാജി ബൗഗ് മൃഗശാല എന്നിങ്ങനെ ഒട്ടേറെ കാഴ്‌ചകൾ വേറെയുമുണ്ട്.
മറ്റൊരു സർവീസ് നടത്തുന്ന സെക്കന്ദരാബാദിലേക്കാണ്. ഹൈദരാബാദ് പോലെ തന്നെ അതിമനോഹരമാണ് ഇവിടം, കൂടാതെ ഒട്ടേറെ ടൂറിസം ആകർഷണങ്ങൾ ഇവിടെ യാത്രക്കാരെ കാത്തിരിക്കുന്നുണ്ട്. ഹുസൈൻ സാഗർ തടാകം, ബിർള മന്ദിർ, കൂടാതെ മറ്റ് ക്ഷേത്രങ്ങൾ, ചർച്ചുകൾ എന്നിവ ഇവിടെ യാത്രക്കാർക്ക് കാഴ്‌ചയുടെ വിസ്‌മയം.
നാലാമത്തെ സർവീസ് ആരംഭിക്കുന്ന ബെൽഗാമും ഒട്ടും മോശമല്ല. കർണാടകയിലെ സവിശേഷമായ ഇടങ്ങളിൽ ഒന്നാണിത്. ഗോകക് വെള്ളച്ചാട്ടം, ബെൽഗാം കോട്ട, ജൈന ക്ഷേത്രം കമൽ ബസ്‌തി എന്നിങ്ങനെ ചെറുതും വലുതുമായി ഒട്ടേറെ കാഴ്‌ചകളുണ്ട് ഇവിടെ, കൂടാതെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും.
ടിക്കറ്റ് നിരക്കും, മറ്റ് വിവരങ്ങളും
ആഴ്‌ചയിൽ മൂന്ന് ദിവസമായിരിക്കും ഇവയുടെ സർവീസ്, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാവും ഇത്. പൂനെ-കോലാപ്പൂർ, കോലാപ്പൂർ-പൂനെ ട്രെയിൻ നിരക്ക് ടിക്കറ്റിന് 560 രൂപയും എക്‌സിക്യൂട്ടീവിന് 1135 രൂപയുമാണ് നിലവിലുള്ളത്. ഇതിന് സമാനമായ നിരക്കുകളാവും പുതിയ സർവീസുകളിലും ഉണ്ടാവുക. ആനുപാതികമായി ദൂരം കൂടുന്നതിന് അനുസരിച്ച് ടിക്കറ്റ് നിരക്ക് കൂടുമെന്ന് മാത്രം.












Click it and Unblock the Notifications