ഗോവയോട് നോ പറഞ്ഞ് വിദേശികൾ, ഒറ്റയടിക്ക് 5 ലക്ഷം പേരുടെ കുറവ്..! കാരണം 'ടാക്‌സി മാഫിയ'യുടെ വിളയാട്ടം?
പനാജി: ഇന്ത്യയെ ലോകത്തിലെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇടങ്ങളിൽ ഒന്നാണ് ഗോവ. ഒരു ചെറു സംസ്ഥാനം ആയിരുന്നിട്ട് കൂടി ടൂറിസം രംഗത്ത് ഗോവ ഉണ്ടാക്കിയ നേട്ടങ്ങൾ പലർക്കും സ്വപ്‌നം മാത്രമായിരുന്നു. ആഭ്യന്തര-വിദേശ ടൂറിസ്‌റ്റുകൾ വലിയ രീതിയിൽ എത്തി കൊണ്ടിരുന്ന ഒരിടം കൂടിയാണ് ഗോവ. എന്നാൽ കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി പക്ഷേ ഗോവയുടെ ടൂറിസം രംഗം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്.
ഗോവൻ ജനതയുടെ വലിയ വരുമാനം മാർഗമായ, ടൂറിസം രംഗത്തെ കുതിപ്പിന് കാരണമാവുന്ന വിദേശ ടൂറിസ്‌റ്റുകൾ ഗോവയിലേക്ക് വരാൻ മടി കാണിക്കുന്നു എന്നതാണ് ഈ പ്രതിസന്ധി. പലപ്പോഴും നാം പ്രതീക്ഷിക്കാത്ത തരത്തിലേക്കുള്ള ഇടിവാണ് ഗോവയിൽ എത്തുന്ന വിദേശികളുടെ എണ്ണത്തിൽ കോവിഡ് മഹാമാരിക്ക് ശേഷം ഉണ്ടായിരിക്കുന്നത് എന്നതാണ് യാഥാർഥ്യം.

ഇന്ത്യയിലെ മറ്റേതൊരു ടൂറിസം കേന്ദ്രത്തെക്കാളും ഗോവയുടെ ആഗോള സ്വീകാര്യത അധികമാണ് എന്നിരിക്കെയാണ് ഇത്തരത്തിലൊരു ഞെട്ടിക്കുന്ന കണക്ക് പുറത്ത് വരുന്നത്. കോവിഡ് കാലത്ത് പൂർണമായും അടച്ചിട്ട ടൂറിസം മേഖല അടുത്ത കാലത്താണ് പഴയ നിലയിലേക്ക് പൂർണമായും തിരിച്ചുവന്നത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ക്രമാനുസൃതമായ വർധന കഴിഞ്ഞ കാലങ്ങളിൽ രേഖപ്പെടുത്തി.
എന്നാൽ ഇതോടൊപ്പം വിദേശ ടൂറിസ്‌റ്റുകളുടെ എണ്ണത്തിൽ കാര്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്റെ വലിയ വരുമാന ശ്രോതസ് തന്നെയാണ് ടൂറിസം മേഖലയും അതിനോട് അനുബന്ധിച്ചുള്ള വ്യവസായങ്ങളും. അവിടെയാണ് വിദേശികളുടെ വരവ് ഗണ്യമായി കുറയുന്നത് ഗോവൻ സർക്കാരിനെയും കാര്യമായി അലട്ടുന്നത്.
പല ഘടകങ്ങളാണ് ഇതിനെ സ്വാധീനിക്കുന്നതായി കരുതപ്പെടുന്നത്. ഗോവയിലെ വിവിധ സേവനങ്ങളുടെ ചിലവ്, സുരക്ഷയിലെ പ്രശ്‌നങ്ങൾ, അടിസ്ഥാന സൗകര്യത്തിലെ പോരായ്‌മകൾ മുതൽ ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ വരെ നിലവിലെ ഇടിവിന് കാരണമായി വിലയിരുത്തുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നടക്കുന്ന യുദ്ധങ്ങളും, സംഘർഷങ്ങളും ഒക്കെ സഞ്ചാരികളെ പിന്നിലേക്ക് വലിക്കുന്ന ഘടകങ്ങൾ തന്നെയാണ്.
9 ലക്ഷത്തിൽ നിന്ന് 4 ലക്ഷത്തിലേക്ക് കൂപ്പുകുത്തി എണ്ണം
നേരത്തെ കോവിഡ് മഹാമാരിക്ക് മുൻപ് 2019ൽ ഏകദേശം 9.4 ലക്ഷം വിദേശികളാണ് ഗോവ സന്ദർശിക്കാൻ എത്തിയത്. എന്നാൽ ഈ വർഷം അത് കേവലം നാല് ലക്ഷമായി ഇടിഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെയാണ് ആശങ്ക വർധിക്കുന്നത്. കോവിഡ് മാറി ലോകമെമ്പാടും ടൂറിസം രംഗം പഴയ നിലയിലേക്ക് തിരിച്ചു പോവുമ്പോഴാണ് ഗോവ ഈ മോശം നിലയിൽ തുടരുന്നത്.
കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഏകദേശം 60 ശതമാനത്തിന്റെ ഇടിവുണ്ടായി എന്നാണ് ഇത് വ്യക്തമാക്കുന്നത്. 2022ൽ ഈ ഇടിവ് 80 ശതമാനത്തോളം എത്തുന്ന സാഹചര്യവുമുണ്ടായി. ഇതോടെയാണ് എന്തൊക്കെയാണ് പ്രധാനമായും സഞ്ചാരികളെ ഗോവയിൽ നിന്ന് അകറ്റുന്നത് എന്നതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാവുന്നത്.
ടാക്‌സി മാഫിയ വൻ വെല്ലുവിളി
സംസ്ഥാനത്തെ ടൂറിസം രംഗത്തെ തകർക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ് ടാക്‌സി മാഫിയയുടെ പ്രവർത്തനം. ശക്തരായ ഈ ഗ്രൂപ്പുകൾ ഇവിടേക്ക് എത്തുന്ന ആഭ്യന്തര-വിദേശ ടൂറിസ്‌റ്റുകളെ ചൂഷണം ചെയ്യുന്നതിൽ കുപ്രസിദ്ധി നേടിയിട്ടുണ്ട്. പലപ്പോഴും യാത്രക്കാരെ ഇവിടേക്ക് വരുന്നതിൽ നിന്ന് അകറ്റുന്നതിൽ ഇവർക്ക് വലിയ പങ്കുണ്ടെന്നാണ് ആരോപണം.
ഉയർന്ന നിരക്കുകൾ ഈടാക്കുകയും മതിയായ സൗകര്യങ്ങൾ നൽകാതിരിക്കുകയും ചെയ്യുക ടാക്‌സി ഡ്രൈവർമാരുടെ പതിവാണെന്നാണ് ആരോപണം. ഇതും വിദേശ ടൂറിസ്‌റ്റുകളെ അകറ്റുന്ന ഘടകങ്ങളിൽ പ്രധാനമാണ്. പല വിദേശികളും ഇത്തരം ചൂഷണങ്ങൾക്ക് ഇരയായതായി നേരത്തെ പരാതി ഉയർത്തിയിരുന്നു. ഇതോടെ ഇവരെ നിയന്ത്രിക്കണം എന്ന ആവശ്യവും ശക്തമാവുകയാണ്.












Click it and Unblock the Notifications