നീലഗിരിയുടെ നിഗൂഢ സൗന്ദര്യം പേറിയ 'ഗൂഡല്ലൂർ'; ക്രിസ്‌മസ് അവധി ഇവിടെയാക്കാം, ഊട്ടിയിലും കയറാം...
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ടൂറിസം ലൊക്കേഷനുകളിൽ ഒന്നാണ് ഊട്ടി. നീലഗിരി കുന്നുകളുടെ മനോഹാരിതയിൽ മയങ്ങാത്ത ആരും തന്നെ ഉണ്ടാവില്ല. ഊട്ടി ഉൾപ്പെടുന്ന നീലഗിരിയിലെ പ്രദേശങ്ങൾ എന്നും ടൂറിസത്തിന് വളക്കൂറുള്ള മണ്ണായിരുന്നു. ഈ മേഖലയുടെ പ്രത്യേകത എന്തെന്നാൽ മൂന്ന് സംസ്ഥാനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ അടുത്തടുത്തായി ഉണ്ടെന്നതാണ്.
കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ പശ്ചിമ ഘട്ടത്തെ പങ്കുവയ്ക്കുമ്പോൾ ഇവിടം അക്ഷരാർത്ഥത്തിൽ ഒരു ടൂറിസം ഹബ്ബ് തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ നീലഗിരി കുന്നുകളിൽ അധികം അറിയപ്പെടാത്ത ഇടങ്ങളുമുണ്ട്. വടക്കൻ കേരളത്തിൽ ഉള്ളവരുടെ ഇഷ്‌ട കേന്ദ്രങ്ങൾ കൂടിയാണ് ഇവയിൽ പലതുമെന്നതും വാസ്‌തവമാണ്.

മസിനഗുഡിയും, ഗോപാലസ്വാമി ഹിൽസും അത്തരത്തിൽ ഉള്ള ഇടങ്ങളാണ്. അതിൽ നിന്നൊക്കെ മാറി ഊട്ടിയോട് ചേർന്ന് കിടക്കുന്ന മേഖലയാണ് ഗൂഡല്ലൂർ. അതിമനോഹരമായ മലയോര പട്ടണമാണ് ഇത്. പലരും സൗകര്യപൂർവം ഒഴിവാക്കുന്നതും എന്നാൽ കാണാൻ ഏറെയുള്ളതുമായ ഗൂഡല്ലൂരിന്റെ വിശേഷങ്ങൾ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം.
ഗൂഡല്ലൂർ എന്ന മനോഹരി
നീലഗിരി ജില്ലയുടെ കവാടമാണ് യഥാർത്ഥത്തിൽ ഗൂഡല്ലൂർ. കൂടുന്ന ഊര് എന്ന അർത്ഥത്തിലാണ് ഗൂഡല്ലൂർ എന്ന് ഇവിടത്തെ വിളിക്കുന്നത്. തമിഴ്‌നാട്ടിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും മൂന്ന് സംസ്ഥാനങ്ങളെ തൊട്ട് കിടക്കുന്ന മേഖലയാണ് ഇത്. കേവലം ഒരു മണിക്കൂർ യാത്ര കൊണ്ട് ഇവിടെ നിന്ന് കേരളത്തിലേക്കും, കർണാടകയിലേക്കും എത്താമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
കർണാടക, തമിഴ്‌നാട്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മൈസൂർ, ഊട്ടി, കോഴിക്കോട് നഗരങ്ങളുടെ സംഗമസ്ഥാനത്താണ് ഗൂഡല്ലൂർ സ്ഥിതി ചെയ്യുന്നത്. ഇതിനോട് ചേർന്ന് ധാരാളം ടൂറിസം കേന്ദ്രങ്ങളുണ്ട്. ഗൂഡല്ലൂരിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മുതുമല കടുവാ സങ്കേതത്തിലേക്കുള്ള യാത്ര വ്യത്യസ്‌ത അനുഭവമായിരിക്കും.
പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന മുതുമല റിസർവ്, കടുവ, പുള്ളിപ്പുലി, ഇന്ത്യൻ ഗൗർ, ഏഷ്യൻ ആനകൾ തുടങ്ങിയ വന്യമൃഗങ്ങളെ കാണാൻ കഴിയുന്ന സ്ഥലമാണ്. ഇതിന് പുറമെ മൈസൂരിൽ നിന്ന് ഊട്ടിയിലേക്കുള്ള റോഡിൽ ഗൂഡല്ലൂരിനടുത്തുള്ള മറ്റൊരു ആകർഷണമാണ് നീഡിൽ റോക്ക് വ്യൂപോയിന്റ്. ഇത് ഗൂഡല്ലൂർ, മുതുമല നാഷണൽ പാർക്ക്, ബന്ദിപ്പൂർ എന്നിവയുടെ മനോഹരമായ കാഴ്‌ച ഒരുക്കുന്നു.
ഗൂഡല്ലൂർ-ഗുണ്ടൽപേട്ട് വഴിയിലൂടെയാണ് നിങ്ങളുടെ യാത്രയെങ്കിൽ അതൊന്ന് ആസ്വദിക്കേണ്ടത് തന്നെയാണെന്ന് പറയാതെ വയ്യ. മലപ്പുറം ജില്ലയിലൂടെ വരുന്നവർക്ക് നാടുകാണി ചുരം കയറി ഇവിടേക്ക് എത്താം. ഊട്ടിയും അടുത്തയതിനാൽ അവിടേക്ക് പോവേണ്ടവർക്ക് എളുപ്പമെത്താനും കഴിയും. കോഴിക്കോട്, മൈസൂരു, ഊട്ടി എന്നീ ഇടങ്ങളിലേക്ക് ബസ് സർവീസ് ഇവിടെ നിന്ന് ഉണ്ടാവും.












Click it and Unblock the Notifications