കല്ലിൽ കൊത്തിയ മഹാത്ഭുതം 'ഹംപി'; ഈ ചരിത്ര നഗരം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ പിന്നെ...
ജീവിതത്തിലെ പലവിധ പ്രശ്‌നങ്ങളിൽ നിന്ന് അൽപമെങ്കിലും സമയം മാറി നിൽക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. നമ്മളുടേതായ കുറച്ച് സമയം നമുക്കായി മാറ്റിവയ്ക്കാൻ കൊതിക്കുന്നവർ. കാടും മലയും അരുവികളും മാത്രമല്ല നമുക്ക് പോവാൻ പറ്റിയ ഇടങ്ങളെന്ന് ഇപ്പോഴും മനസിലാവാത്ത ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്.
യാത്രകൾ പലപ്പോഴും പുതിയ ജീവിതങ്ങളും, നമുക്കറിയാത്ത ചില കാര്യങ്ങൾ അറിയാനും കൂടിയുള്ളതാവണം എന്നാഗ്രഹിക്കുന്നവർക്ക് പോവാൻ ഒരുപാട് ഇടങ്ങളുണ്ട്. അതിലൊന്നാണ് കർണാടകയിലെ ഏറ്റവും പ്രശസ്‌തമായ ടൂറിസം ഡെസ്‌റ്റിനേഷനുകളിൽ ഒന്നായ ഹംപി. പോയ കാലത്തിന്റെ ചരിത്രം തേടാൻ നിങ്ങളൊരു യാത്ര നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഹംപി ഒരിക്കലും നിരാശപ്പെടുത്തില്ല.

എത്താനുള്ള മാർഗങ്ങൾ
കർണാടകയിലെ ഏറ്റവും പ്രധാന മേഖലകളിൽ ഒന്നായ ഹുബ്ലിയിൽ നിന്ന് 160 കിലോമീറ്റർ കിഴക്കും ബെല്ലാരിയിൽ നിന്ന് അറുപത്തിയഞ്ചോളം കിലോമീറ്റർ വടക്കുപടിഞ്ഞാറുമായി തുംഗഭദ്രനദിയുടെ തെക്കേക്കരയുടെ മടിത്തട്ടിലാണ് ഹംപി എന്ന പുരാതന നഗരം സ്ഥിതി ചെയ്യുന്നത്. നിങ്ങൾ വിമാന മാർഗം അവിടേക്ക് പോവാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ഹൂബ്ലിയിൽ ഇറങ്ങേണ്ടി വരും എന്നതാണ് ന്യൂനത.
ബെംഗളൂരുവിൽ നിന്നും ഹൂബ്ലിയിലേക്ക് വിമാന സർവീസുകൾ ഉണ്ടെങ്കിലും പിന്നീട് റോഡ് മാർഗം 150 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടതുണ്ട്. ഇനി ട്രെയിൻ മാർഗമാണ് നിങ്ങൾ പോവാൻ ഉദ്ദേശിക്കുന്നതെങ്കിൽ അൽപം കൂടി എളുപ്പമായിരിക്കും.
ഹംപിയിൽ നിന്ന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്‌റ്റേഷനാണ് ഹോസ്പേട്ട് ജംഗ്ഷൻ (13 കിലോമീറ്റർ അകലെ), ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി വിപുലമായ ട്രെയിനുകളുടെ ശൃംഖലയിലൂടെ നന്നായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ യാത്ര സുഖകരമാവും എന്നുറപ്പാണ്. റോഡ് മാർഗമാണ് പോവുന്നതെങ്കിൽ കോഴിക്കോട് നഗരത്തിൽ നിന്നും ഏതാണ്ട് അറുന്നൂറ് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുമെന്നത് പ്രത്യേകം ഓർമ്മയിൽ വയ്ക്കണം.
ഹംപി എന്ന മഹാത്ഭുതം
വായിച്ചും പറഞ്ഞും കേട്ടതിലും എത്രയോ ഇരട്ടി അത്ഭുതങ്ങൾ ഒളിപ്പിച്ചു വച്ച ഇടമാണ് ഹംപി എന്നതാണ് സത്യം. ഏകദേശം ഏഴുന്നൂറ് വർഷങ്ങൾക്ക് മുൻപ് വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരമായിരുന്ന ഹംപി ഏതാണ്ട് അഞ്ച് നൂറ്റാണ്ടുകളോളം മണ്ണിനടിയിൽ സുഷുപ്‌തിയിലാണ്ട് കിടക്കുകയായിരുന്നു.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേന്ദ്രം കൂടിയാണിവിടം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇപ്പോൾ ഈ വിശേഷ നഗരത്തെ പരിപാലിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് നിന്നും ധാരാളം ടൂറിസ്‌റ്റുകൾ എത്തുന്ന ഇടം കൂടിയാണിത്.
ഹംപിയിലെ ആകർഷണങ്ങൾ
വിരൂപാക്ഷ ക്ഷേത്രം മുതൽ ലോട്ടസ് മഹൽ വരെ ഹംപിയിൽ കാണാനുള്ള കാഴ്‌ചകൾ ഏറെയാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് പണി കഴിപ്പിച്ച ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രം ഇന്നും ലോകത്തിന് അത്ഭുതമാണ്. ഹൊയ്‌സാല വാസ്‌തുവിദ്യയുടെ മേളനം തന്നെ നിറഞ്ഞു നിൽക്കുന്ന ഇവിടം ഹംപിയെ ലോകോത്തര നഗരമാക്കി മാറ്റുന്നു.
നൂറ്റാണ്ടുകൾ മുൻപ് ഉണ്ടാക്കിയ നഗരമാണെങ്കിലും ഹംപിയുടെ ആസൂത്രണം വളരെ മികച്ചതായിരുന്നു. തുർക്കിക്കാരും, ചൈനക്കാരും ഒക്കെ വ്യാപാര ആവശ്യത്തിനായി വന്നിറങ്ങിയ ഇവിടെ അതിനൊത്ത സൗകര്യങ്ങളും ഒരുക്കിയിരുന്നു. പാൻ-സുപാരി ബസാർ തന്നെ ഇതിന് ഉദാഹരണമാണ്. രാജ്ഞിയുടെ കൊട്ടാരം, ആനപ്പന്തി, ലോട്ടസ് മഹൽ എന്നിവ ഹംപിയുടെ പെരുമ വാനോളം ഉയർത്തുന്നു.












Click it and Unblock the Notifications