ഒരു ബോഗിക്ക് ചിലവ് 27 കോടി, വേഗത മണിക്കൂറിൽ 280 കി.മി; ഇന്ത്യയിലെ ആദ്യ ഹൈ-സ്‌പീഡ് ട്രെയിൻ ഉടൻ വരും
ന്യൂഡൽഹി: അതിവേഗ ട്രെയിൻ സർവീസുകൾ എന്ന ഇന്ത്യയുടെ ഏറെക്കാലത്തെ സ്വപ്‌നത്തിന് നിറംപകർന്ന് റെയിൽവേ. രാജ്യത്തെ ആദ്യ തദ്ദേശീയ ഹൈ-സ്‌പീഡ് ട്രെയിനുകൾ നിർമ്മിക്കാനായി റെയിൽവേ ബിഇഎംഎല്ലിന് കരാർ നൽകിയതോടെയാണ് പ്രതീക്ഷയുടെ പുതുനാമ്പുകൾ പൊട്ടിമുളക്കുന്നത്. പൂർണമായും ഇന്ത്യയിൽ തന്നെ രൂപകൽപന ചെയ്‌ത, നിർമ്മിക്കുന്ന ട്രെയിനുകളായിരിക്കും ഇവ.
ഇന്ത്യൻ റെയിൽവേയുടെ ഭാവി സ്വപ്‌നങ്ങൾക്ക് കരുത്തേകി കൊണ്ട് പരമാവധി മണിക്കൂറിൽ 280 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ കഴിയുന്ന ട്രെയിനുകളായിരിക്കും നിർമ്മിക്കുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പരമ്പരാഗത ട്രെയിൻ യാത്രയുടെ സങ്കൽപങ്ങളെ മുഴുവൻ മാറ്റി മറിക്കുന്ന രീതിയിലാകും ഇവയുടെ രൂപകൽപന എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പൂർണ്ണമായും എയർകണ്ടീഷൻ ചെയ്‌ത നിലയിലുള്ള കോച്ചുകളാവും ഈ ട്രെയിനിൽ ഉണ്ടാവുക. സുഖകരവും ആസ്വാദ്യകരവുമായ യാത്രാനുഭവം ഉറപ്പുനൽകുന്ന പുഷ്ബാക്ക് സീറ്റുകൾ, യാത്രക്കാർക്ക് മറ്റ് പ്രത്യേക സൗകര്യങ്ങൾ, ഓൺബോർഡ് ഇൻഫോടെയ്ൻമെന്റ് സേവനങ്ങൾ എന്നിവ ഈ ട്രെയിനിൽ ലഭ്യമാക്കും എന്നാണ് സൂചന. ഇതോടെ വിദേശനിലവാരത്തിലുള്ള സംവിധാനങ്ങൾ ഇവിടെയും എത്തുമെന്ന് ഉറപ്പാണ്.
ഏറെക്കാലമായി ഇന്ത്യയുടെ തദ്ദേശീയ ഹൈ-സ്‌പീഡ് ട്രെയിനുകളെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതിന് കൂടുതൽ കരുത്ത് പകരുന്നതാണ് പുതിയ കരാർ എന്ന് നിസംശയം പറയാം. രണ്ട് അതിവേഗ ട്രെയിൻസെറ്റുകളുടെ രൂപകൽപ്പന, നിർമ്മാണം, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കായി ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയിൽ (ഐസിഎഫ്) നിന്ന് ബിഎംഎംഎൽ ലിമിറ്റഡ് കരാർ നേടിയതോടെയാണ് വീണ്ടും സജീവമാകുന്നത്.
വൻതുക മുടക്കിയാണ് ഈ ട്രെയിനുകൾ നിർമ്മിക്കാൻ ഒരുങ്ങുന്നത്. ഒരു ട്രെയിൻ സെറ്റിന് 8 കാറുകൾ വീതമാവും ഉണ്ടാവുക. ഒരു കാറിന് 27.86 കോടി രൂപയാണ് നിർമ്മാണ ചിലവ്. ഇതോടെ ആകെ കരാർ മൂല്യം 866.87 കോടി രൂപയായിരിക്കും. ഇതിൽ മറ്റ് സേവനങ്ങളും ഉൾപ്പെടുന്നു. അത് വഴി ഭാവിയിലെ മറ്റ് അതിവേഗ ട്രെയിനുകൾക്കും കരാർ മുതൽക്കൂട്ടാകും എന്നാണ് വിലയിരുത്തൽ.
ബിഇഎംഎല്ലിന്റെ ബെംഗളൂരു റെയിൽവേ കോച്ച് സമുച്ചയത്തിലാണ് ട്രെയിൻസെറ്റുകൾ നിർമ്മിക്കുക എന്നാണ് അറിയിച്ചിരിക്കുന്നത്. 2026 അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കി റെയിൽവേക്ക് കൈമാറാനാണ് അവരുടെ നീക്കം. മണിക്കൂറിൽ 280 കിലോമീറ്റർ ആയിരിക്കും ഇവയുടെ പരമാവധി വേഗത എങ്കിലും പ്രവർത്തന വേഗത 250 കിലോമീറ്റർ മാത്രമായിരിക്കും.
ആദ്യം മുംബൈ-അഹമ്മദാബാദ് അതിവേഗ പാതയിലാവും ഇവ സർവീസ് നടത്തുകയെന്നാണ് ലഭ്യമായ വിവരം. 2026 ഡിസംബറിലാവും ഇവിടെ സർവീസ് ആരംഭിക്കുക. ഏകദേശം 530 പേർക്ക് ഒരേസമയം സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാകും ഈ ട്രെയിനുകളുടെ ഘടന. പിന്നീട് സീറ്റുകളുടെ എണ്ണം ഉയർത്താനാണ് തീരുമാനം. പദ്ധതി വിജയിച്ചാൽ കൂടുതൽ മേഖലകളിലേക്ക് അതിവേഗ ട്രെയിനുകൾ വന്നെത്തും.












Click it and Unblock the Notifications