ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി ഒറ്റയടിക്ക് കാണാം; ഉഗ്രൻ പാക്കേജുമായി ഐആർസിടിസി, ചിലവ് അറിയാം
സാംസ്‌കാരിക ടൂറിസവും ആത്മീയ ടൂറിസവും ഒക്കെ എന്തെന്ന് ഇന്ത്യക്കാർ അറിഞ്ഞു തുടങ്ങും മുൻപേ സഞ്ചാരികളെ കൊണ്ട് നിറഞ്ഞ ഇടങ്ങളാണ് ഉത്തരാഖണ്ഡിലെ പുണ്യഭൂമികൾ പലതും. കേദാർനാഥ്, ബദ്രിനാഥ് തുടങ്ങിയ ഇടങ്ങളിൽ ഒരു വർഷം എത്തുന്ന ആളുകളുടെ എണ്ണം അത്രയേറെ അധികമാണ്. നാം ജീവിതത്തിൽ ഒരിക്കലും നേരിട്ട് കണ്ടറിയേണ്ട ഇടം തന്നെയാണ് ദേവഭൂമി എന്ന് കൂടി അറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ ഈ സ്ഥലങ്ങൾ.
ഈ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുകയും നല്ലൊരു പാക്കേജ് കാത്തിരിക്കുകയും ചെയ്യുന്ന ആളാണ് നിങ്ങളെങ്കിൽ ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്. രാജ്യത്തിൻറെ സ്വന്തം ട്രാവൽ ഏജൻസിയെന്ന് വിളിക്കാവുന്ന ഐആർസിടിസിയാണ് ഈ പാക്കേജ് ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ ചിലവിൽ കൂടുതൽ സൗകര്യങ്ങളോടെ നിങ്ങൾക്ക് കേദാർനാഥ്, ബദ്രിനാഥ്, ഗംഗോത്രി എന്നിവിടങ്ങൾ കാണാൻ കഴിയും.

തിരുവനന്തപുരത്ത് നിന്നാണ് ഈ യാത്ര പുറപ്പെടുന്നത്. ബദ്രിനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി, ഹരിദ്വാര്‍, ഋഷികേശ് എന്നീ സ്ഥലങ്ങൾ സന്ദര്‍ശിക്കുന്ന ചാര്‍ധാം വിമാനയാത്രാ പാക്കേജുമായാണ് ഐആര്‍സിടിസി ഇക്കുറി വന്നിരിക്കുന്നത്. മികച്ച സൗകര്യങ്ങളോട് കൂടിയ യാത്ര തന്നെയാണ് ഐആർസിടിസി വാഗ്‌ദാനം ചെയ്യുന്നത്.
ഹിമാലയത്തിലെ നാല് പുണ്യസ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി വര്‍ഷത്തില്‍ 6 മാസം മാത്രം നടത്തുന്ന അതിവിപുലമായ തീര്‍ത്ഥാടന യാത്രയാണ് ചാര്‍ധാം യാത്ര എന്നറിയപ്പെടുന്നത്. അതിലേക്കാണ് ഇക്കുറി യാത്രക്കാരെ ഐആർസിടിസി ക്ഷണിക്കുന്നത്. ഉത്തരാഖണ്ഡിലെ ചാര്‍ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി എന്നിവയാണ് പട്ടികയിൽ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങൾ.
മലമുകളിൽ സ്ഥിതി ചെയ്യുന്ന ഈ ആരാധനാലയങ്ങൾ എല്ലാ വർഷവും ഏകദേശം ആറ് മാസത്തേക്ക് അടച്ചിരിക്കും, വേനൽക്കാലത്ത് (ഏപ്രിൽ അല്ലെങ്കിൽ മെയ്) തുറക്കുകയും ശൈത്യകാലത്തിൻ്റെ ആരംഭത്തോടെ (ഒക്ടോബർ അല്ലെങ്കിൽ നവംബർ) അടയ്ക്കുകയും ചെയ്യും. യമുനോത്രിയിൽ നിന്ന് ആരംഭിച്ച് ഗംഗോത്രിയിലേക്ക് നീങ്ങി കേദാർനാഥിലേക്ക് പോയി ഒടുവിൽ ബദരീനാഥിൽ അവസാനിക്കുന്നു.
തീർത്ഥാടന യാത്രയായും അല്ലാതെ ഈ മേഖലയിലെ കേന്ദ്രങ്ങളുടെ സൗന്ദര്യം ആസ്വദിക്കാനും നിങ്ങൾക്ക് ഇതിൽ പങ്കുചേരാവുന്നതാണ്. എന്തെന്നാൽ ഇന്ത്യയുടെ വടക്കൻ മേഖലയിൽ കാവലായി നിവർന്നു നിൽക്കുന്ന ഹിമാലയ സാനുക്കളുടെ വിരിമാറിലൂടെയുള്ള ഈ യാത്ര ഉറപ്പായും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വ്യത്യസ്‌തമായ അനുഭവം കൂടിയായിരിക്കും. ഹരിദ്വാർ, ഋഷികേശ് എന്നീ കേന്ദ്രങ്ങളും കാണാനുള്ള അവസരമുണ്ട്.
13 ദിവസം നീണ്ടുനില്‍ക്കുന്നതാണ് യാത്ര. തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകള്‍, യാത്രാ സൗകര്യം, 12 രാത്രികളിൽ ഹോട്ടല്‍ താമസം, മൂന്നു നേരവും ഭക്ഷണം, ഐആര്‍സിടിസി ടൂര്‍ മാനേജരുടെ സേവനം, യാത്രാ ഇന്‍ഷുറന്‍സ് എന്നിവ പാക്കേജില്‍ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഏറ്റവും ഗുണകരമായ കാര്യം.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സെപ്റ്റംബര്‍ 24നാണ് ഈ യാത്ര പുറപ്പെടുക. 64,450 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്കായി ഈടാക്കുക. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ ആശ്രയിച്ചാൽ കൂടുതൽ പണം ചിലവാകും എന്നതാണ് സത്യം. മാത്രമല്ല ഐആർസിടിസിയുടെ സുരക്ഷിതത്വവും അവർക്ക് അവകാശപ്പെടാൻ കഴിയില്ല.ബുക്കിംഗ് സംബന്ധമായ വിവരങ്ങൾ അറിയാൻ 8547845881 എന്ന നമ്പറില്‍ ബന്ധപ്പെടുക.












Click it and Unblock the Notifications