ബാങ്കോക്കും പട്ടായയും ഒന്ന് കറങ്ങി വരാം; ഐആർസിടിസിയുടെ കിടിലൻ തായ്‌ലൻഡ് പാക്കേജ്, റേറ്റ് അറിയണ്ടേ?
ഇന്ത്യക്കാരുടെ സ്ഥിരം ടൂറിസം ലൊക്കേഷനുകളിൽ പെട്ട ഇടങ്ങളാണ് മാലിദ്വീപും തായ്‌ലൻഡും ഒക്കെ. എന്നാൽ വലിയ ചിലവേറിയ പാക്കേജുകൾ താങ്ങാൻ കഴിയാത്തവരെ സംബന്ധിച്ച് ഈ സ്ഥലങ്ങളിലേക്കുള്ള യാത്ര സ്വപ്‌നം മാത്രമായിരിക്കും. എന്നാൽ ഇനി പണത്തിന്റെയും സൗകര്യങ്ങളുടെയും കാര്യമോർത്ത് ആരും യാത്ര റദ്ദാക്കണ്ട. വലിയ ചിലവില്ലാതെ തന്നെ സ്വപ്‌ന ടൂറിസം ലൊക്കേഷനായ തായ്‌ലൻഡ് കറങ്ങാൻ അവസരമുണ്ട്.
അതിനുള്ള സൗകര്യം ഒരുക്കുന്നതാവട്ടെ ഐആർസിടിസിയും. സാധാരണ ഗതിയിൽ കൂടുതലായും ഈ ഏഷ്യൻ രാജ്യത്തേക്ക് യാത്രകൾ സംഘടിപ്പിക്കുന്നതിൽ അധികവും സ്വകാര്യ ടൂർ കമ്പനികളാണ് എന്നതാണ് കണ്ടു വരാറുള്ളത്. എന്നാൽ അവരുടെ പാക്കേജുകൾ ഒരുപക്ഷേ ഇടത്തരക്കാർക്ക് താങ്ങാൻ കഴിയണമെന്നില്ല, മാത്രമല്ല സുരക്ഷ വലിയൊരു വിഷയമാണ് താനും.

എന്നാൽ വലിയ പണച്ചെലവില്ലാതെ തന്നെ ഐആർസിടിസിയുടെ പാക്കേജ് മുഖേന നിങ്ങൾക്ക് യാത്ര ചെയ്യാനുള്ള സുവർണാവസരം ഇപ്പോഴുണ്ട്. എങ്ങനെ എന്നറിയണ്ടേ, ഇതാ പാക്കേജിന്റെ മുഴുവൻ വിവരങ്ങളും അറിയാം. ഏഷ്യയിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമായ തായ്ലൻഡിലെ ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങളാണ് ഐആർസിടിസി ടൂർ പാക്കേജ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതിനായി അഞ്ച് ദിവസത്തെ ഐആര്‍സിടിസി ടൂര്‍ പാക്കേജ് 2024 ഓഗസ്‌റ്റ് 23ന് കൊച്ചിയില്‍ നിന്നുമായിരിക്കും പുറപ്പെടുക. ബാങ്കോക്ക് ഒരുക്കി വച്ചിരിക്കുന്ന ദൃശ്യാനുഭവത്തിന് ഒപ്പം തന്നെ പ്രകൃതി ഭംഗിയും ബുദ്ധക്ഷേത്രങ്ങളും വന്യജീവി സങ്കേതങ്ങളും ഒക്കെ കാണാൻ കഴിയുന്നൊരു യാത്രയായിരിക്കും ഇക്കുറി ഒരുക്കിയിരിക്കുന്നത്.
അതിൽ ശ്രീരാച്ച കടുവ സങ്കേതം, പട്ടായയിലെ മനോഹരവും വേറിട്ട അനുഭവവുമായി അല്‍കസാര്‍ ഷോ, കോറല്‍ ദ്വീപിലേക്കുള്ള സ്‌പീഡ് ബോട്ട് യാത്ര, പട്ടായ ഫ്‌ലോട്ടിംഗ് മാര്‍ക്കറ്റ്, നോങ് നൂച്ച് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, സഫാരി വേള്‍ഡ്, മറൈന്‍ പാര്‍ക്ക് തുടങ്ങിയവ അതിന്റെ സാമ്പിളുകൾ മാത്രമാണെന്ന് ഓർക്കുക.
കൊച്ചി-ബാങ്കോക്ക് വിമാന ടിക്കറ്റ് (മടക്കമുൾപ്പെടെ), എസി വാഹനം, സുഖകരമായ താമസസൗകര്യങ്ങള്‍, ഇന്ത്യന്‍ റസ്‌റ്റോറന്റുകളില്‍ രുചികരമായ ഭക്ഷണം, സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ പ്രവേശന ടിക്കറ്റുകള്‍, ഇംഗ്ലീഷ് സംസാരിക്കുന്ന പ്രാദേശിക ഗൈഡിന്റെ സേവനം, വിസയുടെ ചെലവുകള്‍, യാത്രാ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാവും ഈ പാക്കേജ്.
ഏകദേശം 57,650 രൂപ മുതലാണ് ഇതിന്റെ ചിലവ് ആരംഭിക്കുന്നത്. പട്ടായ, ബാങ്കോക്ക് പോലെയുള്ള ഇടങ്ങളിലേക്ക് ഇത്രയും കുറഞ്ഞ ചിലവിൽ മികച്ച സൗകര്യത്തോടെ യാത്ര ചെയ്യാനുള്ള അവസരം പാഴാക്കുന്നതിൽ അർത്ഥമില്ല. എന്തായാലും ബുക്കിങ് ചെയ്യാനായും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും വിളിക്കേണ്ട നമ്പർ ഇതാണ്: 8287932082.












Click it and Unblock the Notifications