Get Updates
Get notified of breaking news, exclusive insights, and must-see stories!

കടമക്കുടിയിൽ ചെന്നാൽ രണ്ടുണ്ട് കാര്യം; കൊച്ചിയിലും കറങ്ങാം, കായൽ കരയിലൂടെ ഉല്ലസിക്കുകയും ചെയ്യാം

കായലും കടലും ഒക്കെ ചേരുന്നതാണ് കൊച്ചിയിലെ ടൂറിസം കേന്ദ്രങ്ങളുടെ യഥാർത്ഥ ഭംഗി. കൊച്ചിക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്നൊരു പ്രത്യേകത കൂടിയാണത്. എന്നാൽ കൊച്ചി ഇന്ന് പഴയ കൊച്ചിയല്ല, അവിടുത്തെ ജീവിതവും തിരക്കേറിയതാണ്. അങ്ങനെയുള്ള അവസരങ്ങളിൽ അധികം ദൂരയല്ലാത്തതും എന്നാൽ ശാന്ത സുന്ദരവുമായ ഒരിടം തേടുകയാണ് നിങ്ങളെങ്കിൽ പിന്നെ ഒന്നും നോക്കാനില്ല നേരെ കടമക്കുടിയിലേക്ക് വച്ച് പിടിച്ചാൽ മതി.

എറണാകുളത്ത് ഇത്രയും മനോഹരമായ ഒരിടമുണ്ടെന്ന് ആളുകൾ അറിഞ്ഞു വരുന്നതേയുള്ളൂ. യഥാർത്ഥത്തിൽ ഇതൊരു ദ്വീപ് മേഖലയാണ്. വലിയ കടമക്കുടി (പ്രധാന ദ്വീപ്), മുറിക്കൽ, പാളയം തുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയം തുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കാരിക്കാട് എന്നിങ്ങനെ പതിനാല് ദ്വീപുകളുടെ ഒരു കൂട്ടമാണ് കടമക്കുടി എന്നറിയപ്പെടുന്നത്.

kadamakkudytour

കൊച്ചിയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. വിശാലമായ കായൽ, നെൽവയലുകൾ, മീൻപിടിത്തക്കാരുടെ വള്ളങ്ങൾ, വിവിധ ഇനം പക്ഷികൾ എന്നിങ്ങനെ കടമക്കുടി നമുക്ക് നൽകുന്ന കാഴ്‌ചാനുഭവം യഥാർത്ഥ കേരളീയ ഗ്രാമത്തിന്റെ നേർ ചിത്രമാണ്. വൈകുന്നേരങ്ങളിൽ ഇവിടേക്കുള്ള യാത്ര തികച്ചും വ്യത്യസ്‌തമായ ഒരു അനുഭൂതി ആയിരിക്കും.

ഇവിടെ എത്തിയാൽ ഇളനീർ കുടിച്ചുകൊണ്ട് തന്നെ കാഴ്‌ചകൾ ആരംഭിക്കുന്നതാണ് ഉചിതം. ഗ്രാമീണ ജീവിതത്തിന്റെ കാഴ്‌ചകൾ സഞ്ചാരികൾക്കായി തുറന്നുവച്ച ഇടമാണ് കടമക്കുടി. ടൂറിസം ഇവിടുത്തുകാരുടെ ജീവിതത്തിലേക്ക് ചേർത്തുവച്ചു കൊണ്ടാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇവിടെ ദൈനംദിന ജോലികളിൽ ഏർപ്പെടുന്ന ആളുകളെയും അതിന്റെ രീതികളെയും നമുക്ക് നേരിട്ട് കാണാൻ കഴിയും.

ഉദാഹരണത്തിന് മീൻപിടിത്തത്തിന്റെ വിവിധ രീതികൾ നിങ്ങൾക്ക് ഇവിടെ നിന്നും കണ്ട് മനസിലാക്കാം. ചീന വല വച്ചുള്ള മീൻപിടിത്തം മുതൽ സാധാരണ വലയെറിഞ്ഞുള്ള മീൻപിടിത്തം വരെ നിങ്ങൾക്ക് കണ്ടറിയാം. കൂടാതെ ഗ്രാമത്തിലെ വീഥികളിലൂടെയുള്ള നടത്തവും ഒരിക്കലും വിട്ടുകളയാൻ പാടില്ലാത്ത ഒരു കാര്യമാണ്.

കടമക്കുടിയിൽ എത്തിയാൽ ഉറപ്പായും നിങ്ങൾ കായൽ കാഴ്‌ചകൾ കണ്ടിരിക്കണം. അതിന് ചെറിയ വള്ളങ്ങൾ മുതൽ ബോട്ടുകൾ വരെ ഇവിടെ ഒരുക്കി വച്ചിട്ടുണ്ട്. കായൽ പരപ്പിലൂടെ ഉള്ള ബോട്ട് യാത്ര ഇല്ലാതെ ഈ സന്ദർശനം പൂർണമാവില്ല എന്നുറപ്പാണ്. കടമക്കുടിയിലെ മറ്റൊരു ആകർഷണം കള്ളുഷാപ്പുകളാണ്. എന്നാൽ അവിടേക്ക് സഞ്ചാരികൾ കൂടുതലായും എത്തുന്നത് നാടൻ രുചികൾ തേടിയാണെന്ന് മാത്രം.

കരിമീൻ ഏലയിൽ പൊള്ളിച്ചത്, നാരൻ ചെമ്മീൻ വറുത്തത് എന്നിങ്ങനെ കായൽ വിഭവങ്ങൾ പ്ലേറ്റിൽ നിരന്നത് വായിൽ കപ്പലോടും. കടമക്കുടിയിലെ സൂര്യാസ്‌തമയ കാഴ്‌ചകളും വിട്ടുകളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി നഗരത്തിന്റെ തിരകകുകളിൽ നിന്ന് മാറി ഒന്നോ രണ്ടോ ദിവസം ചെലവഴിക്കണം എന്നാണ് ആഗ്രഹമെങ്കിൽ ഇവിടെ ആവശ്യത്തിന് ഹോം സ്‌റ്റേ സൗകര്യവും ലഭ്യമാണ്. അതും ഉപയോഗപ്പെടുത്താം.

ഇനി കടമക്കുടി യാത്ര മാത്രം ലക്ഷ്യം വച്ച് പോവുന്ന ആളാണ് നിങ്ങളെങ്കിൽ ഒരിക്കലും കൊച്ചി വിട്ടുകളയരുത്. ഇവിടുത്തെ ശാന്തതയുടെ വിപരീതമായ രീതികളാണ് അവിടെയെങ്കിലും തിരക്കേറിയ ജീവിതം ഇഷ്‌ടപ്പെടുന്നവർക്കും കടൽത്തീരങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കും കൊച്ചി നല്ലൊരു സ്പോട്ട് ആണ്. കൂടാതെ മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി പോലെയുള്ള ഇടങ്ങളും ടൂറിസ്‌റ്റുകളുടെ പ്രധാന കേന്ദ്രങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+