കൻഹ മുതൽ സുന്ദർബൻസ് വരെ; ശൈത്യകാലം ആസ്വദിക്കാൻ ഈ അഞ്ച് ദേശീയോദ്യാനങ്ങൾ കാത്തിരിക്കുന്നു...
ശൈത്യകാലത്തെ യാത്രകളിൽ എന്നും നാം തിരഞ്ഞെടുക്കാൻ ശ്രമിക്കരുത് ഹിൽ സ്‌റ്റേഷനുകളും, ബീച്ചുകളും ഒക്കെയായിരിക്കും. എന്നാൽ മഞ്ഞുമൂടിയ മലനിരകൾക്ക് നടുവിലായി തലയുയർത്തി രാജാക്കന്മാരെ പോലെ നടക്കുന്ന കടുവയുടെയും, വിരിമാറ് കാട്ടി കൂട്ടാതെ നയിക്കുന്ന ആനയുടെയും ഒക്കെ കാഴ്‌ചകൾ എത്ര മനോഹരമായിരിക്കും എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ. അത്തരത്തിൽ ഒരു യാത്ര ആഗ്രഹിക്കുന്നുവെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ സമയം തന്നെയാണ് ഇത്.
വേനൽകാലത്ത് മൃഗങ്ങളെ കാണാനുള്ള സഫാരി പാർക്കുകളിലൂടെയുള്ള യാത്രകൾ അത്യധികം ദുഷ്‌കരം തന്നെയാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിലാണ് നമ്മൾ ശൈത്യകാലം ഇതിനായി തിരഞ്ഞെടുക്കുന്നത്. ഇത്തവണത്തെ ശൈത്യകാലം കഴിയാറായി. എങ്കിലും സമയം ബാക്കിയുണ്ട്. വൈൽഡ് സഫാരി വന്യമൃഗങ്ങളെ കണ്ടുകൊണ്ട് നടത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് പറ്റിയ അഞ്ച് ദേശീയോദ്യാനങ്ങൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.

ജിം കോർബറ്റ്
ഉത്തരാഖണ്ഡിലെ രാംനഗറിൽ സ്ഥിതി ചെയ്യുന്ന ജിം കോർബറ്റ് ദേശീയോദ്യാനം ഇന്ത്യയിലെ ഏറ്റവും പഴയതും വലിയതുമായ ദേശീയോദ്യാനങ്ങളിലൊന്നാണ്. പ്രശസ്‌ത ബ്രിട്ടീഷ് വേട്ടക്കാരനും സംരക്ഷകനുമായ ജിം കോർബറ്റിന്റെ പേരിലുള്ള ഈ പാർക്ക് 1936ലാണ് സ്ഥാപിതമായത്. നൈനിറ്റാൾ, പൗരി ഗർവാൾ ജില്ലകളിലായി ഇത് വ്യാപിച്ചുകിടക്കുന്നു.
ബംഗാൾ കടുവകളുടെ വലിയ രീതിയിലുള്ള എണ്ണമുള്ള ജിം കോർബറ്റ് നാഷണൽ പാർക്കിൽ ആനകൾ, പുള്ളിപ്പുലികൾ, മാൻ, ലംഗറുകൾ, മുതലകൾ, കൂടാതെ വൈവിധ്യമാർന്ന പക്ഷികൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വന്യജീവികളുടെ സാന്നിധ്യമുണ്ട്.
കൻഹ ദേശീയോദ്യാനം
മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന കൻഹ ദേശീയോദ്യാനം പേരുകേട്ടതാണ്, പ്രത്യേകിച്ച് ബംഗാൾ കടുവയുടെ കാര്യത്തിൽ. കടുവകളുടെ എണ്ണം വളരെയധികം ഉള്ള മേഖല കൂടിയാണിത്, സന്ദർശകർക്ക് ഇവയെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ അടുത്ത് കാണാനുള്ള മികച്ച അവസരമാണ് ഒരുക്കിയിട്ടുള്ളത്.
നിബിഡ വനങ്ങൾ മുതൽ തുറന്ന പുൽമേടുകൾ വരെ പാർക്കിന്റെ വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ ആകർഷണത്തിന് കാരണമാണ്. ബഞ്ചാർ നദിയുടെ ഭംഗിയിൽ ബഞ്ചാർ, ഹാലോൺ താഴ്‌വരകളും അതിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു.
കിയോലാഡിയോ ദേശീയോദ്യാനം
പക്ഷിനിരീക്ഷകർ ഈ ദേശീയോദ്യാനം നിർബന്ധമായും സന്ദർശിക്കേണ്ടതാണ്. രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഇത് മുമ്പ് ഭരത്പൂർ പക്ഷി സങ്കേതം എന്ന പേരിലും അറിയപ്പെടുന്നു. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഈ ദേശീയോദ്യാനം വൈവിധ്യമാർന്ന ദേശാടന പക്ഷികളെ കാണാൻ കഴിയുന്ന മേഖലയാണ്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഏറ്റവും മികച്ച സന്ദർശന കാലയളവ്.
കാസിരംഗ ദേശീയോദ്യാനം
യുനെസ്കോയുടെ മറ്റൊരു ലോക പൈതൃക സൈറ്റായ കാസിരംഗ ദേശീയോദ്യാനം ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സാന്നിധ്യം കൊണ്ട് പേരുകേട്ട ഇടമാണ്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ ഉള്ള ഇടമാണ് ഇത് . ബ്രഹ്മപുത്ര നദി ഈ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്നു.
ഈ പാർക്കിൽ 500-ലധികം ഇനം പക്ഷികളുണ്ട്. കൂടാതെ കാട്ടുപന്നികൾ, ഇന്ത്യൻ കാട്ടുപോത്ത് (ഗൗർ), സാമ്പാർ മാൻ, ഹോഗ് മാൻ, പുള്ളിപ്പുലികൾ, കാട്ടുപൂച്ചകൾ തുടങ്ങിയ വിവിധയിനം ജീവികളുടെ വിഹാര കേന്ദ്രമാണ് ഇത്.
സുന്ദർബൻസ് നാഷണൽ പാർക്ക്
പശ്ചിമ ബംഗാളിലെ സുന്ദർബൻസ് റിസർവ് ഫോറസ്‌റ്റ് വൈവിധ്യമാർന്ന കാഴ്‌ചകൾക്ക് പേരുകേട്ട ഇടമാണ്. പദ്‌മ, മേഘ്‌ന, ബ്രഹ്മപുത്ര നദീതടങ്ങളുടെ ഡെൽറ്റ മേഖലയിൽ സ്ഥിതി ചെയ്യുന്ന സുന്ദർബൻസ് ദേശീയോദ്യാനം യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റെന്ന നേട്ടം കൂടിയുള്ള ഇടമാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയാണ് സുന്ദർബൻസ്. കടുവകൾക്ക് പേരുകേട്ട ഇടമാണ് ഇത്.












Click it and Unblock the Notifications