കല്ലായ് കടവത്തെ കാറ്റ് പോലും പാടും; ബാബുക്കയുടെ സംഗീതം ആസ്വദിച്ച് ബേപ്പൂരിലേക്കൊരു യാത്ര, ആഹാ അന്തസ്
മലബാറിൽ കടൽത്തീരങ്ങളുടെ പട്ടിക എടുത്താൽ അതിൽ ഏറെയും മുൻപന്തിയിൽ ഉണ്ടാവുക കോഴിക്കോട് ജില്ലയിലെ ബീച്ചുകളാണ്. കേരളത്തിലെ ഏതൊക്കെ ബീച്ചുകൾ എടുത്ത് നോക്കിയാലും കാണാൻ കഴിയാത്ത ഒട്ടനവധി പ്രത്യേകതകളാണ് ഇവിടുത്തെ ബീച്ചുകൾ വ്യത്യസ്‌തമാക്കുന്നത്. അതിൽ പ്രധാനമാണ് സാംസ്‌കാരിക സദസ്സുകൾ. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം സാംസ്‌കാരിക സദസ്സുകൾ നടക്കുന്ന ഇടങ്ങളാണ് കോഴിക്കോട്ടെ ബീച്ചുകൾ.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരിടമാണ് ബേപ്പൂർ ബീച്ച്. എല്ലാ മലയാളികൾക്കും സുപരിചിതനായ കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വന്തം ഇടമായ ബേപ്പൂർ തന്നെ. ബേപ്പൂർ ബീച്ച് വിനോദസഞ്ചാരികൾക്കും ചരിത്രകാരന്മാർക്കും അനുയോജ്യമായ ഒരു ഇടം തന്നെയാണ്. കൂടാതെ സാഹിത്യ-സാംസ്‌കാരിക തനിമയൂറുന്ന ഇവിടം അത്തരത്തിലുള്ള പരിപാടികളുടെ ഒരു പ്രധാന ലൊക്കേഷൻ കൂടിയാണ്.

താരതമ്യേന ഒരു ചെറിയ തുറമുഖവും സുന്ദരമായ ഒരു കടൽത്തീരവും ഇവിടെയുണ്ട് എന്നതാണ് ഏറ്റവും ആകർഷണീയമായ കാര്യം. കേരളത്തിലെ പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് ബേപ്പൂർ തുറമുഖം. മദ്ധ്യപൂർവ്വ ദേശങ്ങളുമായി ബേപ്പൂർ തുറമുഖം വാണിജ്യ ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. നമ്മൾ ഏറെ പറഞ്ഞുകേട്ട ഉരുവിന്റെ (തടികൊണ്ട് ഉണ്ടാക്കുന്ന കപ്പൽ) നിർമ്മാണത്തിന് ഏറെ പേരുകേട്ട ഇടം കൂടിയാണ് ബേപ്പൂർ.
ഉരു എന്നറിയപ്പെടുന്ന അറേബ്യൻ ഗതാഗത കപ്പൽ തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം. മിക്ക ആധുനിക കമ്പനികളും ബ്ലൂപ്രിൻ്റുകളെയും സാങ്കേതികവിദ്യയെയും ആശ്രയിക്കുമ്പോൾ,ഇവിടം മനുഷ്യരുടെ കഴിവിനും ബുദ്ധിക്കും തന്നെയാണ് പ്രാധാന്യം നൽകുന്നത്. അത്രയധികം അച്ചടക്കത്തോടെയാണ് ഓരോ ഉരുവും നിർമ്മിച്ചെടുക്കുന്നത്.
ഇവിടെ നിന്ന് അടുത്തുള്ള ഫിഷിംഗ് ഹാർബറിലേക്ക് നടക്കാം, അല്ലെങ്കിൽ ദേശാടന പക്ഷികളുടെ വിഹാരകേന്ദ്രമായ കടലുണ്ടി പക്ഷി സങ്കേതത്തിലേക്ക് പോകാം. ഒരുപാട് സാധ്യതകൾ ഉള്ള ഇടമാണ് ഇത്. കൂടാതെ കോഴിക്കോട് ടൗണിൽ നിന്നാണ് നിങ്ങൾ യാത്ര ആരംഭിക്കുന്നതെങ്കിൽ കോഴിക്കോട്ടെ മരവ്യവസായത്തിന് പേരുകേട്ട ഇടമായ കല്ലായിയും സന്ദർശിക്കാവുന്നതാണ്.
പ്രദേശത്തെ മറ്റൊരു ചരിത്രപരമായ പ്രാധാന്യമുള്ള മേഖലയാണിത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും, ഇരുപതാം നൂറ്റാണ്ടിന്റെറ ആദ്യകാലങ്ങളിലും കോഴിക്കോട് നഗരത്തിലെ തിരക്കുപിടിച്ച തടി വ്യവസായകേന്ദ്രമായിരുന്നു കല്ലായ്. പണ്ട് മുതൽക്കേ തടി വ്യവസായത്തിന് പേരുകേട്ട കല്ലായിപ്പുഴയുടെ പരിസരങ്ങളിൽഇപ്പോൾ വളരെക്കുറച്ച് തടിമില്ലുകളാണുള്ളത്. എങ്കിലും അതും കാണേണ്ട ഒരു കാഴ്‌ച തന്നെയാണ്.












Click it and Unblock the Notifications