കൊല്ലം റ്റു മാലിദ്വീപ് കപ്പൽ യാത്ര സാധ്യമോ? ലക്ഷദ്വീപും പരിഗണനയിൽ, നടന്നാൽ ഗുണങ്ങൾ ഇതൊക്കെ
കൊല്ലം: കേരളത്തിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നായ കൊല്ലത്ത് നിന്ന് മാലിദ്വീപിലേക്കും ലക്ഷദ്വീപിലേക്കും കപ്പൽ സർവീസ് നടത്തുന്നത് തുറമുഖ വകുപ്പിന്റെ പരിഗണനയിൽ. ആദ്യഘട്ടത്തിൽ ചരക്ക് കപ്പൽ സേവനം യാഥാർഥ്യമാക്കാനാണ് പദ്ധതി. കൊല്ലം തീരവുമായുള്ള ലക്ഷദ്വീപിന്റെ ദക്ഷിണ ഭാഗത്തിന്റെ ദൂരക്കുറവാണ് ഇക്കാര്യത്തിൽ സഹായകരമാവുന്ന ഘടകം. നാളെ ഇത് സംബന്ധിച്ച നിർണായക യോഗം നടക്കുന്നുണ്ട്.
നീണ്ടകര മാരിടൈം ഇൻസ്‌റ്റിട്യൂട്ടിൽ നടക്കുന്ന യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടക്കും. കൊല്ലം തുറമുഖത്തിന്റെ ആഴം തന്നെയാവും ഇതിലെ പ്രധാന ഘടകം. ഏഴ് മീറ്ററോളമാണ് കൊല്ലം തുറമുഖത്തിന്റെ ആഴം. ഇതിന് പുറമേ കൊല്ലത്തുള്ള സൗകര്യങ്ങൾ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്ന മറ്റൊരു കാരണമാണ്.

നിലവിൽ ഇവിടെ കണ്ടെയ്‌നർ കൈകാര്യം ചെയ്യാൻ ആവശ്യമായ യാർഡും ഗോഡൗൺ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതിനാൽ അതിന് വേണ്ടി പ്രത്യേക സജ്ജീകരണങ്ങൾക്കായി കാത്തിരിക്കേണ്ടതില്ല. യാത്രാ-ക്രൂയിസ് കപ്പലുകൾക്ക് കൊല്ലത്തെത്താൻ ആവശ്യമായ ഇമിഗ്രെഷൻ ചെക്ക് പോസ്‌റ്റുകൾ ഉൾപ്പെടെ സജ്ജമായതിനാൽ വിനോദ സഞ്ചാര മേഖലയെ മുന്നിൽ കണ്ട് കപ്പൽ സർവീസ് ആരംഭിക്കുക എന്നതും മനസിലുണ്ടാവും.
ഏഷ്യയിലെ ഹോട്ട് ടൂറിസം ഡെസ്‌റ്റിനേഷനുകളിൽ ഒന്നായാണ് മാലിദ്വീപിലെ കണക്കാക്കുന്നത്. ഇക്കാര്യത്തിൽ ലക്ഷദ്വീപും ഒട്ടും പിന്നിലല്ല. അതുകൊണ്ട് തന്നെ തെക്കൻ കേരളത്തിലെ സുപ്രധാന തുറമുഖങ്ങളിൽ ഒന്നായ കൊല്ലത്ത് നിന്ന് യാത്ര കപ്പൽ ആരംഭിച്ചാൽ അത് ഉറപ്പായും വൻ ഹിറ്റാവും എന്ന കാര്യത്തിൽ സംശയമില്ല.
കൊച്ചിയിൽ നിന്നുൾപ്പടെ നിലവിൽ ലക്ഷദ്വീപിലേക്ക് യാത്രാ കപ്പൽ സർവീസ് നടത്തുന്നുണ്ട്. മാലിദ്വീപ് ക്രൂയിസ് യാത്രയ്ക്കുള്ള അവസരവും ഉണ്ട്. ഇനി കൊല്ലത്ത് നിന്ന് അത്തരമൊരു യാത്രയ്ക്ക് സാധ്യത പരിഗണിക്കുന്ന വേളയിൽ കൂടുതൽ ഗുണമാവുക തെക്കൻ കേരളത്തിലുള്ള യാത്രക്കാർക്കാണ്. നിലവിൽ വിനോദ സഞ്ചാരത്തിനായി മലയാളികൾ ഉൾപ്പെടെ ധാരാളം ഇന്ത്യക്കാർ മാലിദ്വീപിൽ എത്തുന്നുണ്ട്.
കൂടുതൽ യാത്രകളും വിമാന മാർഗമാണ്. എന്നാൽ അതിനേക്കാളും ചിലവ് കുറഞ്ഞ രീതിയിൽ യാത്ര നടത്താൻ കപ്പൽ സർവീസ് ആരംഭിക്കുക വഴി സാധിക്കും. കൂടാതെ ക്രൂയിസ് ഷിപ്പുകളിൽ കാഴ്‌ചകൾ കണ്ടു കൊണ്ടും വിവിധ വിനോദ പരിപാടികൾ ആസ്വദിച്ചുകൊണ്ടും യാത്രക്കാർക്ക് പോവാനുള്ള അവസരവും കൈവരും.
ലക്ഷദ്വീപിലെ സംബന്ധിച്ച് പറയുമ്പോൾ നിയന്ത്രണങ്ങൾ കർശനമാണെങ്കിലും മലയാളികളുടെ ഇഷ്‌ട ഇടം തന്നെയാണ് ഇത്. സാധാരണ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലേക്ക് പോവുന്നതിൽ നിന്ന് വ്യത്യസ്‌തമായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സ്‌പോൺസർഷിപ്പ് എന്നിങ്ങനെയുള്ള നൂലാമാലകൾ ഉണ്ടെങ്കിലും ലക്ഷദ്വീപ് ടൂറിസം വളരെ മികച്ച അനുഭവം സമ്മാനിക്കും.
ഇനി ഇവിടേക്കുള്ള ടിക്കറ്റ് നിരക്കും ഇക്കാര്യത്തിൽ എല്ലാവരും ഉറ്റുനോക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. യാത്രാക്കപ്പൽ സാധ്യമായാൽ വിമാന യാത്രക്ക് ചിലവാകുന്ന തുകയിലും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ സമയ ദൈർഘ്യം മാത്രമായിരിക്കും സഞ്ചാരികൾക്ക് മുന്നിലുള്ള എക വെല്ലുവിളി. അത് പ്രശ്‌നമല്ലെങ്കിൽ എന്തുകൊണ്ടും കപ്പൽ യാത്ര ലാഭകരമാവും.












Click it and Unblock the Notifications