കൊല്ലൂർ കണ്ട് മടങ്ങാം, കുടജാദ്രിയിൽ ട്രെക്കിംഗ് നടത്താം; ആനവണ്ടിയുടെ ബജറ്റ് ടൂറിസം പൊളിയാണ്
മൺസൂൺ കാലമാണ് ഇപ്പോൾ, യാത്രയ്ക്ക് ഏറ്റവും പറ്റിയ അവസരമാണ് ഇത്. ചെറുമഴയിൽ കാഴ്‌ചകളും കണ്ട് പോവാൻ വല്ലാത്ത അനുഭൂതി ആയിരിക്കും. അത് കേരളത്തിനകത്തോ പുറത്തോ ആയിക്കൊള്ളട്ടെ, ഏത് സ്ഥലത്തേക്കും നിങ്ങളെ കൊണ്ട് പോവാൻ നമ്മുടെ സ്വന്തം കെഎസ്ആർടിസി ഉണ്ടെന്ന കാര്യം മറക്കരുത്. ഇത്തവണയും പതിവ് തെറ്റിക്കാതെ അവർ തങ്ങളുടെ പാക്കേജുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
കണ്ണൂർ ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ജൂലൈ മാസ യാത്രകളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കൊല്ലൂർ യാത്രയോടെയാണ് ഇത് ആരംഭിക്കുന്നത്. ജൂലൈ 5 വെള്ളിയാഴ്‌ച രാത്രി 8.30ന് പുറപ്പെട്ട് ഞായറാഴ്‌ച രാത്രി 7.30ന് തിരികെ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. കർണാടകയിലെ ഏറ്റവും മികച്ച ചില ടൂറിസം ലൊക്കേഷനുകളാണ് ഈ യാത്രയിൽ കാണാൻ അവസരമുള്ളത്.

കൊല്ലൂർ മൂകാംബിക ക്ഷേത്രം, കൊടചാദ്രി ട്രെക്കിങ്, ഉഡുപ്പി ശ്രീകൃഷ്‌ണ ക്ഷേത്രം, മധൂർ ക്ഷേത്രം, അനന്തപുര തടാക ക്ഷേത്രം എന്നിവയാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയ ഇടങ്ങൾ. ടിക്കറ്റ് നിരക്കിൽ താമസം മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. ജൂലൈ 5, 12,19, 26 എന്നീ തിയതികളിലും സമാനമായി കണ്ണൂർ-കൊല്ലൂർ യാത്രയുണ്ട്. ഇതിന് പുറമെ മറ്റിടങ്ങളിലേക്കും കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലൂർ യാത്ര
ഈ യാത്രയിൽ പ്രധാനമായും മൂകാംബിക ക്ഷേത്രം തന്നെയാണ് ഏറ്റവും വലിയ ആകർഷണം. സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ കൊല്ലൂർ മൂകാംബിക ക്ഷേത്രം കർണാടകയിൽ ആണെന്ന് മാത്രമേ ഉള്ളൂ മലയാളികൾ തന്നെയാണ് കൂടുതലായി ഇവിടേക്ക് എത്താറുള്ളത്.
ക്ഷേത്ര ദർശനത്തിന് പുറമെ സൗപർണിക നദിയുടെ കാഴ്‌ചകൾ കാണാനും ധാരാളം ഭക്തർ ഇവിടെ സമയം ചെലവിടാറുണ്ട്. കുടജാദ്രി മലകളിൽ നിന്നും ഉദ്ഭവിച്ച് ക്ഷേത്രത്തിന് സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണ് സൗപർണിക. അടുത്ത കാലത്തായി മലിനീകരണം നേരിടുന്നുണ്ടെങ്കിലും സൗപർണികയുടെ മൂകാംബികയിൽ കാഴ്‌ച തികച്ചും വേറിട്ടൊരു അനുഭവം തന്നെയാണ് നിങ്ങൾക്ക് സമ്മാനിക്കുക.
ഇതിന് പുറമേ ഉഡുപ്പിയിലെ കൃഷ്‌ണ ക്ഷേത്രവും സന്ദർശിക്കുന്നുണ്ട് ഈ യാത്രയിൽ. ദക്ഷിണേന്ത്യയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായി കണക്കാക്കപ്പെടുന്ന ഇടം കൂടിയാണ് ഉഡുപ്പിയിലെ ശ്രീകൃഷ്‌ണ ക്ഷേത്രം. കൂടാതെ യാത്രയിലെ മറ്റൊരു ആകർഷണമാണ് അനന്തപുര തടാക ക്ഷേത്രം. ഇത് പക്ഷേ കർണാടകയിൽ അല്ല, കേരളത്തിലെ കാസർഗോഡ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുര തടാകം ചതുരാകൃതിയിലുള്ളതാണ്. വിനോദ സഞ്ചാരികളും ഭക്തരും ധാരാളമായി എത്തുന്ന ഒൻപതാം നൂറ്റാണ്ടിലെ ക്ഷേത്രമാണ് ഇത്. കാസർഗോഡ് ജില്ലയിലെ ബേക്കലിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കുടജാദ്രി ട്രെക്കിംഗ്
പശ്ചിമഘട്ടത്തിന്റെ ഭാഗമായ കുടജാദ്രി കുന്നുകൾ, പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന് കൂടുതൽ ഭംഗിയേകുന്ന കാഴ്‌ചയാണ്. സമുദ്രനിരപ്പിൽ നിന്ന് 1343 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. സാഹസികത ഇഷ്‌ടപ്പെടുന്ന ആളുകൾക്ക് ഏറ്റവും രസകരമായി തോന്നുന്ന യാത്രയാകും ഇവിടെക്കുള്ളത്. ഇവിടുത്തെ പുരാതന ക്ഷേത്രത്തിലേക്കുള്ള ട്രെക്കിംഗ് കാട്ടുപാതകളിലൂടെ 4 കിലോമീറ്റർ വരുന്ന മലകയറ്റം കൂടി ഉൾപ്പെടുന്നതാണ്.












Click it and Unblock the Notifications