ബജറ്റ് ടൂറിസം വീണ്ടും ആരംഭിച്ച് ആനവണ്ടി; കൊല്ലൂരും വാഗമണും ജാനകിക്കാടും കീശ കാലിയാവാതെ കാണാം
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പല ടൂറിസം സ്പോട്ടുകളിലേക്കുമുള്ള യാത്ര ചിലപ്പോഴൊക്കെ സ്വപ്‌നമായി മാറുന്നത് സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. ഒരു കുടുംബത്തിന് മാത്രമായി സുരക്ഷിതമായി യാത്ര ചെയ്യാനും കാഴ്‌ചകൾ കണ്ട് ആസ്വദിക്കാനും ഒക്കെ വന്നേക്കാവുന്ന ഭീമമായ ചിലവാണ് പലരെയും പിന്നോട്ട് വലിക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ പേരും അടുത്തുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചുരുക്കുന്നു.
എന്നാൽ ഇനിയും അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല, കാരണം നിങ്ങളുടെ കീശ കാലിയാവാതെ തന്നെ സുരക്ഷിതമായി കുടുംബത്തോടൊപ്പവും അല്ലാതെയും ടൂറിസം കേന്ദ്രങ്ങൾ കണ്ടുതീർക്കാൻ അവസരമുണ്ട്. കെഎസ്ആർടിസിയാണ് അതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതി നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

അടുത്തിടെ കനത്ത മഴയെ തുടർന്നും വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നും താൽക്കാലികമായി നിർത്തിവച്ച ബജറ്റ് ടൂറിസം പദ്ധതി വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കൊല്ലൂർ, വാഗമൺ, കോഴിക്കോട്, പൈതൽമല എന്നിവിടങ്ങളിലേക്ക് നടത്തുന്ന സർവീസാണ് പുനരാരംഭിച്ചത്. ഓരോ സർവീസുകൾക്കും വ്യത്യസ്‌ത പാക്കേജാണ് നൽകിയിരിക്കുന്നത്.
നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള കെഎസ്ആർടിസിയുടെ പദ്ധതികളിൽ ഒന്നാണ് ബജറ്റ് ടൂറിസം. കുറഞ്ഞ ചിലവിൽ നല്ലൊരു യാത്ര ആഗ്രഹിക്കുന്ന ആർക്കും കെഎസ്ആർടിസിയെ ബന്ധപ്പെടാം. കണ്ണൂർ ജില്ലയിൽ നിന്നുള്ള ആഗസ്‌റ്റ് മാസത്തെ യാത്രകളുടെ വിശദാംശങ്ങളാണ് ഇപ്പോൾ കോർപ്പറേഷൻ പുറത്തുവിട്ടിരിക്കുന്നത്. അത് പരിശോധിക്കാം.
കൊല്ലൂർ: അഗസ്‌റ്റ് 16, 30 തീയതികളിൽ രാത്രി 8.30ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം പുലർച്ചെ കൊല്ലൂരിൽ എത്തുന്ന രീതിയിലാണ് ക്രമീകരണം. ക്ഷേത്ര ദർശനം കഴിഞ്ഞു സർവജ്ഞ പീഠം കയറുന്നതിന് കുടജാദ്രിയിലേക്ക് ജീപ്പിൽ യാത്രയും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച്ച പുലർച്ചെ 5.30 ന് കൊല്ലൂരിൽനിന്നും പുറപ്പെട്ട് ഉഡുപ്പി ശ്രീകൃഷ്‌ണ ക്ഷേത്രം, മധൂർ ശിവ ക്ഷേത്രം, അനന്തപുര ശ്രീ മഹാവിഷ്‌ണു ക്ഷേത്രം എന്നിവ കണ്ട് വൈകുന്നേരം ബേക്കൽ കോട്ടയും സന്ദർശിച്ച് രാത്രി 7.30ന് കണ്ണൂരിൽ എത്തിച്ചേരുന്നു. 2850 രൂപയാണ് ഒരാൾക്ക് ചിലവ്.
വാഗമൺ: ആഗസ്‌റ്റ് 23 വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് ശനിയാഴ്‌ച രാവിലെ വാഗമണിൽ എത്തിച്ചേരുന്നു. ഞായറാഴ്‌ച രാവിലെ മൂന്നാറിലെ ചതുരംഗപാറ, ആനയിറങ്ങൽ ഡാം, ലോക്ക് ഹാർട്ട് വ്യൂ പോയിന്റ്, സിഗ്‌നൽ പോയിന്റ്, മാലയ് കള്ളൻ കേവ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ച് തിങ്കളാഴ്‌ച രാവിലെ കണ്ണൂരിൽ തിരിച്ചെത്തുന്നു. 4100 രൂപയാണ് ടിക്കറ്റ് ചാർജ്.
കോഴിക്കോട്: ജില്ലയിലെ സുപ്രധാനമായ ചില ടൂറിസം കേന്ദ്രങ്ങളിലേക്ക് ആളുകളെ എത്തിക്കുന്ന പാക്കേജാണ് ഇത്. ആഗസ്‌റ്റ് 18, 25 തീയതികളിൽ പുറപ്പെടുന്ന ഏകദിന യാത്രയിൽ കോഴിക്കോട് ജില്ലയിലെ കരിയാത്തുംപാറ, തോണിക്കടവ് ടവർ, ജാനകിക്കാട്, പെരുവണ്ണാമൂഴി ഡാം എന്നിവയാണ് സന്ദർശിക്കുക. ഒരാൾക്ക് 950 രൂപയാണ് ടിക്കറ്റ് ചിലവ് വരിക.












Click it and Unblock the Notifications