കുറുവ ദ്വീപ് നിങ്ങളെ കാത്തിരിക്കുന്നു; വീണ്ടും സഞ്ചാരികൾക്കായി തുറന്നു, കബനിയിലൂടെ ചങ്ങാടം തുഴഞ്ഞാലോ?
വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒരിടമായിരുന്നു കുറുവ ദ്വീപ്. എന്നാൽ കഴിഞ്ഞ എട്ട് മാസത്തോളമായി വിനോദ സഞ്ചാരികളുടെ കാൽപാദം പതിയാത്ത ഒറ്റപ്പെട്ട കിടക്കുകയായിരുന്നു ഇവിടം. ഇപ്പോഴിതാ വയനാട്ടിലെ മറ്റ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്കുമൊപ്പം ഇവിടെയും സഞ്ചാരികളെ കടത്തിവിടാനാണ് കോടതി നിർദ്ദേശം. ഇതനുസരിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത വയനാട്ടിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് കുറുവ ദ്വീപ്.
എന്നാൽ ഒട്ടേറെ മാറ്റങ്ങളുമായാണ് കുറുവ ദ്വീപ് പ്രവർത്തനം പുനരാരംഭിച്ചിരിക്കുന്നത്. തുടർച്ചയായ കാട്ടാന ആക്രമണങ്ങളിൽ രണ്ട് ജീവനുകൾ പൊലിഞ്ഞതോടെയാണ് കുറുവ ദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് തടഞ്ഞത്. ആനകളുടെ വിഹാരകേന്ദ്രം കൂടിയാണ് ഇവിടാമെന്നതായിരുന്നു പരിഗണിച്ച പ്രധാന ഘടകം. എന്നാൽ ഇപ്പോൾ മാസങ്ങൾക്ക് ശേഷം സഞ്ചാരികൾ എത്തുമ്പോൾ മാറ്റങ്ങൾ അനവധിയാണ്.

ടിക്കറ്റ് നിരക്കിൽ ഉൾപ്പെടെ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടിയോളം മുടക്കിയാൽ മാത്രമേ ഇനി അവിടം കാണാൻ കഴിയുകയുള്ളൂ. നിലവിൽ ഒരാള്‍ക്ക് 220 രൂപയാണ് ഇവിടേക്കുള്ള പ്രവേശന ഫീസായി ഈടാക്കുക. എന്ന് മാത്രമല്ല നാനൂറ് പേര്‍ക്ക് മാത്രമാണ് ഒരു ദിവസം പ്രവേശനം അനുവദിച്ചിട്ടുള്ളത്.
ഇത്തരം നിയന്ത്രണങ്ങൾ ശോഭ കെടുത്തുമെങ്കിലും കുറുവ ദ്വീപിലെ കാഴ്‌ചകൾക്ക് യാതൊരു മാറ്റവുമില്ല എന്നതാണ് സത്യം. നീണ്ട ഇടവേളയ്ക്ക് ശേഷം സഞ്ചാരികൾ എത്തുന്നത് കൊണ്ട് തന്നെ ചെറിയ ചില രൂപമാറ്റങ്ങൾ ഉണ്ടായി എന്നതിന് അപ്പുറം ഇവിടേക്ക് എത്തുന്നവർക്ക് കാണാനുള്ള കാഴ്‌ചകൾ അതേപടി തന്നെ തുടരുന്നു എന്നതാണ് പ്രധാനപ്പെട്ടൊരു കാര്യം.
കുറുവ ദ്വീപ്: വയനാട്ടിലെ ഇക്കോ ടൂറിസം മാതൃക
വയനാട്ടിലെ ഏറ്റവും വലിയ പട്ടണങ്ങളായ മാനന്തവാടിയിൽ നിന്ന് 15 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 58 കിലോമീറ്ററും കൽപ്പറ്റയിൽ നിന്ന് 40 കിലോമീറ്ററും അകലെയായാണ് ഈ പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയിൽ നിന്നുൾപ്പെടെ ഇവിടേക്ക് ബസ് സർവീസുകളും നടത്തുന്നുണ്ട്.
മേഖലയിലെ പ്രധാന നദിയായ കബനിയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളെയാണ് കുറുവ ദ്വീപ് എന്ന് വിളിക്കുന്നത്. ഈ നദിയിലൂടെ കാഴ്‌ച കണ്ട് നടക്കാനുള് 950 ഏക്കറോളം വരുന്ന ദ്വീപിലെ ഓരോന്നും നേരിട്ടറിയാനും ഈ യാത്രയിൽ നിങ്ങൾക്ക് അവസരം ലഭിക്കും. മുളകള്‍ കൊണ്ടുണ്ടാക്കിയ ചങ്ങാടങ്ങളില്‍ പുഴയിലൂടെ നടത്തുന്ന യാത്രയ്ക്ക് തന്നെയാണ് ഏറ്റവും ആകർഷണീയത.
അതേസമയം, ഇക്കുറി മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് വായനാട്ടിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കാര്യമായ ഇടിവ് നേരിടുന്നുണ്ട്. എന്നാൽ കുറുവ ദ്വീപ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതോടെ സഞ്ചാരികൾ കൊടുത്തലായി എത്തുമെന്നാണ് പ്രദേശവാസികളുടെയും ടൂറിസം വകുപ്പിന്റെയും പ്രതീക്ഷ.












Click it and Unblock the Notifications