മാഹി പെരുന്നാൾ കണ്ടിട്ടുണ്ടോ? ഇതാണ് പറ്റിയ സമയം, അഴിമുഖവും കടലോരവും ഒക്കെ നിങ്ങളെ കാത്തിരിക്കുന്നു
കേരളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശമായ മാഹിയുടെ സൗന്ദര്യം ആസ്വദിച്ചറിയുക വല്ലാത്തൊരു അനുഭൂതി തന്നെയാണ്. വടക്ക് കണ്ണൂരും തെക്ക് കോഴിക്കോടും അതിർത്തി പങ്കിടുന്ന ഈ സ്ഥലം അക്ഷരാർത്ഥത്തിൽ കേരളത്തിനുള്ളിലെ മറ്റൊരു പോണ്ടിച്ചേരിയാണ്. ഒരുകാലത്ത് ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ ഭാഗമാണ് ഇപ്പോഴും മാഹി. കേരളത്തിനുള്ളിൽ ആണെന്ന് മാത്രമേയുള്ളൂ പോണ്ടിച്ചേരിയുടെ അധീനതയിലാണ് ഇവിടം.
ശരിക്കും മഹിയെ കുറിച്ച് പറയുമ്പോൾ ആദ്യം മനസിൽ വരിക അവിടുത്തെ പള്ളിയാണ്. നിങ്ങൾ ദേശീയ പാതയിലൂടെ പോവുമ്പോൾ റോഡരികിൽ തലയുയർത്തി നിൽക്കുന്ന പള്ളി കാണാവുന്നതാണ്. എന്നാൽ അവിടുത്തെ പെരുന്നാൾ മഹോത്സവത്തെ കുറിച്ച് പലർക്കും കാര്യമായ ധാരണ ഉണ്ടാവണമെന്നില്ല. ഏറെ ആഘോഷങ്ങളുള്ള ആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന ചടങ്ങുകളാണ് ഈ പള്ളിയിലെ പെരുന്നാളിന്റെ സവിശേഷത.

മാഹി പള്ളിയിലെ പെരുന്നാൾ
ഇത്തവണ ഒക്ടോബർ അഞ്ചിനാണ് മാഹി പള്ളിയിൽ പെരുന്നാൾ ആരംഭിച്ചത്. ഇനി ഒക്ടോബർ 22 വരെയാണ് അത് നീളുക. ഏകദേശം പതിനെട്ട് ദിവസത്തോളം നീളുന്ന ചടങ്ങുകളാണ് ഇവിടെ നടക്കുക. ജാതിമതഭേദമന്യേ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളും മാഹിയിലെ സെന്റ് തെരേസ പള്ളിയിൽ എത്താറുണ്ട്. അത് തന്നെയാണ് മാഹി പള്ളിയിലെ പെരുന്നാളിനെ വ്യത്യസ്‌തമാക്കുന്ന ഘടകങ്ങളിൽ ഒന്ന്.
ഒക്ടോബർ 14ന് മാഹി പള്ളിയിൽ എത്തിയാൽ സവിശേഷമായ ഒരു കാര്യം കാണാം. അന്ന് രാത്രി അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണം ഉൾപ്പെടെ നടക്കുന്നതാണ്. പള്ളിയോട് ചേർന്നുള്ള കെട്ടിടങ്ങളും അവിടെയുള്ള ഭാഗങ്ങളും ഒക്കെ ദീപങ്ങൾ അലങ്കരിച്ച സവിശേഷ കാഴ്‌ച നിങ്ങൾക്ക് കാണാവുന്നതാണ്.
ഏതാണ്ട് മൂന്ന് നൂറ്റാണ്ടോളം പഴക്കമുള്ള ഒരു പള്ളി കൂടിയാണിത്. 1723ലാണ് ഇത് പണി കഴിപ്പിച്ചതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ഒരുപാട് വർഷങ്ങൾക്ക് ഇടയിൽ കാര്യമായ നവീകരണ പ്രവർത്തനമാണ് പള്ളിയിൽ നടത്തിയത്. അതുകൊണ്ട് തന്നെ നിലവിൽ ആധുനിക സൗകര്യങ്ങളോടെയാണ് ഇവിടം പുതുക്കി പണിതിരിക്കുന്നത്.
മാഹിയിലെ കാണേണ്ട മറ്റിടങ്ങൾ
എന്തായാലും പെരുന്നാൾ കൂടാൻ മാഹിയിൽ എത്തുന്നവർക്ക് ഇവിടെ കാണാൻ ഒരുപാട് കാഴ്‌ചകളുണ്ട് എന്നതാണ് വാസ്‌തവം. മാഹിയുടെ പ്രത്യേക രൂപഭംഗി തന്നെ പഴയ ഫ്രഞ്ച് കാലത്തെ അനുസ്‌മരിപ്പിക്കുക വിധമാണ് എന്ന് നിസംശയം പറയാം. പോണ്ടിച്ചേരിയുടെ ഒരു പരിച്ഛേദം എന്ന് വേണമെങ്കിലും ഈ സ്ഥലത്തെ വിളിക്കാവുന്നതാണ്.
മാഹിയിൽ എത്തിയാൽ എന്തായാലും വാക്ക് വേ ഉൾപ്പെടെയുള്ള കാഴ്‌ചകൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഒരു വൈകുന്നേരം നല്ല രീതിയിൽ ചിലവഴിക്കാൻ മികച്ചൊരു അവസരമാണ് ഇവിടെ കിട്ടുന്നത്. വാക്ക് വേയ്ക്ക് പുറമെ അഴിമുഖവും ഇവിടുത്തെ ബീച്ചും ക്കെ മറ്റൊരു മനോഹര കാഴ്‌ചയാണ്. മാഹിയിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. എങ്കിലും പരമാവധി യാത്രകളിൽ ഈ പ്രദേശങ്ങൾ സന്ദർശിക്കാൻ ശ്രമിക്കണം.












Click it and Unblock the Notifications