നീലഗിരിയിൽ നീലക്കുറിഞ്ഞി പൂത്തു; പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ വരുന്ന വിസ്‌മയം, എന്നിട്ടും കാണാൻ വിലക്കോ?
ദക്ഷിണേന്ത്യയിലെ വിവിധ ഇടങ്ങളിൽ, പ്രത്യേകിച്ച് പശ്ചിമ ഘട്ട മലനിരകളിൽ പലപ്പോഴും കാഴ്‌ചയുടെ വിരുന്നൊരുക്കുന്ന അത്ഭുതമാണ് നീലക്കുറിഞ്ഞി. പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഈ പൂവുകൾ കാണാൻ സഞ്ചാരികൾ ഒഴുകാറുണ്ട്. കേരളത്തിൽ ഇടുക്കിയിലെ വിവിധ മേഖലകളിലും തമിഴ്‌നാട്ടിൽ നീലഗിരിയിലും ഈ പൂവുകൾ വിടരുന്ന അപൂർവ കാഴ്‌ച ആരുടേയും മനസ് കീഴടക്കുന്നതാണ് എന്നത് പ്രത്യേക പറയേണ്ടതില്ല.
ഈ സീസണിൽ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത് നീലഗിരി മേഖലയിലാണ്. സ്വതവേ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട അവധിക്കാല ആഘോഷ കേന്ദ്രമായ നീലഗിരിയിൽ നീലക്കുറിഞ്ഞി കൂടി പൂത്തതോടെ മനോഹരമായ ചുറ്റുപാടാണ് നമുക്ക് കാണാൻ കഴിയുക. ഊട്ടിയിലേക്കും നീലഗിരിയിലേക്കും പോവുന്ന ആളുകൾക്ക് കാഴ്‌ചയുടെ ദൃശ്യ വിരുന്നാണ് ഈ കുന്നുകൾ ഒരുക്കുക.

എന്നാൽ അപൂർവമായ നീലക്കുറിഞ്ഞി പൂക്കൾ സംരക്ഷിക്കുന്നതിനായി, നീലഗിരി ഫോറസ്‌റ്റ് ഡിവിഷൻ കർശനമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട് എന്നതാണ് ഏറ്റവും പ്രധാന കാര്യം. ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, അതിലോലമായ ഈ പൂക്കൾ കേടുപാടുകൾ വരുത്തുന്നതിൽ നിന്ന് സന്ദർശകരെ തടയാൻ ഊട്ടിയിൽ ഉദ്യോഗസ്ഥരെ പരിശോധനക്കായി നിർത്തിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ അവിടേക്കുള്ള യാത്ര കൂടുതൽ ശ്രദ്ധയോടെ വേണമെന്നതാണ് പ്രധാനമായും പറയാനുള്ളത്. ഊട്ടിയിൽ നീലക്കുറിഞ്ഞി പൂത്ത മേഖല പൂർണമായും സംരക്ഷിത വന പ്രദേശമായതിനാൽ അവിടേക്കുള്ള യാത്ര ദുസ്സഹമാവും. കൂടാതെ കടന്നുകയറിയത് ശ്രദ്ധയിൽപെട്ടാൽ ശിക്ഷ നടപടിക് ഉൾപ്പെടെ നേരിടേണ്ടി വരും. എന്നാൽ കോട്ടഗിരി ഭാഗത്ത് പൂത്തുനിൽക്കുന്ന നീലക്കുറിഞ്ഞി കാണാൻ വലിയ തടസം ഉണ്ടാവില്ലെന്നാണ് സൂചന.
നിലവിൽ നീലഗിരിയിലെ ഏപ്പനാട് മലനിരയിലെയും പിക്കപതിമൗണ്ടിലെയും ചെരിവുകളിലാണ് നീലക്കുറുഞ്ഞി പൂത്ത് നിൽക്കുന്നത്. പച്ചപുതച്ച മലനിരകൾക്ക് ഇടയിൽ ഈ നീലപ്പൂക്കളുടെ സാന്നിധ്യം കൂടിയാവുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സവിശേഷമായ അനുഭവമാണ് നിങ്ങൾക്ക് കിട്ടുക. എങ്കിലും നേരത്തെ പറഞ്ഞത് പോലെ വനംവകുപ്പ് അധികൃതരുടെ അനുമതിയോടെ മാത്രം ഈ ഭംഗി ആസ്വദിക്കാൻ ശ്രമിക്കുക.
ഇനി ഊട്ടിയിലേക്ക് പോവുന്നവർ കേവലം നീലക്കുറിഞ്ഞി വസന്തം മാത്രം കണ്ട് മടങ്ങേണ്ടതില്ല. അവിടെ വേറെയും ധാരാളം കാഴ്‌ചകളുണ്ടെന്ന് മറക്കരുത്. ഊട്ടിയിലെ മൗണ്ടൻ ട്രെയിനും തടാകവും വ്യൂ പോയിന്റും ഒക്കെ ഈ യാത്രയിൽ ഉൾപ്പെടുത്താവുന്നതാണ്. കൂടാതെ ഇതേ പാതയിലെ മസിനഗുഡി, ഗുഡല്ലൂർ എന്നിങ്ങനെയുള്ള ഹിൽ സ്‌റ്റേഷനുകളെയും കണ്ടറിയാം.
നീലക്കുറിഞ്ഞിയുടെ പ്രത്യേകതകൾ അറിയാം
സ്ട്രോബിലാന്തസ് കുന്തിയാന എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന നീലക്കുറിഞ്ഞി പശ്ചിമഘട്ടത്തിൽ, പ്രത്യേകിച്ച് കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ മലനിരകളിൽ മാത്രം കാണപ്പെടുന്ന ഒരു അപൂർവ സസ്യമാണ്. അതിന്റെ പേര് പോലെ തന്നെ നീലനിറത്തിൽ അതി മനോഹരമായ കാഴ്‌ചാനുഭവം സമ്മാനിക്കുന്ന പൂക്കളായ ഇവ പന്ത്രണ്ട് വർഷത്തിൽ ഒരിക്കലാണ് പൂക്കുക. ഈ സമയത്ത് മേഖലയിലെ ടൂറിസം ഉൾപ്പെടെ വലിയ രീതിയിൽ ഉയർച്ച നേരിടാറുണ്ട്.












Click it and Unblock the Notifications