പുതുവർഷാഘോഷം നെല്ലിയാമ്പതിയിലാക്കിയാലോ..? ഓറഞ്ച് തോട്ടങ്ങൾ തേടി ഒരു യാത്ര, കൂട്ടിന് നല്ല തണുപ്പും...
പുതുവർഷം അടുക്കുകയാണ്. ഇനി ഒരാഴ്‌ച മാത്രമേ 2024ലേക്ക് കാലെടുത്ത് വയ്ക്കാൻ ബാക്കിയുള്ളൂ. ഇത്തവണ ന്യൂ ഇയര് ആഘോഷം പൊടിപൊടിക്കും. കാരണം ഡിസംബർ 31 ഞായറാഴ്‌ചയാണ്. അതുകൊണ്ട് തന്നെ യാത്രകളും നിങ്ങളിൽ പലരും പ്ലാൻ ചെയ്യുന്നുണ്ടാവും. സ്ഥിരം ലൊക്കേഷനുകൾ തന്നെ അടയാളപ്പെടുത്തി വച്ച് യാത്ര ചെയ്യുന്നവരെ വിട്ടേക്കാം. നിങ്ങൾക്ക് വ്യത്യസ്‌തമായ ഒരു അനുഭവമാണ് ആഗ്രഹമെങ്കിൽ ദൂരെയൊന്നുമല്ല അടുത്ത് തന്നെ ഒരിടമുണ്ട്.
കേരളത്തിലെ ഹിൽ സ്‌റ്റേഷനുകളിൽ ഏറെ വേറിട്ട് നിൽക്കുന്ന ഒരിടം, പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയുടെ പ്രത്യേകത. പച്ചപ്പിന്റെ കേവലമായൊരു നീണ്ടുകിടക്കുന്ന പ്രദേശമല്ല ഇവിടം. കാറ്റിനും, കാടിനും ഒക്കെ അത്രമേൽ ഭംഗി തോന്നിക്കുംവിധം ഒരു മാസ്‌മരികത ഈ നാടിനുണ്ട് എന്ന് പറയാതെ വയ്യ.

അക്കാരണം കൊണ്ട് തന്നെ സിനിമാക്കാരുടെ ഇഷ്‌ട ലൊക്കേഷൻ കൂടിയാണ് നെല്ലിയാമ്പതി. ഇവിടുത്തെ ദൃശ്യ ഭംഗി പകർത്തിയ എത്രയെത്ര ചിത്രങ്ങൾ വെള്ളിത്തിരയിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയെന്നതിന് കൃത്യമായ കണക്കില്ല. അപരിചിതനും, ഭ്രമരവുമൊക്കെ അതിൽ ചിലത് മാത്രം. വർഷങ്ങൾക്ക് ശേഷവും അതേ ഭംഗിയോടെ തന്നെ നെല്ലിയാമ്പതി ഇന്നും നിലനിൽക്കുന്നു എന്നത് അത്ഭുതകരമാണ്.
സീതാർകുണ്ടാണ് നെല്ലിയാമ്പതിയുടെ നട്ടെല്ല്. കേരള ഗ്രാമീണതയുടെ പരിച്ഛേദമായി ഉയർത്തി കാട്ടുന്ന കൊല്ലങ്കോടിന്റെ ഭൂരിഭാഗവും കാണാൻ സാധിക്കുന്ന വ്യൂപോയിന്റ് ആണിത്. അവിടെയുള്ള വെള്ളച്ചാട്ടവും പ്രശസ്‌തമാണ്. വനവാസത്തിനിടെ സീതാസമേതനായ രാമൻ നെല്ലിയാമ്പതിലെത്തിയെന്നും, മലമുകളിൽ നിന്നു കുതിച്ചിറങ്ങുന്ന അരുവിയിൽ സീത നീരാടിയെന്നുമാണ് ഐതിഹ്യം. അങ്ങനെ കാലക്രമേണ അതിന്റെ പേര് സീതാർകുണ്ടായി മാറുകയായിരുന്നു.
കൃഷി വകുപ്പിന്റെ അഗ്രികൾച്ചറൽ ഫാമാണ് ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്‌ച. 'ഓറഞ്ച് ഫാം' എന്നു പേരു നേടിയ ഇവിടെ ധാരാളം ഓറഞ്ച് മരങ്ങളും പാഷൻ ഫ്രൂട്ടും ഉൾപ്പെടെ പഴവർഗങ്ങൾ വിളഞ്ഞു നിൽക്കുന്നതു കാണാനുള്ള അവസരം സഞ്ചാരികൾക്ക് ലഭിക്കും. ഡിസംബർ മാസത്തിൽ നല്ല കോടയുടെ അകമ്പടിയോടെ ആയിരിക്കും യാത്ര എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
രാവിലെ പാലക്കാട് നിന്ന നെല്ലിയാമ്പതിയിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നവർക്ക് മിക്ക ദിവസങ്ങളിലും ഗജരാജൻമാരുടെ പ്രഭാത സവാരി കാണാനുള്ള ഭാഗ്യവും ലഭിക്കാറുണ്ട്, അതിന് ഒരു കൺ ഭാഗ്യവും വേണമല്ലോ. പോത്തുണ്ടി ഡാമിലേക്കും ഇവിടെ എത്തുന്ന സഞ്ചാരികൾ പ്രധാനമായി പോകാറുണ്ട്. നെന്മാറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നെല്ലിയാമ്പതിയിലേക്ക് പാലക്കാട് നിന്ന് അറുപത് കിലോമീറ്റർ ദൂരമാണുള്ളത്. കോഴിക്കോട് നഗരത്തിൽ നിന്ന് 170 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.












Click it and Unblock the Notifications