ഇനി 'പരളി'യിൽ പറക്കാം; ലക്ഷദ്വീപിലേക്ക് വെറും 7 മണിക്കൂർ, മംഗളുരുവിൽ നിന്ന് അതിവേഗ ഫെറി സർവീസ്
ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽ അടുത്തിടെ ശക്തമായ സാന്നിധ്യമായ ഒരു കേന്ദ്രമായിരുന്നു ലക്ഷദ്വീപ്. ഇന്ത്യയുടെ തെക്കേ അറ്റത്ത് കേരളത്തോട് ചേർന്ന് കിടക്കുന്ന ഈ ദ്വീപ് സമൂഹം വളർന്നുവരുന്ന ഒരു ബിഗ് ടൂറിസം ഡെസ്‌റ്റിനേഷൻ തന്നെയാണ്. അത്കൊണ്ട് തന്നെ ഇവിടേക്കുള്ള ഗതാഗത സൗകര്യ വികസനത്തിന് ഭാവിയിൽ വലിയ പ്രാധാന്യമുണ്ട്.
ഇപ്പോഴിതാ ഇത് മുന്നിൽ കണ്ടുകൊണ്ട് ലക്ഷദ്വീപിലേക്ക് അതിവേഗ ഫെറി സർവീസ് ഏർപ്പെടുത്തിയിരിക്കുകയാണ് മംഗളൂരുവിൽ നിന്നും. പുതിയ നീക്കത്തോടെ മംഗളൂരുവിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രാ സമയം ഏതാണ്ട് പകുതിയായി കുറയ്ക്കാൻ കഴിഞ്ഞു എന്നതാണ് വാസ്‌തവം. പരളി എന്ന് പേരിട്ടിരിക്കുന്ന ഈ ഫെറി മാറ്റത്തിന്റെ കാഹളം മുഴക്കി കൊണ്ടാണ് നീറ്റിൽ ഇറങ്ങിയത്.

പുതിയ ഫെറി സർവീസിന്റെ വരവോടെ ലക്ഷദ്വീപിലേക്ക് മംഗളൂരുവിൽ നിന്നുള്ള യാത്രാ സമയം ഏതാണ്ട് ഏഴ് മണിക്കൂറായി കുറയുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നേരത്തെ പതിമൂന്ന് മണിക്കൂറോളം സമയമെടുത്താണ് മംഗളൂരു ലക്ഷദ്വീപ് യാത്ര പൂർത്തിയാക്കിയിരുന്നത്. ഇതിലാണ് ഗണ്യമായ കുറവുണ്ടായിരിക്കുന്നത്.
മെയ് മൂന്നിനായിരുന്നു ഇതിന്റെ ആദ്യ പരീക്ഷണയോട്ടം നടന്നത്. ലക്ഷദ്വീപിൽ നിന്ന് പുറപ്പെട്ട് മംഗളൂരുവിലെ പഴയ തുറമുഖത്തേക്ക് എത്തിയ ഫെറിയിൽ 160 യാത്രക്കാർ ആണുണ്ടായിരുന്നത്. കുറഞ്ഞ സമയം കൊണ്ട് യാത്ര പൂർത്തിയാക്കിയതോടെ സഞ്ചാരികൾ എല്ലാം തികഞ്ഞ ആവേശത്തിലാണ്. അതുകൊണ്ട് തന്നെ പദ്ധതി ജനങ്ങൾ ഏറ്റെടുക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.
പല ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷണയോട്ടത്തിന് ശേഷം മംഗളൂരു-ലക്ഷദ്വീപ് ടൂറിസ്‌റ്റ് ലൈനർ സേവനം ആരംഭിക്കാനാണ് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന് കീഴിലുള്ള ലക്ഷദ്വീപ് ഐലൻഡ്‌സ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അടുത്ത മാസത്തോടെ എത്തുന്ന മൺസൂൺ മാത്രമാണ് ഏക വെല്ലുവിളി.
ഇപ്പോഴത്തെ ശാന്തമായ കടൽ പോലെ ആവില്ല മൺസൂൺ കാലത്തെ സ്ഥിതി എന്നതാണ് ആശങ്കപ്പെടുത്തുന്ന ഘടകം. ഇതിനെ മറികടക്കാനുള്ള നടപടികളാണ് അധികൃതർ ആലോചിക്കുന്നത്. ഇവിടെ ചില അടിസ്ഥാന സൗകര്യ വികസനങ്ങളും സുപ്രധാന മാറ്റങ്ങളും ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി അവതരിപ്പിച്ചിട്ടുണ്ട്.
ലക്ഷദ്വീപ് എന്ന ടൂറിസം പറുദീസ
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടെയാണ് ലക്ഷദ്വീപ് ലോകത്തിന് മുന്നിൽ ശ്രദ്ധനേടിയത്. പേര് ലക്ഷദ്വീപ് എന്നാണെങ്കിലും 36 ദ്വീപുകളാണ് മേഖലയിൽ ഉള്ളത്. പ്രകൃതി ഭംഗി കൊണ്ട് സമ്പന്നമായ ഇവിടം സ്‌കൂബാ ഡൈവിംഗ്, സ്‌നോർകെലിങ് തുടങ്ങിയ വിനോദങ്ങൾക്ക് പേരുകേട്ട ഇടം കൂടിയാണ്.












Click it and Unblock the Notifications