ഓണം ഇത്തവണ തകർക്കും..മൂന്നാർ മുതൽ വയനാട് വരെ ഒരു കിടിലൻ ട്രിപ്പ്, ചെലവ് കുറഞ്ഞ പാക്കേജ്
ഓണം സ്വന്തം വീട്ടുകാരോടൊപ്പം കെങ്കേമമായി ആഘോഷിച്ച് കഴിഞ്ഞാൽ പിന്നെ വീട്ടുകാരും കൂട്ടുകാരുമൊക്കെയായി ഒരു യാത്ര, ആഹ പറയുമ്പോൾ തന്നെ ഒരു സന്തോഷം തോന്നുന്നില്ലേ? ഈ വൈകിയ വേളയിൽ ഇനി എങ്ങനെ യാത്ര പ്ലാൻ ചെയ്യും ഏത് വണ്ടി ബുക്ക് ചെയ്യും എന്നൊക്കെയാണോ നിങ്ങളുടെ ആശങ്ക? എന്നാൽ കൂടുതൽ ആലോചിച്ച് തല പുകയ്ക്കേണ്ട. നേരേ വിളിച്ചോ കോഴിക്കോട് കെഎസ്ആർടിസിയിലേക്ക്. ഓണം ആഘോഷമാക്കാൻ വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് കോഴിക്കോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. വിശദമായി അറിയാം
ഏതൊക്കെ സ്ഥലങ്ങളിലേക്കാണ് യാത്ര എന്ന് ആദ്യം അറിയാം. ഗവി, വാഗമൺ, മൂന്നാർ, സൈലന്റ് വാലി, നെല്ലിയാമ്പതി, വയനാട്, അതിരപ്പിള്ളി, വാഴച്ചാൽ എന്നിവിടങ്ങളിലേക്ക് യാത്ര ഒരുക്കിയിരിക്കുന്നത്.

മൂന്നാർ യാത്ര
വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച കിടിലൻ സ്പോട്ടുകൾ, മൂന്നാർ സഞ്ചാരികൾക്കായി ഒരുക്കുന്നത് ഇതെല്ലാമാണ്. പുല്‍മേടുകളും, ഷോലക്കാടുകളും തേയിലത്തോട്ടങ്ങളുമടക്കം മൂന്നാറിന്റെ ഭംഗി ആസ്വദിക്കാൻ തയ്യാറെങ്കിൽ നേരെ വിട്ടോ മൂന്നാറിലേക്ക്. 26 നാണ് കോഴിക്കോട് നിന്നുള്ള യാത്ര.
ഇടുക്കിയിലെ വാഗമൺ
വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഇടുക്കിയിലെ വാഗമൺ. പുൽമേടുകളും തേയില തോട്ടങ്ങളും കലർന്നുള്ള ഇവിടുത്തെ കാഴ്ചകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ആസ്വദിക്കാൻ സാധിച്ചില്ലെങ്കിൽ അത് വലിയൊരു നഷ്ടമായി പോകും. കോടമഞ്ഞ് തൂകി നിൽക്കുന്ന വാഗമണ്ണിലേക്ക് 31 നാണ് കോഴിക്കോട് നിന്നും കെഎസ്ആർട്സി തിരിക്കുക.
നെല്ലിയാമ്പതി
'പാവങ്ങളുടെ ഊട്ടി',അതാണ് നെല്ലിയാമ്പതി. ട്രെക്കിംഗ് ചെയ്യാൻ തയ്യാറാകുന്നവർക്കുള്ള ഒന്നാന്തരം സ്ഥലം കൂടിയാണ് നെല്ലിയാമ്പതി. കാട്ടകങ്ങളിലൂടെ നല്ല തണുപ്പത്ത് കെ എസ് ആർ ടി സിയിൽ ഒരു യാത്ര ആയാലോ? തീർച്ചയായും ബാഗ് പാക്ക് ചെയ്തോളൂ. 27 നാണ് കോഴിക്കോട് നിന്ന് യാത്ര പുറപ്പെടുക.
വയനാട്
ഈ മഴയത്തും തണുപ്പത്തും ഒരു വയനാടൻ യാത്ര വെറുതെ നഷ്ടപ്പെടുത്തേണ്ട. കുടുംബമായി ഒന്നിച്ച് തന്നെ കെഎസ്ആർടിസിയിൽ ചുരം കയറാം. 26 നാണ് കോഴിക്കോട് നിന്നും വയനാടിലേക്കുള്ള കെഎസ്ആർടിസി പാക്കേജ്.
അതിരപ്പള്ളി, വാഴച്ചാൽ
മഴക്കാലത്തെ അതിരപ്പള്ളിയുടെ കാഴ്ച കാണേണ്ടത് തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 24 മീറ്റർ ഉയരത്തിൽ നിന്ന് പതിക്കുന്നതാണ് അതിരപ്പുഴ വെള്ളച്ചാട്ടം. കേരളത്തിന്റെ നയാഗ്ര എന്നാണ് അതിരപ്പള്ളി വെള്ളച്ചാട്ടം അറിയപ്പെടുന്നത്.അതിരപ്പള്ളിയിൽ നിന്നും അഞ്ച് കിമി മാത്രം അകലെയുള്ള വാഴച്ചാൽ വെള്ളച്ചാട്ടവും അതിരപ്പള്ളി പോലെണ്. എന്നാൽ ഇത് അതിരപ്പള്ളി പോലെ കുത്തിയൊഴികില്ല. 31 നാണ് യാത്ര.












Click it and Unblock the Notifications