മസനഗുഡി വഴി പോയില്ലേലും ഈ കാഴ്ച സൂപ്പറാ, ഊട്ടിയിൽ കൊടും തണുപ്പ്..താപനില പൂജ്യത്തിലേക്ക്
കോയമ്പത്തൂർ: മഞ്ഞ് വീഴ്ച കാണാൻ സഞ്ചാരികൾ ഈ സമയത്ത് കൂട്ടത്തോടെ പോകുന്നത് കാശ്മീരിലേക്കാണ്. എന്നാൽ ഇത്തവണ കടുത്ത നിരാശയാണ് കാശ്മീർ ആളുകൾക്ക് നൽകിയത്. പഹൽഗാം, സോനാമാർഗ്, ഗുൽമാർഗ് തുടങ്ങി ഈ മാസം മഞ്ഞ് പുതഞ്ഞുകിടക്കേണ്ട പല കാശ്മീരൻ പ്രദേശങ്ങളിലും മഞ്ഞിന്റെ പൊടി പോലും ഇല്ലെന്നതാണ് അവസ്ഥ. ഇതോടെ വിനോദസഞ്ചാരികൾ കൂട്ടത്തോടെ യാത്ര റദ്ദാക്കുകയാണെന്നാണ് റിപ്പോർട്ട്.
അതേസമയം ഹിമാചൽ പ്രദേശ് പോലെ മഞ്ഞ് വീഴ്ചയ്ക്ക് പേര് കേട്ട പല സ്ഥലങ്ങളിലും ഇക്കുറിയും മഞ്ഞുപുതച്ച കാഴ്ചകൾ യാത്രികർക്ക് ആസ്വദിക്കാം. അതോടൊപ്പം ഇതാ ഇങ്ങ് ദക്ഷിണേന്ത്യയിലും സമാന അനുഭവങ്ങൾക്ക് അവസരമൊരുക്കുകയാണ് നമ്മുടെ സ്വന്തം ഊട്ടി. പതിവിൽ നിന്നും വിപരീതമായി തണുത്ത് വിറയ്ക്കുകയാണത്രേ ഊട്ടി.

മലനിരകളുടെ റാണിയാണ് ഊട്ടി. കാടും, വെള്ളച്ചാട്ടങ്ങളും പൂത്ത് വിളഞ്ഞ് നിൽക്കുന്ന പച്ചക്കറി പാടങ്ങളും എല്ലാമായി കൊതിപ്പിക്കുന്ന കാഴ്ചകളാണ് ഊട്ടിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലാണ് പൊതുവെ ഇവിടേക്ക് സഞ്ചാരികൾ കൂടുതലായി എത്താറുള്ളത്. ഊട്ടിയിലെ കാലാവസ്ഥ ആസ്വദിക്കാൻ പറ്റുന്ന മികച്ച സമയമാണ് ഇത്. എന്നാൽ ഇത്തവ ജനവരി പകുതി ആകുമ്പോഴും ഊട്ടി കിടgകിടാ വിറയ്ക്കുകയാണ്. നിലവിൽ പൂജ്യത്തിന് അരികിലാണ് ഇവിടുത്തെ താപനില. കാന്തലിലും തലൈകുന്തയിലും താപനില ഒരു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 2 ഡിഗ്രി സെല്‍ഷ്യസിന് തൊട്ടുമുകളിലും. മഞ്ഞ് വീഴ്ചയും തുടങ്ങിയിട്ടുണ്ട്. ഇതോടെ പുൽമേടുകളെല്ലാം മഞ്ഞിൽകുളിച്ച് നിൽക്കുകയാണ്. വിദേശ രാജ്യങ്ങളിലൊക്കെ കാണാൻ സാധിക്കുന്ന അതേ കാഴ്ചകളാണ് ഊട്ടിയിൽ ഉള്ളതെന്നാണ് പലരും പറയുന്നത്. കാലാവസ്ഥ രസകരമായതോടെ സഞ്ചാരികൾ കൂട്ടത്തോടെ ഇവിടേക്ക് എത്തുന്നുണ്ട്.
അതേസമയം മഞ്ഞ് വീഴ്ച ഇവിടുത്തെ ജനജീവിതത്തേയും ബാധിച്ചിട്ടുണ്ട്. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പരസ്പരം കാണാൻ പോലും സാധിക്കാത്ത വിധം മഞ്ഞ് മൂടി കിടക്കുകയാണെന്നും ഇവിടെയുള്ളവർ പറയുന്നു. കാലംതെറ്റിയ അതിശൈത്യം കാര്‍ഷിക മേഖലയെ ബാധിച്ചതായി കര്‍ഷകര്‍ ആശങ്ക രേഖപ്പെടുത്തി.പ്രത്യേകിച്ച് കാബേജ് പോലുള്ള വിളകൾ കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് ഇവർ പറയുന്നു. ആഗോളതാപനവും എല്‍നിനോ പ്രഭാവവുമാണ് ഈ മാറ്റത്തിന് കാരണമെന്ന് നീലഗിരി എന്‍വയോണ്‍മെന്റ് സോഷ്യല്‍ ട്രസ്റ്റിലെ (നെസ്റ്റ്) വി ശിവദാസ് പറയുന്നത്.


Click it and Unblock the Notifications