ഉദയവും അസ്‌തമയവും കൺമുന്നിൽ; മനോഹരം ഈ പയംകുറ്റി മല, ഒതേനന്റെ നാട്ടിലേക്ക് ഒരു യാത്ര ആയാലോ?
വലിയ വലിയ ടൂറിസ്‌റ്റ് ലൊക്കേഷനുകളെക്കാൾ ചെറിയ ഇടങ്ങൾക്കാണ് ഇന്നത്തെ കാലത്ത് പ്രാധാന്യം വർധിക്കുന്നത്. നാട്ടിൽപുറങ്ങളിലെ വയലോരങ്ങളും, പുഴ തീരങ്ങളും ഒക്കെ ആളുകൾ സഞ്ചാര ഇടങ്ങളായി മാറ്റി തീർക്കുന്നു. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോകളാണ് ഇത്തരം കേന്ദ്രങ്ങളെ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഏറ്റവും വലിയ കാരണമാവുന്നത്.
അത്തരത്തിൽ കഴിഞ്ഞ കാലങ്ങളിൽ സമൂഹ മാധ്യങ്ങളിലൂടെ ഏറെ പങ്കുവയ്ക്കപ്പെട്ട, വീഡിയോകൾ കണ്ട് ഒരുപാട് പേർ എത്തിയ ഒരിടമാണ് കോഴിക്കോട് ജില്ലയിലെ വടകരയ്ക്ക് അടുത്തുള്ള പയംകുറ്റി മല എന്ന ഇക്കോ ടൂറിസം കേന്ദ്രം. ഇവിടേക്ക് വന്നാൽ ഒരു കാലത്ത് കടത്തനാട് എന്നറിയപ്പെട്ടിരുന്ന, വടക്കൻ പാട്ടുകളിൽ കേട്ടറിഞ്ഞിരുന്ന ചേകവമാരുടെ നാട് നിങ്ങൾക്ക് കാണാം കഴിയും.

പ്രസിദ്ധമായ ലോകനാർ കാവ് ക്ഷേത്രം ഇതിന് അടുത്തയാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ വടക്കൻ പാട്ടുകളിലെ വീര പരിവേഷമുള്ള നായകനായ തച്ചോളി ഒതേനൻ എന്ന ധീരയോദ്ധാവിന്റെ ജന്മസ്ഥലവും ഇവിടെയെന്ന് പറയപ്പെടുന്നു. അത്തരത്തിൽ ഒട്ടേറെ പ്രത്യേകതകളുള്ള ഒരുപാട് ഇടങ്ങൾക്ക് അടുത്തായാണ്
പയംകുറ്റി മല ഇക്കോ ടൂറിസം കേന്ദ്രവും സ്ഥിതി ചെയ്യുന്നത്.
വടകരയിൽ നിന്ന് നാല് കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വടകര നഗരത്തിൽ നിന്ന് തിരുവള്ളൂർ റോഡിലൂടെ മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാൽ പണിക്കോട്ടി എന്ന സ്ഥലം എത്തും. അവിടെ നിന്ന് പയംകുറ്റി മലയുടെ ബോർഡ് കാണാം. ചെങ്കുത്തായ കയറ്റം കയറി വേണം ഇവിടേക്ക് എത്തുവാൻ. അതിനാൽ തന്നെ അതിന് അനുസരിച്ചുള്ള വാഹനം എടുത്ത് വരാൻ ശ്രദ്ധിക്കുക.
ഇവിടെ സൗര്യമായി വൈകുന്നേരങ്ങൾ ചിലവഴിക്കാൻ കഴിയുന്നൊരു പാർക്കും ഒരുക്കിയിട്ടുണ്ട്. ടൈൽ പാകിയ നിലവും അങ്ങിങ്ങായി സജ്ജീകരിച്ച ഇരിപ്പിടങ്ങളും ഒക്കെയായി വൃത്തിയോടെ ഇവിടം പരിപാലിച്ചു പോവുന്നു. രാവിലെ നേരത്തെയോ വൈകീട്ടോ ഇവിടേക്ക് എത്തുന്നതാണ് ഏറ്റവും അനുയോജ്യം. അവിടെയുള്ള വാച്ച് ടവറിൽ നിന്നുള്ള വ്യൂ വല്ലാത്തൊരു അനുഭവമാണ് സമ്മാനിക്കുക.
പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യൻ മുങ്ങിത്താഴുന്ന അതിമനോഹരമായ കാഴ്‌ച എത്ര വർണിച്ചാലും മതിയാവില്ല. വടകര നഗരത്തിന്റെ ഭൂമിശാസ്ത്രവും ഇവിടെ നിന്ന് നോക്കിയാൽ ദൃശ്യമാകും. അങ്ങകലെ ഒരു ഛായാചിത്രം പോലെ നഗരം കിടക്കുന്നത് നമുക്ക് കാണാം. അത്യാവശ്യം നല്ല കാലാവസ്ഥ ആണെങ്കിൽ നല്ല ഫോട്ടോഗ്രാഫിക്ക് പറ്റിയ ഇടം കൂടിയാണിത്.
കൂടാതെ ഇവിടം മുത്തപ്പൻ മല എന്ന് കൂടി അറിയപ്പെടുന്നതിൽ കാര്യം അവിടെയുള്ള ക്ഷേത്രമാണ്. മുത്തപ്പനാണ് അവിടുത്തെ പ്രതിഷ്‌ഠ. വൈകുന്നേരങ്ങളിൽ ചെന്നാൽ ഈ ക്ഷേത്രത്തിലെ പ്രസാദമായി പായസവും കഴിക്കാവുന്നതാണ്. ഇനി ഇവിടെ നിന്ന് തച്ചോളി ഒതേനന്റെ ശേഷിപ്പുകൾ അടങ്ങിയിട്ടുള്ള മാണിക്കോത്ത് ക്ഷേത്രത്തിലേക്കും, തറവാട്ടിലേക്കും ഓക്കേ അധികം ദൂരമില്ല. അവിടെയും കയറി കാഴ്‌ചകാൾ കാണാവുന്നതാണ്.












Click it and Unblock the Notifications