നെയ്യാർ ഡാമിലൂടെ ബോട്ട് സവാരി, ശേഷം മീൻമുട്ടിയിലേക്കൊരു ട്രെക്കിംഗ്; ഇതൊക്കെയാണ് മക്കളെ യാത്ര
കേരളത്തിൽ വേനൽക്കാലം ആരംഭിക്കാറായി. ഇനിയങ്ങോട്ടുള്ള രണ്ടോ മൂന്നോ മാസങ്ങൾ ചുട്ടുപൊള്ളുന്ന കാലാവസ്ഥയുടേത് ആയിരിക്കും. അതിലപ്പുറം സഞ്ചാരികളെ വിഷമത്തിൽ ആഴ്ത്തുന്ന കാര്യമാണ് വെള്ളച്ചാട്ടങ്ങളിൽ പലതും കാണാമറയത്ത് പോയി ഒളിക്കുന്നത്. എന്നാൽ അതിന് മുൻപ് നിങ്ങളൊരു യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ ഇതാ ഏറ്റവും അനുയോജ്യമായ ഇടം.
കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്ന് 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മീൻമുട്ടി വെള്ളച്ചാട്ടം പശ്ചിമഘട്ട മലനിരകളാൽ അനുഗ്രഹീതമായ പ്രകൃതി സൗന്ദര്യത്തിന്റെ ഒരു ദൃശ്യാവിഷ്‌കാരമാണ്. നെയ്യാർ റിസർവോയർ പ്രദേശത്തിന് മുകളിലായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഇവിടേക്ക് എത്താൻ സഞ്ചാരികൾ ഒരു ട്രെക്കിംഗ് കൂടി നടത്തേണ്ടി വരും.

അതും ഇടതൂർന്ന വനത്തിനുള്ളിലൂടെ ഉള്ള മനോഹരമായ ഒരു യാത്ര, അത് തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണവും. സാഹസികത ഇഷ്‌ടപെടുന്നവരെ സംബന്ധിച്ച് ഇതിലും മികച്ച ഒരു ഇടം വേറെയില്ല.
കൂടാതെ നെയ്യാർ അണക്കെട്ടിൽ നിന്ന് അതിന്റെ വൃഷ്ടിപ്രദേശത്തിലൂടെ ബോട്ട് സവാരി നടത്തണം ലക്ഷ്യസ്ഥാനത്ത് എത്താൻ. അതും ഒരു പ്രത്യേക അനുഭവമാണ്.
കോമ്പൈകാണിയിൽ എത്തിയാൽ അവിടെയുള്ള ട്രൈബൽ സെറ്റിൽമെൻ്റ് കഴിഞ്ഞയുടനാണ് മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്, ഇത് സെറ്റിൽമെൻ്റിൽ നിന്നും കോമ്പൈകാണി വെള്ളച്ചാട്ടത്തിൽ നിന്നും ഏകദേശം 5 കിലോമീറ്റർ അകലെയാണ്. നെയ്യാർ നദിയുടെ തീരത്തുള്ള വിശാലമായ വെള്ളച്ചാട്ടമാണ് കോമ്പൈകാണി വെള്ളച്ചാട്ടം.
ട്രെക്കിംഗ് ചെയ്യുന്നവർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്ന ഒരു ഫോറസ്‌റ്റ് ക്യാമ്പ് ഹൗസ് സമീപത്ത് തന്നെ ഒരുക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ അനുമതി ആവശ്യമുള്ള ഈ യാത്രയിൽ ഫോറസ്‌റ്റ് ഗൈഡുകൾ നിങ്ങളെ അനുഗമിക്കും. ഒരു ദിവസത്തെ ട്രെക്കിംഗിന് അനുയോജ്യമായ ഒരു സ്ഥലമാണ് മീൻമുട്ടി. വൈകുന്നേരത്തോടെ ബോട്ടിൽ നിങ്ങളെ കൊമ്പൈകാണിയിൽ നിന്ന് നെയ്യാർ ഡാമിൽ തിരികെ എത്തിക്കും.
ഇവിടെ മഴക്കാലത്ത് വെള്ളത്തിലേക്ക് ഇറങ്ങുന്നത് ഏറെ അപകടം നിറഞ്ഞതായിരിക്കും. വെള്ളത്തിന്റെ ജലനിരപ് ഉയരുകയും മൺസൂൺ കാലമാകുമ്പോൾ മഴവെള്ളപാച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതും അപകടം ഉണ്ടാക്കുന്നു. ഇവിടെ വ്യത്യസ്‌ത തരം മീനുകൾ ഉണ്ടെങ്കിലും മീൻപിടുത്തം കർശനമായി നിരോധിച്ചിരിക്കുന്നു. അതിനാൽ തന്നെ അത്തരം കാര്യങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടം കൂടിയാണിത്.












Click it and Unblock the Notifications