വയനാടിന്റെ ടൂറിസം സ്വപ്‌നങ്ങൾക്ക് തിരിച്ചടി; സഞ്ചാരികളുടെ എണ്ണം കുറയ്ക്കും, ഒടുവിൽ ഊട്ടിയുടെ ഗതിയോ?
വയനാട്: വളർച്ചയുടെ പാതയിലായിരുന്നു വയനാട്ടിലെ ടൂറിസം മേഖല ഇതുവരെയും. എന്നാൽ ഈ വേനൽക്കാലത്തോടെ വലിയ പ്രതിസന്ധികളിലൂടെയാണ് അത് കടന്നുപോവുന്നത്. ഇപ്പോഴിതാ അതിന്റെ തീവ്രത വർധിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഇടപെടൽ കൂടി ഉണ്ടായിരിക്കുന്നത്. ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ സഞ്ചാരികളുടെ എണ്ണം കുറയ്ക്കണം എന്നാണ് കോടതിയുടെ നിർദ്ദേശം.
ഇത് നടപ്പിലാക്കിയാൽ വയനാടിന്റെ ടൂറിസം മേഖലയുടെ നട്ടെല്ല് ഒടിയുമെന്ന് ഉറപ്പാണ്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായിരുന്ന വയനാട് പക്ഷേ നിലവിൽ എല്ലാ മേഖലകളിൽ നിന്നും കൂടുതൽ പേർ എത്തുന്ന നിലയിലേക്ക് വളർന്നു വരികയായിരുന്നു. വിദേശി സഞ്ചാരികളും അന്യ സംസ്ഥാനത്ത് നിന്നുള്ളവരും കൂടുതലായി എത്തുകയും ചെയ്‌തിരുന്നു.

അതിനിടയിലാണ് ഇടിത്തീ പോലെ ഓരോ സംഭവങ്ങൾ ഉണ്ടാവുന്നത്. വയനാട്ടിലെ വർധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘർഷങ്ങളുടെ പരിണിത ഫലമെന്നോണമാണ് ഈ വർഷമാദ്യം വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഭൂരിഭാഗവും അടച്ചിട്ടത്. പുൽപ്പള്ളി സ്വദേശി പോളിനെ കാട്ടാന ചവുട്ടി കൊന്നതിന് പിന്നാലെയായിരുന്നു നടപടി.
പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ കുറുവാ ദ്വീപിലെ ജോലിക്കാരനായിരുന്നു പോൾ. ഈ സംഭവം വയനാട് ടൂറിസത്തെ ആകെ പിടിച്ചുലച്ചിരിക്കുകയാണ്. സാധാരണ ഗതിയിൽ ഏപ്രിൽ മാസത്തിൽ ഏതാണ്ട് ഒരു മാസത്തോളം വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടാറുണ്ട്.കാട്ടുതീ ഭീഷണിയെ തുടർന്നായിരുന്നു ഇത്.
എന്നാൽ പോളിന്റെ മരണത്തെ തുടർന്ന് അടച്ച വയനാട്ടിലെ പല കേന്ദ്രങ്ങളും നാല് മാസമായിട്ടും തുറന്നു കൊടുത്തിട്ടില്ല. ഈ വർഷത്തെ ഏറ്റവും നല്ല സീസൺ ആയ മെയ് മാസത്തിൽ ഇവയൊക്കെ അടഞ്ഞു കിടന്നതോടെ ഇതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒട്ടേറെ മനുഷ്യരുടെ ജീവിതമാണ് പ്രതിസന്ധിയിൽ ആയത്. അതിനിടെയാണ് സഞ്ചാരികളെ കുറയ്ക്കാനുള്ള നിർദ്ദേശവും വരുന്നത്.
ഫെബ്രുവരി മാസത്തിലാണ് കുറുവദ്വീപ്, തോൽപെട്ടി വന്യജീവി സങ്കേതം, ബ്രഹ്മഗിരി ട്രെക്കിങ് കേന്ദ്രം, സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം, മുനീശ്വരൻകുന്ന്, ചെമ്പ്ര പീക്ക്, മുത്തങ്ങ വന്യജീവി സങ്കേതം തുടങ്ങിയ വയനാട്ടിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ എല്ലാം അടച്ചത്. സർക്കാരിനും ടൂറിസം വ്യവസായത്തെ ചുറ്റിപറ്റി ജീവിക്കുന്ന നൂറുകണക്കിന് സാധാരണക്കാർക്കും ഇത് വലിയ വരുമാന നഷ്ട്ടം ഉണ്ടാക്കിയിട്ടുണ്ട്.
ഊട്ടിയുടെ ഗതിയാവുമോ വയനാടിന് എന്നാണ് ഇപ്പോഴത്തെ ഭയം. നേരത്തെ വലിയ ജനത്തിരക്കും, ഗതാഗത കുരുക്കും ഒക്കെ ഭീഷണിയായതോടെയാണ് ഊട്ടിയിൽ ഇ പാസ് ഏർപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ അതിന് പിന്നാലെ വലിയ തോതിലുള്ള ഇടിവാണ് സഞ്ചാരികളുടെ എണ്ണത്തിൽ ഇവിടെ ഉണ്ടായിരിക്കുന്നത്. ഇതേ അവസ്ഥ വയനാടിനും വരുമോ എന്നാണ് ചിലർ ഉന്നയിക്കുന്ന ചോദ്യം.
സഞ്ചാരികളുടെ എണ്ണം കുറയ്ക്കണമെന്ന നിർദ്ദേശം ഹൈക്കോടതി ജസ്‌റ്റിസുമാരായ പി ഗോപിനാഥ്, എകെ ജയശങ്കരൻ നമ്പ്യാർ എന്നിവരാണ് നൽകിയത്. കൂടാതെ മറ്റ് ചില നിർദ്ദേശങ്ങളും ബെഞ്ച് മുന്നോട്ട് വച്ചിരുന്നു. വനസംരക്ഷണ സമിതികളും മറ്റും നടത്തുന്ന ഹോട്ടലുകളിലും കടകളിലും സമ്പൂർണ പ്ലാസ്‌റ്റിക് നിരോധനം നടപ്പിലാക്കാനും അവർ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ തന്നെ വയനാട്ടിൽ ഇ-പാസ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പരിസ്ഥിതി സംഘടനകൾ ഉൾപ്പെടെ ഈ വിഷയത്തിൽ നിരന്തരം ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ. എന്തായാലും വയനാട്ടിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനിയും തുറക്കാതിരുന്നാൽ വലിയ തോതിൽ സഞ്ചാരികളെ നഷ്‌ടപ്പെടാനാണ് സാധ്യത.












Click it and Unblock the Notifications