കോവളം മുതൽ കോഴിക്കോട് വരെ; ഈ ബീച്ചുകളെ വെല്ലാൻ ഒന്നിനുമാവില്ല, കടൽ ഒരു സംഭവം തന്നെ
ഇന്ത്യയിൽ തന്നെ ഏറ്റവും മനോഹരമായ കടൽത്തീരം സ്വന്തമായുള്ള നാടാണ് നമ്മുടെ കൊച്ചു കേരളം. കേവലം കാടും മലയും കുന്നുകളും കായലും മാത്രമല്ല, കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് ബീച്ചുകൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദേശ ടൂറിസ്‌റ്റുകൾ എത്തുന്നതും ബീച്ചുകൾ ലക്ഷ്യമിട്ട് തന്നെയാണ്. കോവളവും വർക്കലയുമൊക്കെ ഉദാഹരണങ്ങൾ മാത്രം.
ഒട്ടനേകം മനോഹരമായ ബീച്ചുകൾ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. എന്നാൽ അവയിൽ എല്ലായിടത്തും ഈ വേനക്കാലത്ത് പോവുക എന്നത് ദുഷ്‌കരം തന്നെയായിരിക്കും. എങ്കിലും ഏത് വേനലിലും സഞ്ചാരികളെ കാത്തിരിക്കുന്ന, അത്രയധികം പേർ എത്തുന്ന ചില ഇടങ്ങളുമുണ്ട് നമ്മുടെ നാട്ടിൽ. അത്തരത്തിലുള്ള അഞ്ച് ബീച്ചുകൾ നമുക്ക് ഇന്ന് പരിചയപ്പെടാം.

കോവളം ബീച്ച്
കേരളത്തിന്റെ തലസ്ഥാന നഗരിയിൽ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് വിദേശ ടൂറിസ്‌റ്റുകളുടെ ഏറ്റവും പ്രിയ ലൊക്കേഷനുകളിൽ ഒന്നാണ്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് കോവളം സ്ഥിതി ചെയ്യുന്നത്. സൺ ബാത്ത്, നീന്തൽ, ഹെർബൽ ബോഡി ടോണിംഗ് മസാജുകൾ, പ്രത്യേക സാംസ്‌കാരിക പരിപാടികൾ, കാറ്റമരൻ ക്രൂയിസിംഗ് എന്നിവ ഉൾപ്പെടെ നിരവധി സവിശേഷമായ പരിപാടികളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
കോഴിക്കോട് ബീച്ച്
കോഴിക്കോടിനെ സവിശേഷമാക്കുന്ന നിരവധി സ്വഭാവ സവിശേഷതകളുടെ പരിച്ഛേദമാണ് കോഴിക്കോട് ബീച്ച്. പ്രത്യേകിച്ച് ആതിഥ്യമര്യാദയുടെ പെരുമ പേറുന്ന കോഴിക്കോടിന്റെ രുചി അറിയാൻ ഏറ്റവും അനുയോജ്യമായ ഇടങ്ങളിൽ ഒന്നാണ് ഇത്. രാത്രിയോ പകലെന്നോ വ്യത്യാസമില്ലാതെ അത്രയധികം ആളുകൾ എത്തുന്ന മറ്റൊരു കടൽത്തീരം കേരളത്തിൽ വേറെയുണ്ടാവില്ല. കോഴിക്കോടിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഒരവശേഷിപ്പ് കൂടിയാണിവിടം.
ബേക്കൽ ബീച്ച്
ബേക്കൽ ഫോർട്ട് ബീച്ച് എന്നറിയപ്പെടുന്ന മനോഹരമായ ബീച്ച് ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് പ്രത്യേക അനുഭൂതി നൽകുന്ന കാഴ്‌ചയാണ്. ബേക്കൽ കോട്ട എന്ന അതിമനോഹരമായ സൃഷ്‌ടി കൂടി ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കാഴ്‌ചയുടെ വിരുന്നൊരുക്കും. കടൽത്തീരത്തെ കുത്തനെയുള്ള കുന്നുകളിൽ സ്ഥിതി ചെയ്യുന്ന കോട്ട ബീച്ചിൽ നിന്നുള്ള മനോഹരമായ കാഴ്‌ച നൽകുന്നു. വളരെ വൃത്തിയോടെ പരിപാലിക്കുന്നു എന്നതും ഇവിടുത്തെ പ്രത്യേകതയാണ്.
വർക്കല ബീച്ച്
തിരുവനന്തപുരത്തു നിന്ന് 45 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന വർക്കലയിലെ ക്ലിഫ് ബീച്ച് സംസ്ഥാനത്തെ ഒട്ടേറെ സവിശേഷതകളുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്. ഒട്ടേറെ വിദേശ വിനോദ സഞ്ചാരികൾ എത്തുന്ന ഇടം കൂടിയാണിത്. പാരാസെയിലിങ്, സ്‌കൂബ ഡൈവിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ സാഹസിക വിനോദങ്ങൾക്കും വർക്കലയിൽ അവസരമുണ്ട്.
പയ്യാമ്പലം ബീച്ച്
കണ്ണൂരിൽ മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന ഇടങ്ങളിലൊന്നാണ് പയ്യാമ്പലം ബീച്ച്. കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങൾ ആസ്വദിക്കാനും, ശാന്തത ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ് പയ്യാമ്പലം. അൽപ്പം സാഹസികത ആഗ്രഹിക്കുന്നവർക്ക് സർഫിംഗ്, നീന്തൽ ഓപ്ഷനുകളും ലഭ്യമാണ്. നിരവധി സിനിമകളിൽ ഇവിടം മുഖം കാട്ടിയിട്ടുണ്ട്. കണ്ണൂർ ടൗണിനോട് ചേർന്ന് കിടക്കുന്നത് കൊണ്ട് തന്നെ വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണിത്.












Click it and Unblock the Notifications