ഇടുക്കിയിലെ മിടുക്കിയാണ് തേക്കടി..; വന്യമായ യാത്ര ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടം, ന്യൂയർ ഇവിടെ തകർക്കാം...
കേരളത്തിൽ ഹിൽ സ്‌റ്റേഷനുകൾ ഒരുപാടുണ്ട് നമുക്ക് പോവാൻ. ചെറുതും വലുതുമായ ഒട്ടനവധി ഇടങ്ങൾ. ഇടുക്കി ജില്ലയിൽ തന്നെ മൂന്നാറിന് പുറമെ ഹിൽ സ്‌റ്റേഷനുകൾ വേറെയുമുണ്ട്. എന്നാൽ കേരളത്തിൽ തേക്കടിയ്ക്ക് പകരം വയ്ക്കാൻ മറ്റൊരിടമില്ല. അത്രയ്ക്കും സവിശേഷതകൾ ഉള്ള ഒരിടമാണ് തേക്കടി. ബോട്ട് യാത്രയ്ക്കും വന്യജീവികളെ അടുത്ത് നിന്ന് കാണാനുള്ള സാധ്യതയും ഇവിടുത്തേക്കുള്ള യാത്ര കൂടുതൽ മനോഹരമാക്കുന്നു.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്ക് അപ്പുറം ഇവിടം വ്യത്യസ്‌തമാവുന്നത് മേഖലയിലെ വനസമ്പത്ത് ഒന്ന് കൊണ്ട് മാത്രമാണ്. കേരളത്തിന്റെ വന്യ മൃഗ സമ്പത്തിന്റെ ഒരു പരിച്ഛേദം തന്നെ കാണാവുന്ന ഇടമാണ് തേക്കടി എന്ന് പറഞ്ഞാലും അതിശയോക്തി ആയിരിക്കില്ല. പന്നി, മാൻ, കാട്ടുപോത്ത്, ആന തുടങ്ങിയ അനേകം വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണ് ഇവിടം.

ഇടുക്കി കുമളിയിൽ നിന്ന് അൽപദൂരം മാറി കേരള-തമിഴ്‌നാട് അതിർത്തിയിലാണ് ഈ ടൂറിസ്‌റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കടുവാസങ്കേതമായ പെരിയാറിന്റെ ആസ്ഥാനമെന്നാണ് തേക്കടിയെ വിശേഷിപ്പിക്കുന്നത്. തേക്കടിയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഏത് സമയത്തും ഇവിടെ കായലിൽ ദാഹമകറ്റാൻ എത്തുന്ന വന്യ മൃഗങ്ങളുടെ സാന്നിധ്യമാണ്.
തേക്കടിയിൽ എത്തുന്നവർ നിർബന്ധമായും കാണേണ്ട ഇടങ്ങൾ ഇവയാണ്:
പാണ്ടിക്കുഴി: മനോഹരമായ കാഴ്‌ചകൾ കൊണ്ട് സമ്പന്നമായ ഇടമാണിത്. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് പാണ്ടിക്കുഴി. എന്നാൽ അധികം സഞ്ചാരികൾ വന്നെത്താത്ത ഇവിടം പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ ഒരിടമാണെന്ന് പറയാതിരിക്കാൻ വയ്യ. ട്രെക്കിങ്ങ് ഇഷ്‌ടപ്പെടുന്നവർ ഒരിക്കലും പാണ്ടിക്കുഴി വിട്ടുകളയരുത്. ഒരു ചിത്രം വരച്ചത് പോലെ തോന്നുന്ന ഈ പ്രദേശം തേക്കടിയിൽ എത്തിയിട്ട് കണ്ടില്ലെങ്കിൽ വലിയ നഷ്‌ടം തന്നെയായിരിക്കും.
കുരിശുമല: പെരിയാർ വന്യജീവി സങ്കേതത്തിന് ചുറ്റുമായി ഒരു കോട്ട പോലെ വളഞ്ഞു നിൽക്കുന്ന ഈ മല കാഴ്‌ചയിൽ ആശ്ചര്യമുണർത്തും. മലമുകളിൽ നിന്നുള്ള കാഴ്‌ചകൾ തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. മലയുടെ മുകളിൽ നിന്ന് നോക്കിയാൽ പെരിയാർ വന്യജീവി സങ്കേതത്തിലെ കാഴ്‌ചകൾ കാണാനാകും.
ചെല്ലാർകോവിൽ: തേക്കടിയിലെ മറ്റൊരു ആകർഷണ കേന്ദ്രമാണ് ഇത്. സമുദ്ര നിരപ്പിൽ നിന്നും മൂവായിരം അടിയിൽ അധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം തമിഴ്‌നാട്ടിലെ ഗ്രാമങ്ങളുടെ മനോഹരമായ കാഴ്‌ചകൾ നമുക്ക് സമ്മാനിക്കും. കുമളിയിൽ നിന്ന് ഏതാണ്ട് പതിനഞ്ച് കിലോമീറ്റർ ദൂരമാണ് ഇവിടെക്കുള്ളത്.


Click it and Unblock the Notifications