അതിരപ്പിള്ളി യാത്ര മനസിലുണ്ടോ..? എങ്കിൽ തുമ്പൂർമുഴി മിസാക്കല്ലേ, കാണാൻ ഒരുപാടുണ്ട്...
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ലൊക്കേഷനുകളുടെ പേര് ചോദിച്ചാൽ നമ്മൾ ആദ്യം പറയുക മൂന്നാറും, അതിരപ്പിള്ളിയുമായിരിക്കും. ഈ രണ്ട് ഇടങ്ങൾക്കും പൊതുവായുള്ള മറ്റൊരു പ്രത്യേകതയാണ് ഇവിടെ നടക്കുന്ന സിനിമാ ചിത്രീകരണങ്ങളുടെ എണ്ണം. അതിൽ തന്നെ കേരളത്തിന് പുറത്തുള്ളവരുടെയും ഇഷ്‌ട ഷൂട്ടിംഗ് ലൊക്കേഷനാണ് അതിരപ്പിള്ളി.
അതിരപ്പിള്ളിയുടെ ദൃശ്യഭംഗി ഒപ്പിയെടുത്ത ഒട്ടേറെ സിനിമകൾ ഇറങ്ങിയിട്ടുണ്ട്. തമിഴിലെ ലെജൻഡറി സംവിധായകൻ മണിരത്നത്തിന്റെ പ്രിയപ്പെട്ട ലൊക്കേഷനുകളിൽ ഒന്നായിരുന്നു അതിരപ്പിള്ളി. പറഞ്ഞുവന്നത് അതിരപ്പിള്ളിയുടെ മനോഹാരിതയെ കുറിച്ചാണ്. തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം പ്രകൃതി മനോഹരമാണെന്ന് മാത്രമല്ല, കേരളത്തിൽ മറ്റൊരിടത്തും കാണാത്ത വിസ്‌മയങ്ങൾ ഒരുക്കിയ ഇടം കൂടിയാണ്.

അതിരപ്പിള്ളി വെള്ളച്ചാട്ടം
തൃശൂർ ജില്ലയിലെ ചാലക്കുടിക്ക് കിഴക്കായി അതിരപ്പിള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് ഇത്. ഏകദേശം 24 മീറ്റർ ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ചാലക്കുടിപ്പുഴയിലാണ്. ഈ മനോഹരമായ വെള്ളച്ചാട്ടം ചുറ്റും വനത്തിൽ മൂടപ്പെട്ടതിനാൽ അതീവ മനോഹരമായ കാഴ്‌ചയാണ് നിങ്ങൾക്ക് ഒരുക്കിയിരിക്കുന്നത്. വിവിധയിനം പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണിത്.
ഇവിടുന്ന് തൊട്ടടുത്താണ് മറ്റൊരു പ്രധാന വെള്ളച്ചാട്ടമായ വാഴച്ചാൽ സ്ഥിതി ചെയ്യുന്നത്. അതിരപ്പിള്ളിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടെക്കുള്ളത്. ചാലക്കുടി-വാൽപ്പാറ റോഡിനരികിലാണ് ഈ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. പൊള്ളാച്ചിയിലേക്കും, വാൽപ്പാറയിലേക്ക് ഇവിടെ നിന്ന് അധിക ദൂരമില്ല. സമയമുള്ളവർക്ക് വാൽപ്പാറ യാത്ര മറ്റൊരു മനോഹരമായ അനുഭവമായിരിക്കും സമ്മാനിക്കുക. ഇവിടെ നിന്ന് ഷോളയാർ ഡാമും അടുത്താണ്.
തുമ്പൂർമുഴി
ചാലക്കുടി ജലസേചനപദ്ധതിയുടെ ഭാഗമായി ചാലക്കുടി പുഴയിൽ തുമ്പൂർമുഴി എന്ന ഗ്രാമത്തിൽ പണിതിരിക്കുന്ന തടയണയാണ് ഈ ഗ്രാമത്തിന്റെ പ്രധാന ആകർഷണകേന്ദ്രം. കല്ലും പാറയും നിറഞ്ഞ വീതിയേറിയ പ്രദേശത്ത് കൂടി വെള്ളം ഒഴുകുമ്പോൾ അതിനൊരു വെള്ളച്ചാട്ടത്തിന്റെ മനോഹാരിത കൈവരുന്നു എന്നതാണ് പ്രത്യേകത.
മഴക്കാലത്ത് ഇവിടേക്ക് ചെന്നാൽ പാറകളൊന്നും കാണാനാവില്ല. ഇവിടേം മുഴുവൻ നിറഞ്ഞുകവിഞ്ഞൊഴുകുന്ന ചാലക്കുടി പുഴയായിരിക്കും കണ്ണിലുടക്കുക. ഇവിടുത്തെ ഏറ്റവും വലിയ മറ്റൊരു ആകർഷണം തൂക്കുപാലമാണ്. തുമ്പൂർമുഴിയെ ഏഴാറ്റുമുഖവുമായി ബന്ധിപ്പിക്കുന്ന ഈ തൂക്കുപാലം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ്.
അതിനോട് ചേർന്ന് കുട്ടികൾക്കായുള്ള പാർക്കും, ചിത്രശലഭങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക ഉദ്യാനവും ഒരുക്കിയിട്ടുണ്ട്. ഇതും യാത്രയിൽ ഉൾപ്പെടുത്താവുന്നതാണ്. ഒന്നിലധികം ദിവസം താമസിച്ച് അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അടുത്ത് തന്നെ നിരവധി റിസോർട്ടുകളും ഹോം സ്‌റ്റേകളും ലഭ്യമാണ്.












Click it and Unblock the Notifications