മഴവില്‍ച്ചാട്ടവും തുമ്പിതുള്ളുംപാറയും ചേരുന്ന 'തുഷാരഗിരി'; ഇവിടം അതിമനോഹരം, വിട്ടുകളയല്ലേ ഈ കാഴ്‌ച...
ഏത് നാട്ടിലായാലും, ഏത് സമയത്തായാലും വെള്ളച്ചാട്ടങ്ങളുടെ കാഴ്‌ച നമ്മുടെ കണ്ണിന് കുളിർമയേകുന്ന ഒന്നാണ്. മലമുകളിലെ നോക്കെത്താ ദൂരത്ത് നിന്ന് ഒഴുകിയിറങ്ങി വരുന്ന അരുവികൾ പാറകളിൽ തട്ടി ചിതറി തെറിച്ചു വീഴുന്നത് കാണാൻ അത്രമേൽ മനോഹരമാണ്. അടുത്തെങ്ങും ഇല്ലെങ്കിലും അത് കാണുമ്പോൾ നമ്മുടെ ഉള്ളിൽ ഒരു തണുപ്പ് അനുഭവപ്പെടും.
എന്നാൽ എല്ലാ വെള്ളച്ചാട്ടങ്ങളും എല്ലായ്പ്പോഴും നമ്മുടെ മനസിൽ തട്ടി നിൽക്കുന്നവ ആയിരിക്കണം എന്നില്ല. അതിൽ ചിലത് ഛായാചിത്രങ്ങൾ വരച്ചിട്ടത് പോലെ നമ്മുടെ ഉള്ളിൽ നിറഞ്ഞു നിൽക്കും. അത്തരത്തിൽ ഒരിടമാണ് കോഴിക്കോട് ജില്ലയിലെ തുഷാരഗിരി. അത്യപൂർവമായ പ്രകൃതി ഭംഗിയ്‌ക്കൊപ്പം അവിടം തല ഉയർത്തി നിൽക്കുമ്പോൾ ഒരു വട്ടമെങ്കിലും അവിടെ എത്തിയവർക്ക് വീണ്ടും പോവാനുള്ള കൊതിയുണ്ടാകും എന്നുറപ്പാണ്.

തുഷാരഗിരിയുടെ പേരിന് പിന്നിൽ
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം. മഞ്ഞണിഞ്ഞ മലകൾ എന്ന് അർത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലാണ് നിലകൊള്ളുന്നത്. പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഇവിടം, ധാരാളം വനസമ്പത്ത് കൊണ്ട് പേരുകേട്ട ഇടം കൂടിയാണ്.
ഇരട്ടമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നീ മൂന്നു പ്രധാന വെള്ളച്ചാട്ടങ്ങളെ ചേർത്താണ് തുഷാരഗിരിയെന്ന് വിളിക്കുന്നത്. പാറയുടെ ഏറ്റവും മുകളില്‍ വെളുത്തു നുരഞ്ഞു പതഞ്ഞു വീഴുന്ന ജലപാതമാണ് ഇതിന്റെ പേരിനെ അന്വർത്ഥമാക്കുന്നത്. ഇവയുടെ അടുത്തെത്താൻ ഒരൽപം ശാരീരിക അധ്വാനം ആവശ്യമാണ് എന്നത് അവിടേക്ക് പോരുന്നവർ നിർബന്ധമായും മനസിൽ കരുതണം.
അടക്ക, കുരുമുളക്, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനത്തോട്ടങ്ങൾക്ക് നടുവിലായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ കിടപ്പ്. ഇവിടെ നിന്ന് കാട്ടിലൂടെയുള്ള നടവഴി ചെന്നെത്തുക വയനാട്ടിലെ വൈത്തിരിയിലാണ്. ട്രെക്കിംഗ് താൽപര്യമുള്ള ആളുകൾക്ക് അനുയോജ്യമായ ഇടമാണ് തുഷാരഗിരി എന്ന കാര്യം പ്രത്യേകം എടുത്ത് പറയുകയാണ്.
വനം വകുപ്പ് നൽകുന്ന പാസ് എടുത്തതിന് ശേഷമാണ് തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്ക് കടക്കാൻ കഴിയുക. തുഷാരഗിരിയിലേക്ക് വരുന്ന സഞ്ചാരികളിൽ കൗതുകം നിറയ്ക്കുന്ന കാഴ്‌ചയാണ് അഞ്ഞൂറ് വർഷം പഴക്കം ചെന്ന താന്നിമുത്തശ്ശി എന്ന വൃക്ഷം. കൂടാതെ വയനാട്ടിലേക്ക് ഇവിടെ നിന്ന് അധികം ദൂരമില്ലാത്തതിനാൽ ആ വഴിയും പരീക്ഷിക്കാവുന്നതാണ്.












Click it and Unblock the Notifications