അഷ്‌ടമുടികായലിന്റെ മണിമുത്ത്; അതാണ് മൺറോ തുരുത്ത്, ഈ പച്ചപ്പും മനോഹാരിതയും മറ്റെവിടെയും കാണാനാവില്ല
പണ്ട് മുതലേ മലയാള തനിമയുള്ള ഗാനങ്ങളിലും കവിതകളിലും ഒക്കെ നിറഞ്ഞു നിന്നിരുന്ന വിവരങ്ങളെ അന്വർത്ഥമാക്കുന്ന ഒരിടം കാണാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ ഒട്ടും ആലോചിക്കാതെ കൊല്ലം മൺറോ തുരുത്തിലേക്ക് പോവുന്നതാവും നല്ലത്. അവിടെ നിങ്ങളെ കാത്തിരിക്കുന്ന കാഴ്‌ചകൾ വർണിക്കാൻ വാക്കുകൾ മതിയാകാതെ വരും. അത്രയ്ക്കും മനോഹരമാണ് അഷ്‌ടമുടിയുടെ ഹൃദയത്തിൽ നിലകൊള്ളുന്ന മൺറോ തുരുത്തിന്റെ ഭംഗി.
8 ദ്വീപുകളുടെ ഒരു കൂട്ടം ഉൾക്കൊള്ളുന്ന ഒരിടമാണ് ഇത്. അവ ഓരോന്നും ചെറിയ ചാലുകളും വെള്ളകെട്ടുകളും കൊണ്ട് വേർതിരിച്ചിരിക്കുന്നു. കൊല്ലത്ത് നിന്ന് 27 കിലോമീറ്റർ അകലെയാണ് മൺറോ തുരുത്ത് സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂറിലെ റസിഡന്റ് കേണൽ ജോൺ മൺറോയുടെ ബഹുമാനാർത്ഥമാണ് ഈ സ്ഥലത്തിന് ഈ പേര് നൽകിയിരിക്കുന്നത്.

പ്രദേശത്ത് ധാരാളം കനാലുകൾ കുഴിച്ച് അദ്ദേഹം നിരവധി കായൽ പ്രദേശങ്ങളെ തമ്മിൽ കൂട്ടിച്ചേർത്തതായി പറയപ്പെടുന്നു. ഈ ദ്വീപിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഇടുങ്ങിയ ജലപാതകൾ. കൂടാതെ കനാൽ ക്രൂയിസ് ഇവിടുത്തെ മറ്റൊരു പ്രധാന സവിശേഷതകളിൽ ഒന്നാണെന്ന് പറയാതെ വയ്യ.
ഓണക്കാലത്ത് ഇവിടെ നടക്കുന്ന പ്രശസ്‌തമായ കല്ലട വള്ളംകളിയും മൺറോ തുരത്തിന് പ്രശസ്‌തി സമ്മാനിക്കുന്നുണ്ട്. ജീവിതത്തിലെ തിരക്കുകളിൽ നിന്ന് മാറി അൽപ്പനേരം ശാന്തമായ ഒരിടത്ത് ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം മൺറോ തുരുത്തോളം അനുയോജ്യമായ ഇടം വേറെയില്ല.
ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണ് ചെറു വള്ളങ്ങളിലൂടെയുള്ള യാത്ര. നേരത്തെ പറഞ്ഞത് പോലെ ഇതൊരു ദ്വീപുകളുടെ കൂട്ടമാണ്, കല്ലടയാറ്റിനും അഷ്‌ടമുടികായലിനും ഇടയിൽ സ്ഥിതി ചെയ്യുന്നതിനാൽ രണ്ട് വലിയ ജലാശയങ്ങളുടെ മുഴുവൻ സൗന്ദര്യവും അത് ഒപ്പിയെടുത്തിരിക്കുന്നു എന്ന് മാത്രം.
ഇവിടേക്ക് കൂടുതലായി സഞ്ചാരികൾ എത്തുന്നത് സൂര്യോദയവും അസ്‌തമനവും ഒക്കെ കാണുവാനാണ്. അങ്ങനെ പുലർച്ചെയാണ് ഇവിടേക്ക് പോവുന്നതെങ്കിൽ വെയിലിന്റെ കാഠിന്യം അധികം ഏൽക്കാതെ കാഴ്‌ചകൾ കാണാനുള്ള അവസരമാണ് നിങ്ങൾക്ക് ലഭിക്കുക. ഇവിടുത്തെ കണ്ടൽക്കാടുകൾക്ക് ഇടയിലൂടെയുള്ള തോണി യാത്ര തികച്ചും വ്യത്യസ്‌തമായ ഒരു അനുഭവമാണ്.
ധാരാളം സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. പ്രാദേശികരായ, ആഭ്യന്തര സഞ്ചാരികളേക്കാൾ ഇവിടെ വിദേശത്ത് നിന്നെത്തുന്നവരാണ് കൂടുതൽ. ഇവിടെ ഭക്ഷണത്തിന്റെ വൈവിധ്യങ്ങൾ കൂടി നിങ്ങൾക്ക് ആസ്വദിക്കാൻ ഇവിടെ അവസരമുണ്ട്.












Click it and Unblock the Notifications