അമ്പമ്പോ..എന്തൊരു മനോഹര കാഴ്‌ച; 900 കണ്ടിയിലെ വൈബ് ഒന്ന് വേറെ തന്നെ, എടക്കൽ ഗുഹ കൂടി കാണാം
ഒരു മാസം മുൻപ് കേരളത്തെയാകെ നടുക്കിയ ഉരുൾപൊട്ടൽ ഭീതിയിൽ നിന്ന് കരകയറി വരികയാണ് വയനാട്ടിലെ ടൂറിസം മേഖല. ഇടതടവില്ലാതെ പെയ്‌ത മഴയും ഭീതിജനകമായ അന്തരീക്ഷവും ഒക്കെയായി സഞ്ചാരികൾ വരാൻ മടിച്ചു നിൽക്കുകയായിരുന്നു ഇവിടേക്ക്. എന്നാൽ ഭീതിയുടെ കാർമേഘങ്ങൾ ഒഴിഞ്ഞു തുടങ്ങിയതോടെ ടൂറിസം പഴയ നിലയിലേക്ക് മടങ്ങിവരികയാണ്. അതും ഓണക്കാലമാണ് വരാനിരിക്കുന്നതെന്ന് ഓർക്കണം.
മലയാളികളുടെ ഇഷ്‌ട ടൂറിസം കേന്ദ്രമായ വയനാട്ടിൽ കാണാൻ ഒട്ടേറെ കാഴ്‌ചകളുണ്ട്. എങ്കിലും ഉരുൾപൊട്ടൽ വലിയ രീതിയിൽ അതിനെ ബാധിച്ചിരുന്നു എന്നതൊരു യാഥാർഥ്യമാണ്. എന്നാൽ ഈ സീസണിൽ കൂടുതൽ സഞ്ചാരികളെ വരവേൽക്കാൻ വീണ്ടും ഒരുങ്ങുന്ന വയനാട്ടിലേക്ക് പോവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ വ്യത്യസ്‌തമായ ഒരു ആശയം നിങ്ങൾക്കായി പങ്കുവയ്ക്കുകയാണ് ഇവിടെ.

വയനാട്ടിലെ ഏറ്റവും മികച്ചതും ആളുകൾ വരാൻ ഇഷ്‌ടപ്പെടുന്നതുമായ രണ്ട് കേന്ദ്രങ്ങളെ കൂട്ടിയിണക്കുന്ന ഈ യാത്ര തികച്ചും വ്യത്യസ്ഥ അനുഭവം തന്നെയായിരിക്കും സഞ്ചാരികൾക്ക് നൽകുക എന്നുറപ്പാണ്. അതിൽ ആദ്യത്തെ ഇടം ഏറെ പ്രസിദ്ധമായ 900 കണ്ടി എന്ന പ്രദേശമാണ്. റീലിസിലൂടെയും അല്ലാതെയുള്ള വീഡിയോകളിലൂടെയും വാർത്തകളിലൂടെയും ഒക്കെ പ്രശസ്‌തമായ ഇടം കൂടിയാണിത്, മറ്റൊന്ന് ഇടക്കാല ഗുഹയാണ്.
900 കണ്ടിയുടെ മനോഹാരിത ആസ്വദിക്കാം
900 കണ്ടി അഥവാ തൊള്ളായിരം കണ്ടി സാഹസികത തേടുന്നവരുടെയും പ്രകൃതി സ്‌നേഹികളുടെയും ഇഷ്‌ട കേന്ദ്രങ്ങളിൽ ഒന്നാണെന്ന് നിസംശയം പറയാം. 900 ഏക്കർറുകളോളം വരുന്ന കാടും കുന്നും നിറഞ്ഞ വയനാട്ടിലെ ഉയർന്ന പ്രദേശങ്ങളിൽ ഒന്നാണ് ഇവിടം. അതിമനോഹരമായ വ്യൂ സമ്മാനിക്കുന്ന പ്രദേശമാണ് ഈ മലനിര കയറിയാൽ നിങ്ങൾക്ക് കാണാൻ കഴിയുക.
തികച്ചും ശാന്തമായ അന്തരീക്ഷമുള്ള 900 കണ്ടിയിൽ പ്രകൃതിരമണീയമായ ഒട്ടേറെ കാഴ്‌ചകൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. കൂറ്റൻ മലനിരകളുടെ ഭംഗിയേറിയ കാഴ്‌ച പ്രദാനം ചെയ്യുന്ന ഗ്ലാസ് ബ്രിഡ്‌ജ് ആണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. അതിനൊപ്പം അവിടേക്കുള്ള ട്രെക്കിംഗ് പാതയും അത്രതന്നെ മികച്ചതാണ്.
കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്നവർക്ക് താമരശ്ശേരി ചുരം കയറി വൈത്തിരിയിലൂടെ വേണം ഇവിടേക്ക് എത്താൻ. അവിടെ നിന്ന് മേപ്പാടി വഴി 900 കണ്ടിയിലേക്ക് കയറാനുള്ള സൗകര്യമുണ്ട്. കണ്ണൂരിൽ നിന്ന് വരുന്നവർക്ക് കൂത്തുപറമ്പ് വഴി മാനന്തവാടി കയറി അവിടെ നിന്നും കൽപ്പറ്റ വഴി 900 കണ്ടിയിലേക്ക് വരാൻ കഴിയും.
എടക്കൽ ഗുഹയുടെ അത്ഭുതങ്ങളിലേക്ക്
സുൽത്താൻ ബത്തേരിയിൽ നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എടക്കൽ ഗുഹ നമ്മുടെ തന്നെ പൂർവികരുടെ ജീവിതത്തെയും അവരുടെ രീതികളെയും കുറിച്ചുള്ള ഒട്ടനവധി നിർണായക വിവരങ്ങൾ നൽകിയിട്ടുള്ള പ്രദേശമാണ്. അതുകൊണ്ട് തന്നെ 900 കണ്ടിയിലെ വൈബ് മാറ്റിവച്ച് ഒരൽപം ഗൗരവമായി തന്നെ എടക്കൽ ഗുഹയിലേക്ക് കയറണോ എന്ന ചോദ്യം ഉയരാം. എന്നാൽ അതിന്റെയൊന്നും ആവശ്യമിള്ളന്നതാണ് സത്യം. ഗുഹയുടെ പ്രൗഢി അടുത്തറിയാൻ നമുക്ക് ഈ യാത്രയിലൂടെ സാധിക്കും.
കൂറ്റൻ പാറയിൽ വലിയൊരു പിളർപ്പ് ഉണ്ടായി എന്ന് വിശ്വസിക്കപ്പെടുന്ന പ്രകൃതിദത്തമായ രണ്ട് പാറക്കൂട്ടങ്ങളാണ് പിന്നീട് ഗുഹകളായി മാറിയിരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1200 അടി ഉയരത്തിലായാണ് എടക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ധാരാളം കൊത്തുപണികളും, ചുമർ ചിത്രങ്ങളും ഒക്കെയുള്ള ഇവിടം ശരിക്കും കാഴ്‌ചയുടെ അത്ഭുതമാണ് ഒരുക്കി വച്ചിരിക്കുന്നത്. അതിനാൽ വയനാട് യാത്രയിൽ ഉറപ്പായും കാണേണ്ട ഒരിടം തന്നെയാണ് എടക്കൽ ഗുഹയും.












Click it and Unblock the Notifications