മൺസൂണിൽ മഴ നനയണ്ടേ? ഈ അടിപൊളി വെള്ളച്ചാട്ടങ്ങൾ വിട്ടുകളയരുത്, അതിരപ്പിള്ളി മുതൽ തുഷാരഗിരി വരെ
മഴക്കാലമായാൽ പിന്നെ ടൂറിസം കേന്ദ്രങ്ങൾക്ക് ഒരേ സമയം ഉണർവും ആശങ്കയുമാണ്. കനത്ത മഴയിൽ അടച്ചിടേണ്ടി വരുന്ന ഇടങ്ങളുമുണ്ട്, മഴക്കാലത്ത് ഏറ്റവും ഭംഗിയേറുന്ന സ്ഥലങ്ങളുമുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ. എന്നാൽ ഒട്ടുമിക്ക വെള്ളച്ചാട്ടങ്ങളിലും മൺസൂൺ കാലമെന്നാൽ ആഘോഷത്തിന്റെ സമയമാണ്. വേനലിന്റെ ക്ഷീണം മാറ്റി വെള്ളം നിറഞ്ഞൊഴുകുന്ന കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ അപൂർവ കാഴ്‌ച സമയമാണിത്.
അത്തരത്തിൽ നിങ്ങൾ ഈ മഴക്കാലത്ത് വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ ധാരാളം ഓപ്‌ഷനുകളുണ്ട്. അതിൽ ഏറ്റവും മികച്ച അഞ്ച് വെള്ളച്ചാട്ടങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. അതിൽ കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ അതിരപ്പിള്ളി മുതൽ തുഷാരഗിരി വരെയുള്ളവ ഇടംപിടിച്ചിട്ടുണ്ട്.

അതിരപ്പിള്ളി വെള്ളച്ചാട്ടം
80 അടിയിലധികം ഉയരമുള്ള കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. തകർത്തുപെയ്യുന്ന മഴയിൽ വെള്ളം ഭൂമിയിലേക്ക് പതിക്കുന്ന കാഴ്‌ച നിങ്ങളെ അത്ഭുതപ്പെടുത്തും. തൃശൂർ ജില്ലയിൽ നിന്ന് 63 കിലോമീറ്റർ അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരയിലെ ഷോളയാർ റേഞ്ചിലുള്ള ഏറ്റവും പ്രകൃതി മനോഹരമായ ഇടങ്ങളിൽ ഒന്ന് കൂടിയാണ് അതിരപ്പിള്ളി നിൽക്കുന്ന പ്രദേശം. ഇവിടെ നിന്ന് 5 കിലോമീറ്റർ മാത്രം അകലെയുള്ള വാഴച്ചാൽ വെള്ളച്ചാട്ടവും മികച്ചൊരു ഇടമാണ്.
തുഷാരഗിരി വെള്ളച്ചാട്ടം
കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും മികച്ച വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് തുഷാരഗിരി. ഇവിടുത്തെ കൊടുമുടിയുടെ മൂടൽമഞ്ഞ് നിറഞ്ഞ പ്രകൃതിയിൽ നിന്നാണ് തുഷാരഗിരി എന്ന പേരുണ്ടായത്. ഈരാറ്റുമുക്ക്, മഴവിൽ ചട്ടം, തുമ്പിതുള്ളുംപാറ എന്നിവ ചേർന്നതാണ് ഈ വെള്ളച്ചാട്ടം. മഴയുടെ മൂർധന്യത്തിൽ ഇവിടേക്ക് സഞ്ചാരികളെ വിടാറില്ലെങ്കിലും മഴ കുറഞ്ഞാൽ ഇവിടുത്തെ കാഴ്‌ചകൾ ആസ്വദിക്കാൻ കഴിയും. കോടഞ്ചേരിയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
പാലരുവി വെള്ളച്ചാട്ടം
300 അടി ഉയരത്തിൽ നിന്ന് പാറക്കെട്ടുകൾക്കിടയിലൂടെ താഴേക്ക് പതിക്കുന്ന അതിമനോഹര കാഴ്‌ചയാണ് പാലരുവി വെള്ളച്ചാട്ടം ഒരുക്കുന്നത്. കൊല്ലം ജില്ലയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകളുടെ മുകളിൽ നിന്ന് ഒഴുകുന്ന ജലം പാല് പോലെ തോന്നുന്നത് കൊണ്ടാണ് ഈ വെള്ളച്ചാട്ടത്തിന് ഈ പേര് ലഭിച്ചത്. ഉൾവനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിന് ഔഷധഗുണമുണ്ടാകും എന്നാണ് പ്രദേശ വാസികളുടെ വിശ്വാസം. ഇവിടേക്കുള്ള യാത്രയും മികച്ചൊരു അനുഭവമാണ് സമ്മാനിക്കുക.
മീൻമുട്ടി വെള്ളച്ചാട്ടം
വയനാട്ടിലെ കൽപറ്റയിൽ നിന്നും 29 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസികത ഇഷ്‌ട പ്പെടുന്ന ആളുകളുടെ പ്രിയപ്പെട്ട ഇടമാണ്. വയനാട്ടിലെ അമ്പുകുത്തി മലയിൽ നിന്നും ഉത്ഭവിച്ച് ചാലിയാറിലാണ് ഇതിന്റെ പതനം. അടിക്കടി ഉണ്ടാവുന്ന അപകടങ്ങൾ മീൻമുട്ടി പലപ്പോഴും അടച്ചിടുന്നതിന് കാരണമാവുന്നുണ്ട്. എന്നാൽ ടൂറിസം വകുപ്പ് ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ നിസംഗത പാലിക്കുകയാണ്.
സൂചിപ്പാറ വെള്ളച്ചാട്ടം
സൂചിപ്പാറ വെള്ളച്ചാട്ടം (സെൻ്റിനൽ റോക്ക് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നു) വയനാട്ടിലെ പച്ചപ്പ് നിറഞ്ഞ പ്രകൃതി രമണീയതയുടെ ചന്തം വർധിപ്പിക്കുന്ന ഒരിടമാണ്. ഏകദേശം 200 മീറ്റർ ഉയരത്തിൽ നിന്നാണ് വെള്ളം പാറകൾക്കിടയിലൂടെ പതിക്കുന്നത്. ഇലപൊഴിയും നിത്യഹരിത വനങ്ങളാൽ ചുറ്റപ്പെട്ട സൂചിപ്പാറ ഈ പ്രദേശത്തെ ഏറ്റവും മികച്ച വെള്ളച്ചാട്ടങ്ങളിൽ ഒന്നാണെന്ന് നിസംശയം പറയാം.












Click it and Unblock the Notifications