അത്ഭുതം, അവിശ്വസനീയം ബാദാമിയിലെ കാഴ്‌ചകൾ; ഗുഹാക്ഷേത്ര നഗരം, എങ്ങനെ പോവാതിരിക്കും ഇവിടെ?
തെക്കേ ഇന്ത്യയിലെ ടൂറിസം കേന്ദ്രങ്ങളുടെ വൈവിധ്യം തന്നെയാണ് അവയെ എന്നും വ്യത്യസ്‌തമാക്കുന്നത്. അതിൽ കേരളത്തിനേക്കാളും തമിഴ്‌നാട്ടിലും കർണാടകയിലും കണ്ടുവരുന്ന പ്രകടമായ വ്യത്യാസം സമ്പന്നമായ പോയകാല ചരിത്രത്തിന്റെ അവശേഷിപ്പുകൾ പേറുന്ന ഒട്ടേറെ ഇടങ്ങൾ സ്വന്തമായുണ്ട് എന്നതിലാണ്.
അതിൽ പ്രധാനപ്പെട്ട ഇടങ്ങളാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂരും, കർണാടകയിലെ ഹംപിയും ഒക്കെ. എന്നാൽ ഇതിൽ ഒതുങ്ങുന്നതല്ല ഈ സംസ്ഥാനങ്ങളിലെ അത്തരം കേന്ദ്രങ്ങൾ. അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത കർണാടകയിലെ അത്തരത്തിലൊരു ടൂറിസം കേന്ദ്രമാണ് ബാദാമി. പൈതൃക സ്‌മരണകൾ വിളിച്ചോതുന്ന ഒട്ടേറേ കാഴ്‌ചകളാണ് ഇവിടെയുള്ളത്.

കർണാടകയിലെ പട്ടടക്കലിൽ നിന്ന് 23 കിലോമീറ്റർ അകലെയാണ് പൈതൃക ചരിത്രത്തിൽ നിർണായക സ്ഥാനം വഹിക്കുന്ന ബാദാമി. രണ്ട് പാറക്കെട്ടുകൾക്കിടയിലുള്ള മലയിടുക്കിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഇടമാണിത്. ഇവിടുത്തെ ഗുഹാ ക്ഷേത്രങ്ങൾ ലോക പ്രശസ്‌തമാണ്. പ്രദേശത്തിന്റെ ഭൂപ്രകൃതിയെ കൃത്യമായി ഉപയോഗപ്പെടുത്തി നിർമ്മിച്ചതാണ് ഇത്.
പുരാതന കൊത്തുപണികളുള്ള തൂണുകളും ചുവന്ന സാൻഡ് സ്‌റ്റോണിൽ വെട്ടിയെടുത്ത ബ്രാക്കറ്റ് രൂപങ്ങളും കൊണ്ട് അലങ്കരിച്ച ഗുഹകൾ വ്യത്യസ്‌തമായ കാഴ്‌ച തന്നെയാണ്. ഈ ഗുഹകൾ അഗസ്ത്യ തീർത്ഥ തടാകത്തെ അഭിമുഖീകരിച്ചാണ് നിൽക്കുന്നത്. അവിടെ ഒരു കൂട്ടം ഭൂതനാഥ ക്ഷേത്രങ്ങൾ ഉണ്ട്. ഈ ഭൂതനാഥ ക്ഷേത്രം ഏഴാം നൂറ്റാണ്ടിലാണ് പണി കഴിപ്പിച്ചത്.
ബെംഗളൂരുവിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് ബദാമി. ഹുബ്ബള്ളിയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം (105 കിലോമീറ്റർ ദൂരം). ബദാമിയിൽ ഒരു റെയിൽവേ സ്‌റ്റേഷനും ബെംഗളുരുവിൽ നിന്നും കർണാടകയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും ബസ് സർവീസും റോഡ് കണക്റ്റിവിറ്റി സൗകര്യങ്ങളും ഉണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഇവിടെ നിന്ന് അധികം ദൂരമില്ല ഹംപിയിലേക്ക്. വെറും 150 കിലോമീറ്റർ ദൂരമാണ് ഇവിടെ നിന്ന് ഹംപിയിലേക്കുള്ളത്. ഹംപിയും ബാദാമിയും കർണാടകയിലെ ഏറ്റവും സമ്പന്നമായ പൈതൃക കേന്ദ്രങ്ങളാണ്. ബദാമിയുടെ പ്രത്യേകത ഗുഹാ ക്ഷേത്രങ്ങളും, മറ്റ് പുരാതന ദേവാലയങ്ങളും ആണെങ്കിൽ ഹംപിയിലെ കാഴ്‌ചകളിൽ നിറഞ്ഞു നിൽക്കുന്നത് പഴയ വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളാണ്.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേന്ദ്രം കൂടിയാണ് ഹംപി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇപ്പോൾ ഈ വിശേഷ നഗരത്തെ പരിപാലിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് നിന്നും ധാരാളം ടൂറിസ്‌റ്റുകൾ എത്തുന്ന ഇടം കൂടിയാണിത്.












Click it and Unblock the Notifications