ബന്ദിപ്പൂരിലേക്ക് ഒരു കാർ യാത്ര; പലരുടെയും സ്വപ്‌നമാണത്, വയനാട് വഴി പോയാൽ ചില ഗുണങ്ങളുണ്ട്, അറിയാം
നമ്മൾ മലയാളികൾ നല്ല കാഴ്‌ചകൾ കാണാൻ ലോകത്ത് എവിടേക്കും കയറി ചെല്ലുന്നവരാണ്. അതുകൊണ്ടാണ് മലയാളി ഇല്ലാത്ത ഇടമില്ല എന്ന് തമാശയ്ക്ക് എല്ലാവരും പറയുന്നത്. എന്നാൽ യാത്രകളുടെ കാര്യത്തിൽ ഇക്കാര്യത്തിന് മറ്റൊരു വശംകൂടിയുണ്ട്. ദൂരെയുള്ളത് പലതും കണ്ടെങ്കിലും അടുത്തുള്ള ചില നല്ല കാഴ്‌ചകൾ നാം മനപൂർവം മറക്കാറാണ് പതിവ്. അത്തരത്തിൽ ഒരിടത്തെ കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്.
നമ്മുടെ തൊട്ട് അയൽ സംസ്ഥാനമായ കർണാടകയിലാണ് മനോഹരമായ ഈ സ്ഥലം നിലകൊള്ളുന്നത്, അതിന്റെ പേരാണ് ബന്ദിപ്പൂർ. കർണാടകയുടെ വന്യതയുടെ സകല ഭംഗിയും പേറി നിൽക്കുന്ന ഒരിടമെന്ന് വേണമെങ്കിൽ നമ്മുക്ക് ഈ സ്ഥലത്തെ വിശേഷിപ്പിക്കാം. കേരളത്തിലെ വയനാട് ജില്ലയോട് ചേർന്ന് നിൽക്കുന്ന ബന്ദിപ്പൂർ വനമേഖലയും വയനാടൻ കാടുകളുടെ തുടർച്ചയാണ്.

കുടുംബത്തോടൊപ്പമോ സുഹൃത്തുകൾക്ക് ഒപ്പമോ കാറിൽ യാത്ര ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഒരു റൂട്ടാണ് ഇതെന്ന് നിസംശയം പറയാം. വായനാട്ടിലൂടെ ബന്ദിപ്പൂരിലേക്കുള്ള യാത്രക്കിടയിൽ സവിശേഷമായ ഒട്ടേറെ അനുഭവങ്ങളും കാഴ്‌ചകളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. മുത്തങ്ങ വഴിയാണ് ഈ യാത്രയെന്ന് പറയുമ്പോൾ തന്നെ ഏറെക്കുറെ മനസിലായി കാണുമല്ലോ എന്താണ് സംഗതിയെന്ന്.
വയനാട്ടിലെ മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെ വേണം ബന്ദിപ്പൂരിലേക്ക് കടന്ന് പോവാൻ. കിലോമീറ്ററുകൾ മാത്രമാണ് മുത്തങ്ങയും ബന്ദിപ്പൂരും തമ്മിലുള്ള വ്യത്യാസം. ബൈക്ക് മാറ്റിവച്ച് കാറിൽ തന്നെ യാത്ര നടത്താൻ നിർദ്ദേശിക്കാനുള്ള കാരണം നീണ്ടുനിവർന്ന് കിടക്കുന്ന വനപാതയിൽ വന്യജീവികളുടെ സാന്നിധ്യം എപ്പോഴും ഉണ്ടാവുന്നതാണ്. അത് തന്നെയാണ് ഈ യാത്രയിലെ ഗുണവും മികച്ച അനുഭവവുമെല്ലാം.
ആനകളും കടുവകളും വരെ ഈ വഴിയോരങ്ങളിൽ നിത്യ സന്ദർശകരാണ്. അതുകൊണ്ട് തന്നെ ഇരുവശവും ശ്രദ്ധയോടെ നിരീക്ഷിച്ചു മാത്രം യാത്ര ചെയ്യാൻ ശ്രദ്ധിക്കുക. വഴിയരികിൽ മാൻ കൂട്ടങ്ങളെ ധാരാളമായി നിങ്ങൾക്ക് കാണാൻ കഴിയും. അത് കടന്ന് ബന്ദിപ്പൂരിലേക്ക് ചെക്ക് പോസ്‌റ്റ് താണ്ടിവേണം നാം പോവാൻ, പിന്നീടങ്ങോട്ട് കർണാടകയുടെ ഭൂമിയാണ്.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കടുവകളുള്ള രണ്ടാമത്തെ ടൈഗർ റിസർവാണ് ബന്ദിപ്പൂർ. കർണാടകയിലെ ഗുണ്ടൽപേട്ട് താലൂക്കിലെ ചാമരാജനഗർ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മേഖലയിലെ സുപ്രധാനമായ മൂന്ന് വന്യജീവി സങ്കേതങ്ങളുമായി അതിർത്തി പങ്കിടുന്ന ദേശീയോദ്യാനം കൂടിയാണ് ബന്ദിപ്പൂർ. കർണാടകയിലെ തന്നെ നാഗർഹോള, തമിഴ്‌നാട്ടിലെ മുതുമലൈ, കേരളത്തിലെ വയനാട് വന്യജീവി സങ്കേതം എന്നിവയാണത്.
ഇതുവരെ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ രാത്രി 9 മണി മുതൽ രാവിലെ ആറ് മണി വരെ ബന്ദിപ്പൂർ-വയനാട് പാതയിലൂടെ യാത്രക്ക് വിലക്കുണ്ട് എന്നതാണ്. കടുവകൾക്ക് പുറമേ ആന, പുള്ളിപ്പുലി തുടങ്ങിയ ഒട്ടനേകം വന്യജീവികളുടെ ആവാസ വ്യവസ്ഥയാണിത്. അതുകൊണ്ട് തന്നെ യാത്രയിൽ പ്ലാസ്‌റ്റിക് ഉൾപ്പെടെയുള്ളവ പൂർണമായും ഉപേക്ഷിക്കുക.












Click it and Unblock the Notifications