ബ്രഹ്മഗിരി കുന്നുകളിലെ ട്രെക്കിംഗ് ഒരു ഹരം തന്നെ; തിരുനെല്ലിയുടെ മനോഹാരിത ആസ്വദിക്കാം, കുടകും അടുത്ത്
വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ എണ്ണിയെടുക്കാൻ പറഞ്ഞാൽ അതൊരിക്കലും നടക്കില്ല. ചെറുതും വലുതുമായ അത്രയധികം ഇടങ്ങളുണ്ട് ഈ ജില്ലയിൽ. ഒരുപക്ഷേ ഉരുൾപൊട്ടൽ ഉണ്ടയില്ലായിരുന്നെങ്കിൽ ഇത്തവണത്തെ ഓണം സീസൺ വയനാട്ടിൽ വലിയ ടൂറിസം സാധ്യതകൾക്ക് തന്നെ വഴിയൊരുക്കുമായിരുന്നു. എങ്കിലും വയനാട് വീണ്ടും ടൂറിസ്‌റ്റുകളെ കാത്തിരിപ്പാണ്, അവരെ സ്വീകരിക്കാൻ സർവ രീതിയിലും തയ്യാറുമാണ്.
അങ്ങനെ വയനാട്ടിലേക്ക് വച്ച് പിടിക്കുന്നവർ സ്ഥിരം കാഴ്‌ചകൾ കണ്ട് ബോറടിച്ചെങ്കിൽ നിങ്ങൾക്ക് പറ്റിയ ഒരിടമുണ്ട് അവിടെ. അധികമാർക്കും അറിയാതെ ട്രെക്കിംഗിന്റെ യഥാർത്ഥ അനുഭവം നിങ്ങൾക്കായി തുറന്ന് നൽകുന്ന ഒരിടമാണ് ഇത്. കർണാടകയിലെ ഒരു സുപ്രധാന ടൂറിസം കേന്ദ്രവുമായി അതിർത്തി പങ്കിടുന്ന ബ്രഹ്മഗിരി കുന്നുകളാണ് ഇത്.

ഇടതൂർന്ന വനങ്ങളാൽ ചുറ്റപ്പെട്ട് പുൽമേടുകൾ നിറഞ്ഞു നിൽക്കുന്ന ഒരിടമാണ് ബ്രഹ്മഗിരി കുന്നുകളുടെ ആദ്യ കാഴ്‌ച. മൺസൂണിന് ശേഷമാണ് ഇവിടേക്കുള്ള യാത്രയെങ്കിൽ കൈയ്യകാലത്തിൽ നിൽക്കുന്നത് പോലെ തോന്നിക്കുന്ന മേഘപാളികളുടെയും മൂടൽമഞ്ഞിന്റെയും വ്യത്യസ്‌തമായ ദൃശ്യാനുഭവം നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന മലനിരകളെയാണ് ബ്രഹ്മഗിരി കുന്നുകൾ എന്ന് വിളിക്കുന്നത്. പ്രകൃതിയുടെ വിരുതുകൾ കൊണ്ട് തന്നെ അനുഗ്രഹീതമാണ് ഈ സ്ഥലം. സൃഷ്‌ടാവായ ബ്രഹ്മാവിന്റെ പേരിലാണ് ഈ കുന്നുകൾ അറിയപ്പെടുന്നത്. കർണാടകയിലെ കുടക് ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ് ബ്രഹ്മഗിരി മലനിരകൾ സ്ഥിതി ചെയ്യുന്നത്.
അവിടുത്തെ ഏറ്റവും വലിയ കൊടുമുടിയാണ് ബ്രഹ്മഗിരി കൊടുമുടി. ഏകദേശം 1608 മീറ്റര്‍ ഉയരത്തിൽ നിലകൊള്ളുന്ന ബ്രഹ്മഗിരിയുടെ മുകളില്‍ എത്താന്‍ കുറഞ്ഞത് 3 മണിക്കൂറിലധികം തീവ്രമായ ട്രെക്കിംഗ് നടത്തേണ്ടി വരും. ഇവിടെയാണ് ബ്രഹ്മഗിരി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഇത് ജൈവവൈവിധ്യ പ്രേമികളുടെയും പ്രകൃതി സ്നേഹികളുടെയും പറുദീസ തന്നെയാണ്.
1740 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പക്ഷിപാതാളമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഇനി എല്ലാവർക്കും സുപരിചിതമായ മറ്റൊരു സ്ഥലം ഇതിനോട് ചേർന്ന് തന്നെയുണ്ട്. അതാണ് തിരുനെല്ലി ക്ഷേത്രം. ബ്രഹ്മഗിരി കുന്നുകളിലാണ് തിരുനെല്ലി ക്ഷേത്രത്തിന്റെ സ്ഥാനം. തിരുനെല്ലി വിഷ്‌ണു ക്ഷേത്രത്തിന്റെ സാന്നിധ്യത്തിലാണ് ഇവിടം പ്രസിദ്ധമാവുന്നത്. വർഷംതോറും ബലിതർപ്പണത്തിനായി ആയിരക്കണക്കിന് പേരാണ് ഇവിടേക്ക് വരാറുള്ളത്.
കമ്പമല, കരിമല, വരാഡിഗ കൊടുമുടികൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം പരമ്പരാഗത കേരളീയ വാസ്‌തുവിദ്യയുടെ കളിയരങ്ങ് കൂടിയാണ്. ഇവിടേക്കുള്ള യാത്ര അതിമനോഹരമാണ്. പ്രത്യേകിച്ച് രാത്രിയിൽ തിരുനെല്ലി ഇറങ്ങി വരുന്നവരെ കാത്ത് വന്യമൃഗങ്ങളുടെ ഒരു നീണ്ട നിരയുണ്ടാവും വഴിയരികിൽ. അതുകൊണ്ട് തന്നെ ബ്രഹ്മഗിരി ട്രെക്കിംഗിനൊപ്പം തന്നെ ഈ ക്ഷേത്രവും അതിന്റെ പരിസരവും സന്ദർശിക്കുന്നത് നന്നാവും.












Click it and Unblock the Notifications