പയസ്വിനി പുഴയും ചന്ദ്രഗിരി കോട്ടയും; കണ്ടാൽ ആരും അതിശയപ്പെടും, ബേക്കൽ മാത്രമല്ല കേട്ടോ കാസർഗോഡ്
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ലയായ കാസർഗോഡിന്റെ ടൂറിസം ഭൂപടം താരതമ്യേന ചെറുതാണെന്ന് വേണമെങ്കിൽ പറയാം. അതിന്റെ പ്രധാന കാരണം ഇവിടുത്തെ ചെറിയ ഇടങ്ങളൊന്നും പുറം നാടുകളിൽ അത്രത്തോളം അറിയപ്പെട്ടു വന്നിട്ടില്ല എന്നതാണ്. എങ്കിലും ഇപ്പോൾ കുറച്ചു കാലങ്ങളായി ഇതിന് ചെറിയൊരു മാറ്റം വന്നിട്ടുണ്ട്.
പണ്ടൊക്കെ കാസർഗോഡിനെ കുറിച്ച് പറയുമ്പോൾ ആദ്യം എല്ലാവരുടെയും മനസിൽ ഓടിയെത്തുക ബേക്കൽ കോട്ട എന്ന ഇടമാണ്. കേരളത്തിൽ തന്നെ ഏറ്റവുമധികം സഞ്ചാരികൾ എത്തുന്ന സ്ഥലമാണ് ബേക്കൽ കോട്ട എന്നതും ഓർക്കണം. അത്തരത്തിലുള്ള ഇടങ്ങൾ അല്ലാതെ കാസർഗോഡ് ജില്ലയിൽ വേറെയും ടൂറിസം കേന്ദ്രങ്ങൾ ഉണ്ടെന്ന കാര്യം പലർക്കും അറിയില്ല.

അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ചന്ദ്രഗിരി കോട്ട. പയസ്വിനി പുഴയുടെ തീരത്തിന്റെ കാവൽക്കാരനായി നെഞ്ചു വിരിച്ചു നിൽക്കുന്ന ചന്ദ്രഗിരി കോട്ട ഒരു പഴയ നാട്ടുരാജ്യത്തിന്റെ അതിസമ്പന്നമായ ചരിത്രത്തിലെ ഒരു ചെറിയ ഏട് കൂടിയാണ്. പയസ്വിനി പുഴയെ ഇവിടെ ചന്ദ്രഗിരിപുഴ എന്നും വിളിക്കാറുണ്ട്.
പുരാവസ്‌തു വകുപ്പിന്റെ കീഴിൽ സംരക്ഷിത സ്‌മാരകമായിട്ടാണ് ഇവിടം പരിപാലിച്ചു പോരുന്നത്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 150 അടിയോളം ഉയരത്തില്‍ ചതുരാകൃതിയില്‍ ഈ കോട്ട വ്യാപിച്ചു കിടക്കുന്നു. അർദ്ധവൃത്താകൃതിയിൽ ചെങ്കല്ല് കൊണ്ട് തീർത്ത എടുപ്പുകളാണ് ഈ കോട്ടയുടെ ഏറ്റവും വലിയ പ്രത്യേകത. ഇത്രയും പ്രാധാന്യമുള്ള ഇടമായിട്ട് കൂടി അധികം സഞ്ചാരികൾ ഇവിടേക്ക് എത്തുന്നില്ല എന്നത് മാത്രമാണ് ഒരു പോരായ്‌മയായി കാണാനുള്ളത്.
ഏകദേശം ഏഴ് ഏക്കർ വിസ്‌തൃതി ഉള്ള ഭൂമിയിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നതെന്നാണ് പല രേഖകളും കാണിക്കുന്നത്. കാസർഗോഡ് നിന്ന് ഇവിടേക്ക് വെറും അഞ്ചുകിലോമീറ്റർ ദൂരമേയുള്ളൂ. നഗരത്തിന്റെ മടുപ്പിക്കുന്ന കാഴ്‌ചകളിൽ നിന്ന് ഒരൽപനേരം മാറി നിൽക്കണം എന്ന് തോന്നുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഇടമാകും ഇത്.
കേളടി നായക രാജവംശത്തിലെ ശിവപ്പ നായക് നിർമിച്ചുവെന്ന് പറയപ്പെടുന്ന കോട്ടയുടെ പണി തീർന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. പിന്നീട് പല കാലത്തായി ബ്രിട്ടീഷുകാരുടെയും മൈസൂർ ഭരണാധികാരി ഹൈദരാലിയുടെയും ഒക്കെ കൈകളിലൂടെ കടന്നുപോയിരുന്നു. സമീപത്ത് തന്നെയുള്ള ആകർഷണമായ ബേക്കൽ കോട്ടയുടെ ഗാംഭീര്യവും വലുപ്പവും ഇല്ലെങ്കിലും ഇതും കാണേണ്ട കാഴ്‌ച തന്നെയാണ്.












Click it and Unblock the Notifications