ചെതലയം, സൂചിപ്പാറ, മീൻമുട്ടി; മഴക്കാലത്ത് കാണാൻ ഇതാ വയനാട്ടിലെ അടിപൊളി വെള്ളച്ചാട്ടങ്ങൾ, വിട്ടാലോ?
വയനാട്ടിലേക്കുള്ള ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. കാരണം ഓരോ സീസണിലും അവിടുത്തെ കാഴ്‌ചകൾ മാറി കൊണ്ടിരിക്കും. പലയിടങ്ങളും വേനൽക്കാലത്ത് ഉള്ളത് പോലെയാവില്ല മഴക്കാലത്ത്, അതിൽ നിന്ന് ഒരുപാട് മാറിയിട്ടാവും മഞ്ഞുകാലം. അങ്ങനെ ഋതുക്കൾ മാറിമറിയുമ്പോൾ വയനാടിന്റെ രൂപവും മാറുക പതിവാണ്. ഈ വേനൽകാലത്ത് വയനാട്ടിലെത്തി പല നല്ല കാഴ്‌ചകളും നഷ്‌ടമായവർ ഒരുപാടുണ്ടാവും.
അങ്ങനെയുള്ള ആളുകൾക്ക് ഈ മഴക്കാലത്ത് വയനാട്ടിലെ വെള്ളച്ചാട്ടങ്ങൾ കൺനിറയെ കാണാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. വെള്ളത്തിന്റെ അളവ് കുറഞ്ഞ് വെറുമൊരു നീരൊഴുക്കായി മാറിയ ഇടങ്ങൾ പോലും ഇപ്പോൾ തൂവെള്ള നിറത്തിൽ പാലൊഴുകും പോലെ മാറിയത് വയനാട്ടിൽ എത്തിയാൽ നിങ്ങൾക്ക് കാണാം. അത്തരത്തിലുള്ള ചില വെള്ളച്ചാട്ടങ്ങളെ കുറിച്ചാണ് നമ്മൾ ഇന്ന് പറയുന്നത്.

ചെതലയം വെള്ളച്ചാട്ടം
വടക്കൻ കേരളത്തിൽ, എന്തിന് വയനാട്ടിൽ പ്രാദേശികമായി പോലും വലിയ രീതിയിൽ ആളുകളുടെ ശ്രദ്ധ പതിയാത്ത വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ചെതലയം. ഇവിടുത്തെ അതിമനോഹരമായ ചുറ്റുപാടും അതിനോട് ചേർന്നുള്ള പരിസര പ്രദേശങ്ങളും പ്രത്യേക അനുഭൂതി തന്നെ കാഴ്‌ചക്കാർക്ക് നൽകുന്നു എന്നതാണ് പ്രത്യേകത. അടുത്ത കാലത്തായി സഞ്ചാരികൾ കൂടി വരുന്ന ഒരു മേഖല കൂടിയാണിത്. കൽപ്പറ്റയിൽ നിന്ന് 37 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 12 കിലോമീറ്ററും മാത്രമാണ് ഇവിടേക്കുള്ളത്.
കാടിന്റെ സൗന്ദര്യം ആസ്വദിച്ചറിയാൻ കഴിയുന്ന ട്രെക്കിംഗ് പാതകളാൽ സമ്പന്നമാണ് ഇവിടം. മേഖലയിലെ തന്നെ ഏറ്റവും മികച്ച ട്രെക്കിംഗ് അനുഭവം നിങ്ങൾക്ക് ഇവിടെ നിന്ന് ലഭിക്കും. വലിയ ഉയരത്തിൽ നിന്ന് വെള്ളം പതിക്കുന്ന കാഴ്‌ച അല്ലെങ്കിൽ കൂടി ചെതലയത്തെ വ്യത്യസ്‌തമാക്കുന്നത് അതിന്റെ ചുറ്റുപാടും കാപ്പി തോട്ടങ്ങളിലൂടെയുള്ള വഴികളും ഒക്കെയാണ്.
സൂചിപ്പാറ വെള്ളച്ചാട്ടം
വയനാടിന്റെ ദൃശ്യഭംഗി ആവോളം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഏറ്റവും അനുയോജ്യമായ ഒരിടമാണിത്. ഇവിടെ കുത്തനെയുള്ള കുന്നുകൾ ട്രെക്കിംഗിനും റോക്ക് ക്ലൈംബിംഗിനും അനുയോജ്യമായ ഇടമാക്കി ഈ പ്രദേശത്തെ മാറ്റുന്നു. സാഹസികത ഇഷ്‌ടപ്പെടുന്നവർക്ക് ഇത് ഒരു മികച്ച ഓപ്‌ഷനാണ്. വയനാട്ടിലെ മേപ്പാടിക്ക് അടുത്തായാണ് ഈ സ്ഥലം ചെയ്യുന്നത്.
മുന്നൂറ് അടി മുകളിൽ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. മഴക്കാലത്ത് വന്നാൽ മാത്രമേ ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി പൂർണമായും ആസ്വദിക്കാൻ കഴിയുകയുള്ളൂ. എങ്കിലും കുത്തനെയുള്ള ഇറക്കങ്ങളും മറ്റും അപകടം നിറഞ്ഞതായതിനാൽ കനത്ത മഴ പെയ്യുമ്പോൾ സൂചിപ്പാറയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കുക.
മീൻമുട്ടി വെള്ളച്ചാട്ടം
വയനാട്ടിൽ കാടുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന മനോഹരവും ശാന്തവുമായ സ്ഥലമാണ് മീൻമുട്ടി വെള്ളച്ചാട്ടം ഉൾപ്പെടുന്ന മേഖല. ഇതും സാഹസികത ഇഷ്‌ടപ്പെടുന്ന സഞ്ചാരികളെ വല്ലാതെ ആകർഷിക്കും. മുകളിൽ നിന്ന് നോക്കിയാൽ താഴെ നിലകൊള്ളുന്ന മുഴുവൻ താഴ്വരയും ചുറ്റുമുള്ള മലനിരകളും കാണാൻ കഴിയും എന്നതാണ് ഇവിടുത്തെ പ്രത്യേകത.
ബാണാസുര സാഗർ അണക്കെട്ടിന് സമീപമാണ് മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വയനാട്ടിൽ നിന്ന് 23 കിലോമീറ്റർ അകലെയാണ് ഇത്. മേഖലയിലെ പ്രധാന ടൂറിസം ആകർഷണങ്ങളിലൊന്നാണ് ഈ ഡാമും അതിന് അടുത്തായുള്ള വെള്ളച്ചാട്ടവും ഒക്കെ. ചെറിയ രീതിയിലുള്ള ട്രെക്കിംഗിന് ഒടുവിലാണ് ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തേണ്ടത്.ഇവിടെയും മഴക്കാലത്ത് തന്നെയാണ് കൂടുതൽ ഭംഗി.












Click it and Unblock the Notifications