കാപ്പിതോട്ടങ്ങളുടെ കുട ചൂടിയ ചിക്കമംഗളൂരു; ഇവിടെ ട്രക്കിംഗും, ഹൈക്കിംഗും നിങ്ങളെ കാത്തിരിക്കുന്നു...
കർണാടകയിലെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ കാണുന്ന ഇടമാണ് ചിക്കമംഗളൂരു. മൈസൂരുവിന്റെയോ, കുടകിന്റെയോ, കുടജാദ്രിയുടെയോ, ബെംഗളുരുവിന്റെയോ പകിട്ടോ, സ്‌റ്റാർ വാല്യൂവോ ഇല്ലെങ്കിലും ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് ഇത്. പ്രത്യേകിച്ച് സ്ത്രീകൾക്ക് സോളോ ട്രിപ്പ് പോവാൻ ഏറ്റവും അനുയോജ്യമായ ഇടം കൂടിയാണ് ചിക്കമംഗളൂരു.
ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഭൂപ്രകൃതിയാണ് ഇവിടുത്തേത്. വെള്ളച്ചാട്ടങ്ങളും, മലനിരകളും, കാപ്പി തോട്ടങ്ങളും ഇവിടെ പ്രത്യേക ഭംഗി ഒരുക്കുന്നു. ഹൈക്കിംഗ്, ട്രക്കിംഗ് എന്നിവ ആസ്വദിക്കാൻ പറ്റിയ ഏറ്റവും മികച്ച ലൊക്കേഷനുകളിൽ ഒന്ന് കൂടിയാണ് ഇത്. കൂടാതെ പക്ഷി നിരീക്ഷണം താൽപര്യമുള്ള ആളുകൾക്കും ഇവിടം ഒരുപാട് ഇഷ്‌ടപ്പെടും എന്നുറപ്പാണ്. ഇവിടുത്തെ പ്രധാന കേന്ദ്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ബുദാൻഗിരി
സൂഫി സന്യാസിയായ ഹസ്രത്ത് ദാദാ ഹയാത് ഖലന്ദറിന്റെ ആരാധനാലയത്തിന് പേരുകേട്ട ഇവിടുത്തെ ഒരു പർവതനിരയാണ് ബാബ ബുദാൻഗിരി. ചിക്കമംഗളൂരിലെ ഏറ്റവും പ്രശസ്തമായ ട്രക്കിംഗ് കേന്ദ്രം കൂടിയാണിത്. സർപ്പധാരിയിൽ നിന്ന് ആരംഭിച്ച് 9 കിലോമീറ്റർ നീളുന്ന ട്രക്കിംഗ് പൂർത്തിയാക്കാൻ ഏതാണ്ട് 5 മണിക്കൂർ സമയം എടുക്കും.
കാപ്പി തോട്ടങ്ങൾ
ചിക്കമംഗളൂരിൽ എത്തിയാൽ സന്ദർശിക്കാൻ മറക്കേണ്ടാത്ത ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് കാപ്പിത്തോട്ടങ്ങൾ. കാപ്പിക്കുരുക്കൾ കാണാനും, പച്ചപ്പ് ആസ്വദിക്കാനും പറ്റിയ ഇടാമെന്നതിന് ഉപരി എസ്‌റ്റേറ്റ് ഉടമകൾ ഇവിടുത്തെ കാപ്പിയുടെ ചരിത്രത്തെക്കുറിച്ചും മറ്റ് വിശദാംശങ്ങളെക്കുറിച്ചും അറിവ് പകരാൻ ഇടയ്ക്കിടെ പരിപാടികളും ക്രമീകരിക്കുന്നു.
ഹെബ്ബെ വെള്ളച്ചാട്ടം
ചിക്കമംഗളൂരിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ഹെബ്ബെ വെള്ളച്ചാട്ടം. ഇവിടുത്തെ വെള്ളത്തിന് ഔഷധഗുണമുണ്ടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള പ്രദേശം നിബിഡ വനവും ധാരാളം കാപ്പിത്തോട്ടങ്ങളുമാൽ സമൃദ്ധമാണ്. ദിനംതോറും നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തികൊണ്ടിരിക്കുന്നത്.
ഹിരെകൊലാലെ തടാകം
തടാകത്തിന്റെ പശ്ചാത്തലത്തിൽ പച്ചനിറത്തിൽ പൊതിഞ്ഞ വലിയ പർവതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന, ഹിരെകൊലാലെ തടാകത്തിലേക്കുള്ള യാത്ര നിങ്ങൾക്ക് പുതിയൊരു അനുഭവമായിരിക്കും. നിശ്ചല ചിത്രത്തിന്റെ ഭംഗിയോടെ പ്രകൃതിയെ ആസ്വദിക്കാൻ, അറിയാൻ കഴിയും എന്നത് തന്നെയാണ് ഇവിടെ എത്തിയാലുള്ള പ്രത്യേകത.
കുദ്രേമുഖ് ദേശീയോദ്യാനം
യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ കുദ്രേമുഖ് ദേശീയോദ്യാനം പക്ഷി നിരീക്ഷണത്തിനും ട്രെക്കിംഗിനും പേരുകേട്ട ഇടങ്ങളിൽ ഒന്നാണ്. ഏകദേശം 200 ഇനം പക്ഷികൾ ഇവിടെയുണ്ടെന്നാണ് കരുതപ്പെടുന്നത്. കുദ്രേമുഖ് കൊടുമുടിയിലേക്ക് ട്രെക്ക് ചെയ്യാൻ ഫോറസ്‌റ്റ് റേഞ്ചറുടെ അനുമതി ആവശ്യമാണ്. ചിക്കമംഗളൂരു ടൗണിൽ നിന്ന് അൻപത് കിലോമീറ്ററോളം ഇവിടേക്ക് സഞ്ചരിക്കാനുണ്ട് എന്ന കാര്യം മറക്കരുത്.












Click it and Unblock the Notifications