മുന്തിരി പടങ്ങൾ പൂത്തു നിൽക്കുന്ന കാഴ്‌ച കാണണോ; കമ്പം-തേനിയിലേക്ക് പോര്, ഇവിടെ നല്ല പൊളി വൈബ്
തമിഴ്‌നാട്ടിലെ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് പറയുമ്പോൾ നമ്മുടെ മനസിൽ ആദ്യം വരിക ഊട്ടിയും കൊടൈക്കനാലും ഒക്കെയാവും. ഈ സ്ഥലങ്ങൾ നമ്മുടെ ഒക്കെയുള്ളിൽ അത്രയേറെ സ്വാധീനം ചെലുത്തിയത് കൊണ്ടാണ് അത്. എന്നാൽ ഈ വലിയ സംസ്ഥാനത്തിൽ കാണാൻ കാഴ്‌ചകൾ വേറെയില്ലെന്ന് ഒരിക്കലും കരുതരുത്.
എങ്കിൽ ആ ധാരണകളെ പൊളിച്ചെഴുതുന്നതാണ് തമിഴ്‌നാട്ടിലെ തന്നെ ഏറ്റവും മനോഹരമായ മറ്റൊരു ഇടമായ കമ്പം-തേനി. കേരളത്തിൽ നിന്ന് അധികം അകലെയല്ലാത്ത മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളാണ് കമ്പവും തേനിയും എന്ന് വേണമെങ്കിൽ പറയാം. അവിടെ എത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും മലയാളികൾ തന്നെയാവുന്നതും ഇക്കാരണം കൊണ്ട് കൂടിയാണ്.

മലയാളികൾ കൂടുതൽ പേരും മുന്തിരി കൃഷിയുടെ അത്ഭുതം തേടിയാണ് കമ്പം തേനിയിലേക്ക് വണ്ടി കയറുന്നത്. തേനി ജില്ലയിലെ കമ്പം, പെരിയ കുളം, ചുരുളിപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ മുന്തിരിത്തോട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി നൂറുകണക്കിന് സഞ്ചാരികളാണ് അതിര്‍ത്തികടന്ന് അവിടേക്ക് പോവുന്നത്, അതിലാവട്ടെ വലിയൊരു ശതമാനവും മലയാളികൾ തന്നെയാണ്.
കേരളത്തിൽ മൺസൂൺ ഏറിയും കുറഞ്ഞും നിൽക്കുന്നെങ്കിൽ തമിഴ്‌നാട്ടിൽ ഇപ്പോഴും ചൂടുള്ള കാലാവസ്ഥ തുടരുകയാണ്. എന്നാൽ ഇത്തരം കാലാവസ്ഥാ വെല്ലുവിളികൾക്ക് ഇടയിലും കൃത്യമായ പരിചരണത്തോടെയാണ് കമ്പം തേനിയിലെ മുന്തിരി കർഷകർ അവയെ പരിപാലിച്ചു പോരുന്നത്. ഇടവിട്ടുള്ള നനവും കൃത്യമായ തണൽ ഒരുക്കിയും ഒക്കെയാണ് അവർ ഈ കൃഷി മുന്നോട്ട് കൊണ്ട് പോവുന്നത്.
കമ്പം തേനിയിൽ എത്തുന്ന മലയാളികളിൽ കല്യാണ ആൽബം ചിത്രീകരിക്കാനും സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിനും ഒക്കെയായി വരുന്നവരുമുണ്ട്. അതിന് പറ്റിയ ലൊക്കേഷനായി കമ്പം തേനി മാറിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. അവിടെ എത്തിയാൽ ചുരുളിപ്പെട്ടി വെള്ളച്ചാട്ടത്തിൽ ഒന്ന് നനഞ്ഞിറങ്ങിയാൽ മാത്രമേ യാത്രയ്ക്ക് പൂർണത കൈവരുകയുള്ളൂ.
കമ്പം തേനിയിലെ മുന്തിരി പാടങ്ങളിൽ നിന്ന് നിങ്ങൾക്ക് ഫ്രഷായി മുന്തിരി വാങ്ങാനും പറ്റും. കടകളിൽ കുല കുലയായി തൂക്കിയിട്ടിരിക്കുന്ന മുന്തിരി മാത്രം കണ്ടു ശീലിച്ച നമ്മൾ മലയാളികൾക്ക് ഈ പാടങ്ങൾ വലിയൊരു അനുഭവം തന്നെയാണ് ഒരുക്കുന്നത് എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. എന്നാൽ അതുകൊണ്ട് മാത്രം അവിടുത്തെ യാത്ര അവസാനിപ്പിക്കരുത്.
തേനി ജില്ലയിലെ വൈഗ അണക്കെട്ട്, മേഘമല, വീര പാണ്ടി ശനീശ്വരന്‍ കോവില്‍ എന്നിവിടങ്ങളിലേക്കും ധാരാളം സഞ്ചാരികൾ എത്താറുണ്ട്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇടം മേഘമല തന്നെയാണ്. സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരത്തിൽ നിലകൊള്ളുന്ന മേഘമല ശരിക്കും സഞ്ചാരികൾക്ക് കാഴ്‌ചയുടെ അത്ഭുതം ഒരുക്കുന്ന ഇടം കൂടിയാണ്.
തമിഴ്‌നാട്ടിലെ പശ്ചിമഘട്ട മലനിരകൾക്കുള്ളിൽ നിലകൊള്ളുന്ന ഈ കുന്നുകൾ ശരിക്കും നിങ്ങളെ കാഴ്‌ചയുടെ മറ്റൊരു ലോകത്തിലേക്ക് തന്നെ കൊണ്ട് പോവും എന്നുറപ്പാണ്. മുൻപ് എപ്പോഴോ നാം കണ്ടുമറന്ന ചില ഛായാചിത്രങ്ങളിലേത് പോലെയുള്ള ദൃശ്യ ഭംഗിയാണ് മേഘമലയെ മറ്റ് ഇടങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. തേനിയിലേക്കാണ് യാത്രയെങ്കിൽ മേഘമല കൂടി അതിൽ ഉൾപ്പെടുത്തിയാൽ നന്നാവും.












Click it and Unblock the Notifications