മൂന്നാറിന്റെ മടിത്തട്ടിൽ ഉറങ്ങുന്ന ദേവികുളം ഹിൽസ്; ഏത് വേനലിലും ഇവിടെ കോടയും തണുപ്പും, മനോഹരം
ഇടുക്കിയിലെ എന്നല്ല കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്‌റ്റ് ലൊക്കേഷനുകളിൽ ഒന്നാണ് മൂന്നാർ. മുൻപൊക്കെ മലയാളികൾ മാത്രമായിരുന്നു ഇവിടെ കൂടുതലായി എത്തി കൊണ്ടിരുന്നത്. എന്നാൽ ഇന്ന് ആ സാഹചര്യം ഒക്കെ മാറി. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ ധാരാളം സഞ്ചാരികളാണ് ഇവിടെ വന്നുകൊണ്ടിരിക്കുന്നത്.
എങ്കിലും മൂന്നാർ മുഴുവനായി എക്‌സ്‌പ്ലോർ ചെയ്യപ്പെട്ടുവോ എന്ന് ചോദ്യത്തിന് സത്യസന്ധമായി മറുപടി നൽകുകയാണെങ്കിൽ ഇല്ലെന്ന് തന്നെയാവും ഉത്തരം. എന്തെന്നാൽ മൂന്നാറിലെ പല കാഴ്‌ചകളും നമ്മൾ മലയാളികൾക്ക് പോലും അപരിചതമാണ്. മൂന്നാറിനെ നാടുവിലാക്കി ഒരു വൃത്തം വരച്ചാൽ അതിനെ ചുറ്റും നമ്മളറിയാത്ത അനേകം മനോഹരമായ ഇടങ്ങളുണ്ട്.

അത്തരത്തിൽ മൂന്നാറിന് അടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന, എന്നാൽ അധികമാരും അറിയാത്ത ഒരു ടൂറിസം കേന്ദ്രത്തെ പറ്റിയാണ് പറയുന്നത്. ദേവികുളം ഹിൽസ് എന്ന് വിളിക്കുന്ന ഈ മേഖല ജില്ലയിലെ തന്നെ പകരം വയ്ക്കാനില്ലാത്ത ഇടങ്ങളിൽ ഒന്നാണ്. എന്തെന്നാൽ അത്യപൂർവമായ ഭൂപ്രകൃതിയും ലാൻഡ്‌സ്കേപ്പും ഒക്കെയാണ് ഇതിനെ വേറിട്ട് നിർത്തുന്നത്.
മൂന്നാറിൽ നിന്ന് 8 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ ഏറ്റവും അനുയോജ്യമായ ഇടങ്ങളിൽ ഒന്നാണ് ഇതെന്ന് പറയാതെ വയ്യ. ഈ കൊടുംവേനൽ സമയത്തും സാമാന്യം മികച്ച തണുപ്പ് ഇവിടെ എത്തുന്ന സഞ്ചാരികളെ കാത്തിരിപ്പുണ്ട്. കൂടാതെ ഈ മലനിരകളുടെ ദൂരക്കാഴ്‌ച്ച അതിലേറെ മനോഹരമാണ്.
അതിന് അടുത്തായി സ്ഥിതി ചെയ്യുന്ന സീതാദേവി തടാകത്തിലേക്ക് വർഷം മുഴുവനും സന്ദർശകർ ഒരുപോലെ എത്താറുണ്ട്. നല്ല തെളിഞ്ഞ വെള്ളവും മനോഹരമായ ഭൂപകൃതിയും അതിനെ ഒരു അടിപൊളി വിശ്രമ കേന്ദ്രമായി മാറ്റുന്നു എന്നതാണ് വാസ്‌തവം. ചെറിയ രീതിയിലുള്ള മീൻപിടിത്തത്തിനും ഈ സ്ഥലം അനുയോജ്യമാണ്.
ഹൈന്ദവ ഇതിഹാസമായ രാമായണത്തിലെ പ്രധാന കഥാപാത്രമായ സീതാദേവി വനവാസ കാലത്ത് ഇവിടെ കുളിച്ചെന്നാണ് പ്രാദേശികമായി പരക്കെ വിശ്വസിക്കപ്പെടുന്ന ഐതിഹ്യം. തടാകത്തിന് അടുത്തായി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ചെറിയ ക്ഷേത്രവും ഇവിടെയുണ്ട്. ഇതൊക്കെയും സഞ്ചാരികളുടെ ഇഷ്ട്ട കേന്ദ്രമാണ്.
കൂടാതെ ഇവിടേക്ക് എത്തുന്നവർക്ക് പോവാൻ മൂന്നാറിലേക്ക് ഒട്ടേറെ ഇടങ്ങൾ കൂടിയുണ്ട് എന്നതാണ് സവിശേഷത. ദേവികുളത്തിന്റെ ഏറ്റവും അടുത്തുള്ള സംരക്ഷിത പ്രദേശമായാ ചിന്നാർ ഒരിക്കലും വിട്ടുകളയാൻ പാടില്ലാത്ത കാഴ്‌ചയാണ്, കൂടുതൽ ദൂരം പോകാതെ തന്നെ നിങ്ങൾ വന്യമൃഗങ്ങളുടെ മനോഹരമായ കാഴ്‌ചാനുഭവം ഉറപ്പാക്കാം.












Click it and Unblock the Notifications