റാഞ്ചിയിൽ അല്ല, ഇത് പാലക്കാട്ടെ ധോണി; കൂറ്റൻ മലനിരകളും നല്ല അടിപൊളി വെള്ളച്ചാട്ടവും, മനം കുളിരും
വേനലിന്റെ ചൂട് കൂടി വരുമ്പോഴും നമ്മളൊക്കെ എവിടേക്കെങ്കിലും ഒന്ന് യാത്ര പോവാൻ ആഗ്രഹിക്കുന്നവരാണ്. ഈ ഉഷ്‌ണ തരംഗത്തിൽ നിന്ന് രക്ഷനേടി നല്ല തണുത്ത കാലാവസ്ഥ ഉള്ള എവിടേക്കെങ്കിലും ഒക്കെ പോവാൻ ആയിരിക്കും നമ്മൾ ആഗ്രഹിക്കുക. അതിപ്പോൾ അങ്ങ് ദൂരെയൊന്നും വേണമെന്ന് ഇല്ലാത്തവർക്ക് അടുത്ത് തന്നെ പറ്റിയ ഇടങ്ങൾ ധാരാളമുണ്ട്. അതിലൊന്നാണ് പാലക്കാട് ജില്ലയിൽ അധികമാർക്കും അറിയാത്ത ധോണി ഹിൽസ്.
അധികം പേർക്കൊന്നും അറിയില്ലെന്ന് പറഞ്ഞെങ്കിലും അത് പക്ഷേ പാലക്കാടിന് പുറത്തുള്ളവർക്ക് മാത്രമാണ്. പാലക്കാടുകാർക്ക് ധോണി സുപരിചതമാണ്. പാലക്കാട് ജില്ലയിലെ ധോണി ഹിൽസ് ട്രെക്കിംഗിന് പേരുകേട്ട ഇടങ്ങളിൽ ഒന്നാണ്. ഇവിടുത്തെ ബേസ് ഏരിയയിൽ നിന്ന് മലമ്പുഴയിലേക്കും മീൻവല്ലത്തിലേക്കും ധോണി വെള്ളച്ചാട്ടത്തിലേക്കുമുള്ള ട്രെക്കിംഗ് വളരെ രസകരമാണ്.

ധോണിയിലെത്താനായി റിസർവ് ഫോറസ്‌റ്റ് ഏരിയയിലേക്കുള്ള ഏകദേശം മൂന്ന് മണിക്കൂർ നീളുന്ന യാത്ര അത്യന്തം മനോഹരമാണ് അതിലേറെ അതിശയകരവും. ഇവിടെയുള്ള ട്രെക്കിംഗിൽ ചില അപൂർവയിനം സസ്യജന്തുജാലങ്ങളെ നിങ്ങൾക്ക് കാണാവുന്നതാണ്. വിനോദ സഞ്ചാരികൾക്കും ട്രെക്കിംഗ് പ്രേമികൾക്കും ഏറെ പ്രിയപ്പെട്ട ലൊക്കേഷനുകളിൽ ഒന്നാണ് ഇത്.
പാലക്കാട് ജില്ലയിലെ സൈലന്റ് വാലി പോലെയുള്ള ഇടങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കുറച്ചുകൂടി ശബ്‌ദമുഖരിതമായ ഇടമാണ് ധോണി ഹിൽസ്. ദൂരെ നിന്ന് നോക്കുമ്പോൾ നമ്മൾ കാണുന്ന നിശ്ചല ഛായാചിത്രം പോലെ തോന്നും ഇവിടുത്തെ മലനിരകളുടെ കാഴ്‌ച. അത് ആസ്വദിച്ചാൽ തന്നെ അവിടേക്കുള്ള യാത്ര ഏതാണ്ട് പൂർണതയിൽ എത്തും.
ഇനി ധോണി ഹിൽസ് കാണാൻ എത്തിയവർ ധോണി വെള്ളച്ചാട്ടം കാണാതെ എങ്ങനെ പോവും എന്നതാണ് ചോദ്യം. അതെ മേഖലയിലെ ഏറ്റവും മനോഹരമായ ജലപാതം നിങ്ങളുടെ കണ്ണിനും കാതിനും മനസിനും ഒക്കെ കുളിർമയേക്കും എന്നുറപ്പാണ്. നാല് കിലോമീറ്റർ നീളുന്ന ട്രെക്കിങ് ഇവിടുത്തെ പ്രധാന സവിശേഷതയാണ്. ഈ ദീർഘ യാത്ര കഴിഞ്ഞുവേണം ധോണി വെള്ളച്ചാട്ടത്തിലേക്ക് എത്തുവാൻ.
മഴക്കാലത്ത് വെള്ളച്ചാട്ടങ്ങൾ നിറഞ്ഞു കവിഞ്ഞൊഴുകുകയും മനോഹരമായ ചെറിയ അരുവികളായി മാറി ഒഴുകുകയും ചെയ്യുന്നു എന്നതാണ് ഇവിടുത്തെ പ്രധാന കാഴ്‌ച. അതിനാൽ വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മൺസൂൺ കാലമാണ് (ജൂൺ - ഒക്ടോബർ). എങ്കിലും ഇവിടേക്ക് വേനൽക്കാലത്തും ട്രെക്കിംഗിനായി ധാരാളം പേർ വരാറുണ്ട്.
ഇത് കൂടാതെ ഇവിടെ നിന്ന് മലമ്പുഴയിലേക്ക് അധിക ദൂരമില്ല. പാലക്കാട് ജില്ലയിലെ സുപ്രധാനമായ ഒട്ടേറെ ടൂറിസം കേന്ദ്രങ്ങൾ ഇതിനോട് ചേർന്ന് കിടക്കുന്നതാണ്. അതിനാൽ തന്നെ ധോണിയിൽ എത്തുന്നവർക്ക് പെട്ടെന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വരില്ലെന്ന് ഉറപ്പാണ്. മറ്റ് വെള്ളച്ചാട്ടങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് അടുത്ത് തന്നെ മികച്ച ഓപ്‌ഷനായി മീൻവല്ലവും ഉണ്ടാവും.












Click it and Unblock the Notifications