ഗോവയിലേക്ക് വേഗം വാ; അടിപൊളി മൺസൂൺ ട്രിപ്പ് പ്ലാൻ ചെയ്യാം, മഴക്കാലത്ത് പോവേണ്ട ഇടങ്ങൾ ഇതാ
ഏത് സീസണിലും സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്ന ചുരുക്കം ചില ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് ഗോവ. ഈ ചെറിയ സംസ്ഥാനത്ത് ഒട്ടേറെ കാഴ്‌ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. മാത്രമല്ല ഇന്ത്യയിലെ മറ്റൊരു പ്രദേശത്തും ലഭിക്കാത്ത വിധം ഇളവുകളും ആനുകൂല്യങ്ങളും ഒക്കെയായി ഗോവൻ യാത്ര എന്നും വ്യത്യസ്‌തമായ അനുഭവം തന്നെയാണ് സഞ്ചാരികൾക്ക് ഒരുക്കിവെച്ചിട്ടുള്ളത്.
വേനലിന്റെ ചൂടൊക്കെ മാറി മൺസൂൺ എത്തിയ സമയമാണ് ഇപ്പോൾ. ഗോവയിൽ ഈ മഴക്കാലത്തും കാണാൻ ഒട്ടേറെ ഇടങ്ങളുണ്ട്. സ്ഥിരം ബീച്ചുകൾ മാത്രം കണ്ട് മടങ്ങാൻ ആഗ്രഹിക്കാത്തവർക്ക് അതല്ലാതെ മറ്റ് ചില വ്യത്യസ്‌തമായ കാഴ്‌ചകളും കൂടി ഗോവയിൽ മഴക്കാലത്ത് ഒരുക്കിയിട്ടുണ്ട്. അതിൽ വെള്ളച്ചാട്ടങ്ങൾ മുതൽ ഗോവയിലെ ചില ആഘോഷങ്ങൾ വരെയുണ്ട്.

ഗോവ എന്ന കൊച്ചു സംസ്ഥാനത്തിൽ ചെറുതും വലുതുമായ ഒട്ടേറെ ടൂറിസം കേന്ദ്രങ്ങളുണ്ട്. എന്നാൽ ഈ മൺസൂണിലാണ് ഗോവയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതെങ്കിൽ ചില വ്യത്യസ്‌തമായ ഇടങ്ങൾ ഒന്ന് കണ്ട് നോക്കാവുന്നതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ലൊക്കേഷനുകളിൽ ഒന്നാണ് ദൂദ്‌സാഗർ വെള്ളച്ചാട്ടം.
പലപ്പോഴും ഇൻസ്‌റ്റഗ്രാം റീലുകളിലും ചില സിനിമകളും ഒക്കെ നാം കണ്ട അതേ മനോഹരമായ വെള്ളച്ചാട്ടം തന്നെയാണ് ദൂദ്‌സാഗർ. അങ്ങ് ദൂരെ നിന്ന് നോക്കുമ്പോൾ ആകാശത്തിൽ നിന്ന് എവിടെ നിന്നോ ഭൂമിയിലേക്ക് വെള്ളമിറങ്ങി വരുന്നത് പോലെ തോന്നുന്ന, ഒരു ഛായാചിത്രം വരച്ചത് പോലെ അത്ഭുതപ്പെടുത്തുന്ന ഈ കാഴ്‌ച മൺസൂൺ കാലത്ത് ഇതിന്റെ പൂർണതയിൽ തന്നെ ആസ്വദിക്കാൻ നമുക്ക് കഴിയും.
ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന മണ്ഡോവി നദിയിൽ നിന്നാണ് ഈ വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. വെള്ളച്ചാട്ടത്തിലേക്ക് എത്താൻ മഹാവീർ വന്യജീവി സങ്കേതത്തിലൂടെ വേണം യാത്ര ചെയ്യാൻ. എങ്കിലും വെള്ളച്ചാട്ടത്തിന് വളരെ അടുത്തേക്ക് സന്ദർശകരെ കയറ്റി വിടാറില്ല. പക്ഷേ അത് വഴി പോകുന്ന ട്രെയിനുകളിൽ നിന്ന് പോലും മികച്ച വ്യൂ തന്നെ ലഭിക്കുന്ന രീതിയിലാണ് ഈ വെള്ളച്ചാട്ടത്തിന്റെ കിടപ്പ്.
മഴക്കാലത്ത് ഗോവയിലെ ബീച്ചുകളുടെ മുഴുവൻ കാഴ്‌ചകളും ആസ്വദിക്കാൻ ഏറ്റവും അനുയോജ്യം കോട്ടകൾ തന്നെയാണ്. ഗോവയിൽ കൊളോണിയൽ സംസ്‌കാരത്തിന്റെ അവശേഷിപ്പുകൾ പേറുന്ന ഒട്ടനേകം കോട്ടകൾ തന്നെ നമുക്ക് കാണാൻ കഴിയും. അഗ്വാദ കോട്ടയും ചപോറ കോട്ടയും ഒക്കെ അതിൽ ചിലത് മാത്രം.
ഗോവയിലെ കാർണിവൽ എന്ന് വേണമെങ്കിൽ നമുക്ക് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു ആഘോഷത്തിന്റെ സമയം കൂടിയാണ് മൺസൂൺ. സാവോ ജോവോ ഫെസ്‌റ്റിവൽ എന്ന പ്രാദേശിക ഉത്സവം നിങ്ങൾക്ക് പുതിയൊരു അനുഭവം തന്നെ നൽകുന്നതാണ്. ജൂൺ അവസാന വാരത്തിലാണ് പൊതുവെ ഈ ആഘോഷം നടക്കാറുള്ളത്.
ഗോവയിൽ വന്നിട്ട് ബീച്ചുകൾ കാണാതെ പോവുന്നതും ശരിയല്ല. അതുകൊണ്ട് ഈ മൺസൂൺ യാത്രയിൽ കഴിയുമെങ്കിൽ പാലോലം ബീച്ച് പോലെയുള്ളവ എങ്കിലും സന്ദർശിക്കാൻ ശ്രമിക്കുക. സമൃദ്ധമായ വെള്ളമണൽ കൊണ്ട് അനുഗ്രഹീതമാണ് ഈ ബീച്ച്. വൃത്തിയുള്ള ഈ കടൽതീരത്ത് വിശ്രമ കേന്ദ്രങ്ങളും കഫ്റ്റീരിയകളും ഒക്കെയായി അടിപൊളി വൈബ് തന്നെ നിങ്ങൾക്ക് ലഭിക്കും എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട.












Click it and Unblock the Notifications