അഗസ്ത്യാർകൂടത്തിന്റെ അറ്റത്തേക്ക് നടന്ന് കയറാം; ഓഫ് സീസൺ ട്രെക്കിംഗിന് അവസരം, ചിലവ് 40,000 രൂപ..!
തെക്കൻ കേരളത്തിലെ ട്രെക്കിംഗ് പറുദീസ എന്ന് വിളിക്കപ്പെടുന്ന ഇടമാണ് അഗസ്ത്യാർകൂടം. കേരളത്തിലെ തന്നെ ഏറ്റവും ഡിമാൻഡുള്ള ട്രെക്കിംഗ് സ്പോട്ടുകളിൽ ഒന്ന് കൂടിയാണിത്. സഞ്ചാരികൾ ധാരാളമായി എത്താൻ ആഗ്രഹിക്കുന്ന സ്ഥലം ആയിരുന്നിട്ട് കൂടി അതിനുള്ള അവസരം അവിടെ സീസണുകളിൽ ലഭിക്കാറില്ല എന്നതാണ് പ്രത്യേകത. ചുരുക്കം ആളുകൾക്ക് മാത്രമാണ് സീസണിൽ സന്ദർശനാനുമതി ഉള്ളത്.
എന്നാൽ ഇവിടേക്ക് ഓഫ് സീസണിൽ പോവുക എന്നതും സവിശേഷമായ ഒരു അനുഭവം തന്നെയാണ്. അതിനുള്ള അവസരമാണ് സഞ്ചാര പ്രിയർക്ക് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ഇതിലും മികച്ചൊരു ട്രെക്കിംഗ് അനുഭവം ഒരുപക്ഷേ നിങ്ങൾക്ക് കേരളത്തിൽ മറ്റൊരിടത്തും കിട്ടില്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ട് തന്നെ അഗസ്ത്യാർകൂട മലകളുടെ അറ്റത്തേക്ക് നടന്നുനീങ്ങാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത് ഇത്രമാത്രമാണ്.

അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രെക്കിംഗ്
നിലവിൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് അഗസ്ത്യാർകൂടം ഓഫ് സീസൺ ട്രെക്കിംഗ് അവസരം നിങ്ങളെ കാത്തിരിക്കുന്നത്. ഇതിനായി tvmwildlife.com എന്ന വെബ്‌സൈറ്റിൽ കയറി ഓൺലൈനായി ബുക്ക് ചെയ്യണം. കുറഞ്ഞത് അഞ്ച് പേർ അല്ലെങ്കിൽ കൂടിയത് പത്ത് പേർ നിലയ്ക്കാണ് വിവിധ സംഘങ്ങളെ ഇവിടേക്ക് ട്രെക്കിംഗിനായി പ്രവേശിപ്പിക്കുക.
അഞ്ച് പേർ വരെയുള്ള ഒരു സംഘത്തിന് ഏകദേശം 20,000 രൂപയാണ് ചിലവായി ട്രെക്കിംഗിന് ഈടാക്കുക. മൂന്ന് ദിവസത്തോളം നീണ്ടുനിൽക്കുന്നതാണ് ഈ പരിപാടി. ആറു മുതൽ പത്ത് വരെ ആളുകളുള്ള സംഘത്തിന് 40,000 രൂപയാണ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. കേൾക്കുമ്പോൾ ഈ റേറ്റ് അധികമാണെന്ന് തോന്നുമെങ്കിലും അതിന്റെ കാരണം വനംവകുപ്പ് വ്യക്തമാക്കുന്നുണ്ട്.
അതിരുമലയിലാണ് ഇതിനായി ബേസ് ക്യാമ്പ് സജ്ജീകരിക്കുക. ഗ്യാസ്, ജനറേറ്ററുകൾ, മറ്റ് വസ്‌തുക്കൾ എന്നിങ്ങനെ കിലോമീറ്ററുകളോളം തലച്ചുമടായി കൊണ്ട് പോയിട്ട് വേണം അതിരുമലയിലേക്ക് എത്താൻ. ട്രെക്കിംഗിൽ കുട്ടികളെ കൊണ്ട് വരാൻ അനുവാദമില്ല. അഗസ്ത്യാർകൂടത്തിന്റെ മുകളിൽ എത്തിയ ശേഷം രണ്ട് രാത്രികൾ അവിടെ തങ്ങുന്നതാണ് പാക്കേജ്.
ഒരു വശത്തേക്ക് മാത്രം 20 കിലോമീറ്റർ ദൈർഘ്യം വരുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെക്കിംഗ് ആണ് അഗസ്ത്യാർകൂടത്തിലേത്. അതുകൊണ്ട് അതിന്റെതായ ശാരീരിക അധ്വാനങ്ങൾ ഇതിന് ആവശ്യമായി വരും. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങൾ മനസിൽ ഉറപ്പിച്ച ശേഷം യാത്ര പോവുക. ഓരോ സംഘങ്ങൾക്ക് ഒപ്പവും ഗൈഡും കൂട്ടിനുണ്ടാകും.
നെയ്യാർ ഡാമിന് സമീപത്തുനിന്നും ബോണക്കാട് നിന്നും കാണാൻ കഴിയുന്ന അഗസ്ത്യാർകൂടം അതിമനോഹരമാണ് എന്ന് പ്രത്യേകം പാറയേണ്ടതില്ലല്ലോ. സുഹൃത്തുക്കൾക്കൊപ്പം ട്രെക്കിംഗിന്റെ സവിശേഷമായ അനുഭൂതി അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട അവസരം തന്നെയായിരിക്കും ഇത്.












Click it and Unblock the Notifications