അട്ടപ്പാടി വഴി ഊട്ടിയിലേക്കൊരു യാത്ര; ആഹാ അന്തസ്, പോണ പോക്കിൽ അഗളിയും ആനക്കട്ടിയും കറങ്ങാം
അയ്യപ്പനും കോശിയും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് മുൻപ് വരെ മലയാളിക്ക് അട്ടപ്പാടിയോടുള്ള കാഴ്‌ചപ്പാട് മറ്റൊന്നായിരുന്നു. എന്നാൽ ആ സിനിമയ്ക്ക് ശേഷമാണ് നമ്മളിൽ പലരും അട്ടപ്പാടിയുടെ യഥാർത്ഥ ഭംഗി കണ്ടറിയുന്നത്. നിലവിൽ പാലക്കാട് ജില്ലയിലെ തന്നെ ഏറ്റവുമധികം ടൂറിസ്‌റ്റുകൾ എത്തുന്ന ഒരിടമായി അട്ടപ്പാടി മാറി. അട്ടപ്പാടിയിൽ കൂടുതൽ പേരും എത്തുന്നത് ഊട്ടിയിലേക്കുള്ള യാത്രാ മധ്യേയാണ്.
എന്നാൽ അട്ടപ്പാടിയിൽ തന്നെ കാണാനായി ഒരുപാട് ഇടങ്ങളുണ്ട് എന്ന കാര്യം പലർക്കും അറിയില്ല. ഇവിടെ തദ്ദേശീയരായ ഗോത്രവർഗങ്ങളുടെ ജീവിത രീതി അറിയാനും, പശ്ചിമ ഘട്ടത്തിന്റെ മടിത്തട്ടിൽ ഉറങ്ങുന്ന നീലഗിരിയുടെ ഭംഗി ആസ്വദിക്കാനും ഒക്കെയുള്ള അവസരം സഞ്ചാരികൾക്കുണ്ട്. അത് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് കാര്യം. ഇവിടെ അടുത്ത് തന്നെയാണ് അഗളിയും, തമിഴ്‌നാട്ടിലെ ആനക്കട്ടിയും ഒക്കെ.

കേരളത്തിലെ ഒരു പ്രധാന ആദിവാസി മേഖലയാണ് അട്ടപ്പാടി. 735 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . പശ്ചിമഘട്ടത്തിലെ നീലഗിരി കുന്നുകൾക്ക് താഴെയായാണ് ഇതിന്റെ സ്ഥാനം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയുടെ അതിർത്തിയിലാണ് ഇവിടം. 2021ൽ പാലക്കാട് ജില്ലയുടെ ഭാഗമായ മണ്ണാർക്കാട് താലൂക്കിൽ നിന്ന് വിഭജിച്ച മേഖലയാണ് അട്ടപ്പാടി.
അട്ടപ്പാടിയുടെ പടിഞ്ഞാറൻ ഭാഗങ്ങൾ കാടുമൂടിയതും സംരക്ഷിത മേഖലയുമാണ്. ചാലിയാർ താഴ്‌വരയ്‌ക്കൊപ്പം (മലപ്പുറം ജില്ല) അട്ടപ്പാടി താഴ്‌വരയും സ്വർണ്ണത്തിൻ്റെ സമ്പന്നമായ നിക്ഷേപങ്ങൾക്ക് പേരുകേട്ടതാണ്. ഈ പ്രദേശത്തിലൂടെയാണ് ഭവാനി നദി ഒഴുകുന്നത്. അട്ടപ്പാടിയുടെ ഏറ്റവും താഴ്ന്ന ഉയരം 750 മീറ്ററാണ്, ഏറ്റവും ഉയർന്ന കൊടുമുടി 1664 മീറ്റർ ഉയരത്തിലുള്ള മല്ലേശ്വരൻ കൊടുമുടിയാണ്.
ചുറ്റും പച്ചപ്പും പ്രകൃതി രമണീയതയും തുളുമ്പി നിൽക്കുന്ന മനോഹരമായ ഒരു പർവത താഴ്‌വരയാണിത്. നദീതീരവും മലനിരകളും നിങ്ങൾക്ക് ഇവിടെ നിന്നും ആസ്വദിക്കാം. സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ മാസങ്ങൾ ഒന്നുകിൽ ഫെബ്രുവരി മുതൽ മെയ് വരെ അല്ലെങ്കിൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളാണ്.
അട്ടപ്പാടിയിൽ എത്തുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട ഇടം നമുക്കെല്ലാവർക്കും പരിചിതമായ സൈലന്റ് വാലി നാഷണൽ പാർക്കാണ്. ഇവിടെ നിന്ന് വെറും 13 കിലോമീറ്ററോളം ദൂരം മാത്രമാണ് സൈലന്റ് വാലിയിലേക്ക് ഉള്ളത്.
സൈലന്റ് വാലി ദേശീയോദ്യാനം നീലഗിരി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഒരു സംരക്ഷിത വനമേഖലയാണ്. 34.56 ചതുരശ്ര മൈൽ വിസ്‌തൃതിയുള്ള ഇതിന് ചുറ്റും 57 ചതുരശ്ര മൈൽ വിസ്‌തൃതിയുള്ള ഒരു ബഫർ സോൺ കൂടിയുണ്ട്. അപൂർവയിനം സസ്യജന്തുജാലങ്ങളുടെ സ്വാഭാവിക ആവാസകേന്ദ്രമാണിത്. ഒപ്പം വംശനാശം സംഭവിക്കാൻ ഇടയുള്ളവയുടെ പട്ടികയിലുള്ള സിംഹവാലൻ കുരങ്ങുകളുടെ താമസവും ഇവിടെ തന്നെയാണ്.












Click it and Unblock the Notifications