പാലക്കാടിന്റെ സ്വന്തം ധോണിയിലേക്ക് ഒരു യാത്ര; ട്രെക്കിംഗ് അനുഭവം ആസ്വദിക്കാം, വല്ലാത്ത വൈബാണത്
കേരളത്തിലെ വെള്ളച്ചാട്ടങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്. രാജ്യം മുഴുവൻ പേരെടുത്ത അതിരപ്പിള്ളി-വാഴച്ചാൽ മുതൽ പ്രശസ്‌തമായ അനേകം വെള്ളച്ചാട്ടങ്ങൾ കേരളത്തിന്റെ ടൂറിസം ഭൂപടത്തെ മനോഹരമാക്കുന്നുണ്ട്. എന്നാൽ അക്കൂട്ടത്തിൽ അധികമാരും ശ്രദ്ധിക്കാത്ത, ഭംഗിയിലും എടുപ്പിലും മറ്റൊന്നിനും പുറകിലുമല്ലാത്ത പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ ഒളിച്ചിരിക്കുന്ന ഒരു വെള്ളച്ചാട്ടമാണ് ധോണി.
പാലക്കാട് ജില്ലയിലെ സംരക്ഷിത വനമേഖലയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അടിവാരത്ത് നിന്നും 3 കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഇവിടെ വെള്ളച്ചാട്ടത്തിനടുത്തായി ഉപേക്ഷിക്കപ്പെട്ട ഒരു ബംഗ്ലാവുണ്ട്. ഈ പ്രദേശത്തുള്ള ഓറഞ്ച്, ഏലം കൃഷികളുടെ മേൽനോട്ടത്തിനായി 1850കളിൽ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ കെട്ടിടമാണിത്.

ധോണി ട്രെക്കിംഗിന് ഏറ്റവും അനുയോജ്യമായ ഒരിടമായാണ് കണക്കാക്കപ്പെടുന്നത്, ധോണിയിൽ നിന്ന് മലമ്പുഴ, മീൻവള്ളം വെള്ളച്ചാട്ടങ്ങളിലേക്ക് പശ്ചിമഘട്ടത്തിലെ നിബിഡ വനങ്ങളിലൂടെ ഇറങ്ങി നടക്കാം. എന്നാൽ ഇതിന് ജില്ലാ ഫോറസ്‌റ്റ് ഓഫീസറുടെ മുൻകൂർ അനുമതി ആവശ്യമാണ്. പരിചയസമ്പന്നനായ ഒരു ഗൈഡിന്റെ നേതൃത്വത്തിലായിരിക്കും ട്രെക്കിംഗ് ടീമിനെ നയിക്കുക.
ധോണി കുന്നുകളുടെ അടിത്തട്ടിൽ നിന്ന് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള യാത്ര നിങ്ങളെ പ്രകൃതിയുടെ അതിമനോഹരമായ സൗന്ദര്യത്തിലേക്ക് ആനയിക്കും. തേക്ക് തോട്ടങ്ങൾക്കടുത്തുള്ള കുന്നുകളുടെ താഴ്വരയിൽ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. വെള്ളച്ചാട്ടത്തിലേക്ക് കയറുന്ന ഫോർ വീൽ ഡ്രൈവുകൾക്കും ബൈക്കുകൾക്കമായി ഒരു ഇടുങ്ങിയ റോഡുണ്ട്. എന്നാൽ ഈ റോഡുകളിലൂടെ സ്വകാര്യ വാഹനങ്ങൾ കടന്നുപോകുന്നത് നിരോധിച്ചിരിക്കുന്നു.
പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളിലൂടെയുള്ള ഈ 4 കിലോമീറ്റർ ദൈർഘ്യമുള്ള ട്രെക്കിംഗ് പാത പ്രകൃതിയെ അതിന്റെ ഏറ്റവും ശാന്തമായ രൂപത്തിൽ കാണാനുള്ള അവസരമാണ് സഞ്ചാരികൾക്കായി ഒരുക്കുന്നത്. അതിരാവിലെ ട്രെക്കിംഗ് ആരംഭിക്കുന്നതാവും ഏറ്റവും നല്ലത്. കാരണം അങ്ങനെയെങ്കിൽ കൂടുതൽ സമയം വെള്ളച്ചാട്ടത്തിന് അടുത്ത് ചെലവഴിക്കാൻ അവസരം ലഭിക്കും.
മഴക്കാലത്ത് വെള്ളച്ചാട്ടങ്ങൾ നിറഞ്ഞു കവിഞ്ഞൊഴുകുകയും മനോഹരമായ ചെറിയ അരുവികളായി മാറി ഒഴുകുകയും ചെയ്യുന്നു. അതിനാൽ വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മൺസൂൺ കാലമാണ് (ജൂൺ - ഒക്ടോബർ). എങ്കിലും ഇവിടേക്ക് അല്ലാത്തപ്പോഴും ട്രെക്കിംഗിനായി ധാരാളം പേർ എത്തുന്നുണ്ട്. പ്രകൃതി ഒരുക്കിയ മനോഹര കാഴ്‌ചകൾ തന്നെയാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്.












Click it and Unblock the Notifications