എടയ്ക്കൽ ഗുഹകൾ കണ്ടിട്ടില്ലേ? ഇല്ലെങ്കിൽ പോര്, പ്രകൃതിയുടെ ഈ നിർമ്മിതി നിങ്ങളെ അമ്പരപ്പിക്കുമെന്ന് ഉറപ്പ്
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാളികളുടെ ഹോട്ട് ട്രാവൽ ലൊക്കേഷനുകളിൽ ഒന്നായി വയനാട് മാറിയിട്ട്. എങ്കിലും ഇന്നും അവർ വയനാടിന്റെ എല്ലാ ഭാഗവും ഒരുപോലെ അറിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. പൊതുവെ ട്രാവൽ ഏജൻസികളും, മറ്റ് പാക്കേജുകളുമായി എത്തുന്നവർ ചുരുക്കം ചില പ്രമുഖ ഇടങ്ങൾ സഞ്ചാരികളെ കാണിച്ച് സ്ഥലം വിടാറാണ് പതിവ്.
അത്തരത്തിൽ കൂടുതൽ സഞ്ചാരികളും വയനാട്ടിൽ എത്തിയിട്ടും കാണാതെ പോവുന്ന പ്രധാനപ്പെട്ട ഇടങ്ങളിൽ ഒന്നാണ് എടയ്ക്കൽ ഗുഹകൾ. എല്ലാവരും പറഞ്ഞു കേട്ടതും എന്നാൽ അത്രത്തോളം നമ്മുടെ ആഭ്യന്തര ടൂറിസ്‌റ്റുകൾക്ക് പരിചിതമല്ലാത്തതുമായ ഒരിടമാണ് എടക്കൽ ഗുഹ എന്ന് വേണമെങ്കിൽ പറയാം. കാരണം ഇവിടേക്ക് ധാരാളം വിദേശികളാണ് സന്ദർശനത്തിനായി എത്തുന്നത്.

വെറും ഒരു ഗുഹയല്ലേ അവിടെ കാണാൻ എന്തിരിക്കുന്നു എന്ന ചിന്തയാണ് പലരെയും എടക്കൽ ഭാഗത്ത് നിന്ന് അകറ്റുന്നത്. എന്നാൽ നിങ്ങൾ മനുഷ്യരുടെ പരിണാമത്തിന്റെ ഏത് ഘട്ടത്തിലാണ് എത്തി നിൽക്കുന്നതെന്ന ചോദ്യം സ്വയം ചോദിക്കുകയാണെങ്കിൽ, അതിന്റെ ചരിത്രം പേറുന്ന ഈ പ്രകൃതി ഒരുക്കിയ വിസ്‌മയം കാണാതെ പോവരുത്.
എടയ്ക്കൽ ഗുഹയിലേക്കുള്ള യാത്ര ഒരിക്കലും ഒരു ഉല്ലാസ യാത്ര ആയിരിക്കില്ല എന്നുറപ്പാണ്. എന്നാൽ ഒരുപാട് പഠിക്കാനും അറിയാനും നമുക്കിവിടെ എത്തിയാൽ കഴിയും. സുൽത്താൻ ബത്തേരിയിൽ നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എടക്കൽ ഗുഹകൾ നമ്മുടെ പൂർവികരുടെ ജീവിതത്തെയും രീതികളെയും കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ചരിത്രകാരന്മാർക്ക് നൽകിയിട്ടുണ്ട്.
ഒരു കൂറ്റൻ പാറയിൽ വലിയൊരു പിളർപ്പ് ഉണ്ടായി എന്ന് വിശ്വസിക്കപ്പെടുന്ന പ്രകൃതിദത്തമായ രണ്ട് പാറക്കൂട്ടങ്ങളാണ് ഗുഹകളായി മാറിയിരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 1200 അടി മുകളിലായാണ് എടയ്ക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഗുഹക്കുള്ളിൽ വരച്ചിരിക്കുന്ന ചിത്രങ്ങൾ, കൊത്തുപണികൾ, പ്രദേശത്തെ പുരാതന മനുഷ്യവാസികളുടെ സാന്നിധ്യം എന്നിവയെ സൂചിപ്പിക്കുന്നു.
8000 വർഷത്തോളം ഈ ഗുഹകളിലെ ചുമർ ചിത്രങ്ങൾക്ക് പ്രായമുണ്ട്. കല്ലിൽ കൊത്തിയാണ് ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് ഈ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഒരു കിലോമീറ്ററോളം ട്രെക്കിങ് നടത്തി വേണം ഇവിടേക്ക് എത്തുവാൻ. അതിനാൽ തന്നെ അത്തരം ആയാസകരമായ യാത്രകൾ ആസ്വദിക്കുന്നവർക്ക് മാത്രമേ ഇവിടെ എത്തിയാൽ മലകയറ്റം സാധ്യമാവുകയുള്ളൂ.












Click it and Unblock the Notifications